പ്രതീകാത്മക ചിത്രം/PTI
ലഖ്നൗ: ബിയര്‍ കുപ്പിയില്‍നിന്ന് കൊലക്കേസ് തെളിയിച്ച് ഉത്തര്‍പ്രദേശ് പോലീസ്. മീററ്റിലെ പരിക്ഷിത്ഘട്ടില് 48-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തില്‍ ഉപേക്ഷിച്ച കേസിലാണ് ഉത്തര്‍പ്രദേശ് പോലീസ് 19-കാരനായ പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാമ്പഴത്തോട്ടത്തില്‍ ഇഖ്ലാസ് സൈഫി എന്നയാളെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയില്‍ വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം.
ഇഖ്ലാസിന്റെ ബിസിനസ് പങ്കാളിയായ സാദിഖ് അഹമ്മദിനെയാണ് ഇഖ്ലാസിന്റെ കുടുംബം ആദ്യം സംശയിച്ചിരുന്നത്. മകന് പോലീസില്‍ നല്കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ സാദിഖിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊലപാതകവുമായി ഇയാള്‍ക്ക് പങ്കില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ മീററ്റ് എസ്.എസ്.പി.യുടെ മേല്‍നോട്ടത്തില്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം വ്യാപിപ്പിച്ചു.
പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നുള്ള 150-ഓളം സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. എന്നാല്‍ ഈ ദൃശ്യങ്ങളില്‍നിന്ന് യാതൊരു സൂചനയും ലഭിച്ചില്ല. ഇതിനിടെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബിയര്‍ കുപ്പി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയത്. ഒടുവില്‍ ബിയര്‍ കുപ്പിയുടെ ഉറവിടം തേടി പോയ പോലീസ് പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ബിയര്‍ കുപ്പിയിലുണ്ടായിരുന്ന ബാര്കോഡാണ് കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായ വിവരങ്ങള്‍ നല്‍കിയത്. ഈ ബാര്‍കോഡ് ഉപയോഗിച്ച് ഏത് മദ്യവില്‍പ്പന ശാലയില്‍നിന്നാണ് ബിയര്‍ വിറ്റതെന്ന് പോലീസ് കണ്ടെത്തി. തുടര്‍ന്ന് മദ്യശാലയിലെ ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഈ ദൃശ്യങ്ങളില്‍ കൊല്ലപ്പെട്ട ഇഖ്ലാസ് സൈഫിയെ കണ്ടെത്തിയതോടെ കേസില്‍ വഴിത്തിരിവുണ്ടാവുകയായിരുന്നു.
ഒരു യുവാവിനൊപ്പം ഇഖ്ലാസ് സൈഫി മദ്യശാലയിലെത്തി ബിയര്‍ വാങ്ങുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇതോടെ ഈ യുവാവിനെ കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. ബെഹ്ലോപുര് സ്വദേശിയായ പ്രിയാന്‍ഷു സിങ്ങാണ് ദൃശ്യങ്ങളിലുള്ളതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലില്‍ കൊല്ലപ്പെട്ട ഇഖ്ലാസും താനും അടുപ്പത്തിലായിരുന്നുവെന്ന് പ്രിയാന്‍ഷു സിങ് വെളിപ്പെടുത്തി. ഇഖ്ലാസ് സൈഫി നേരത്തെ പലതവണ യുവാവിന് പണം നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ യുവാവ് ആവശ്യപ്പെട്ടിട്ടും സാമ്പത്തികസഹായം നല്കാന് ഇഖ്ലാസ് തയ്യാറായില്ല. എന്നാല്‍ ഇരുവരും തമ്മിലുള്ള അടുപ്പം തുടരുകയും ചെയ്തു. പക്ഷേ, പണം നല്‍കാത്തതില്‍ 19-കാരന് ഇഖ്ലാസിനോട് പകയുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ഇരുവരും തമ്മില്‍ നേരില്‍ക്കണ്ടു. ഇതിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും കൈയിലുണ്ടായിരുന്ന നാടന്‍തോക്ക് ഉപയോഗിച്ച് പ്രതി ഇഖ്ലാസിന് നേരേ വെടിയുതിര്‍ത്തെന്നുമാണ് പോലീസ് പറയുന്നത്. കുറ്റംസമ്മതിച്ച പ്രതിയെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..