അറസ്റ്റിലായ വിനോദ്, സുധീരൻ, വിഷ്ണു
കായംകുളം: വീടിനു മുന്നിലെ റോഡരികില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസില്‍ പ്രദേശവാസികളായ മൂന്നുപേരെ അറസ്റ്റുചെയ്തു. പെരിങ്ങാല പരിപ്ര ജങ്ഷനു കിഴക്ക് കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറി(45) നെയാണു ശനിയാഴ്ച രാത്രി 9.15-ന് വീടിനുസമീപം മരിച്ചനിലയില്‍ കണ്ടത്.
പെരിങ്ങാല ഈരേഴ തെക്ക് കോട്ടൂര്‍ കിഴക്കതില്‍ വിഷ്ണു(29), പെരിങ്ങാല ഇലഞ്ഞിക്കല്‍ വീട്ടില്‍ സുധീരന്(48), പെരിങ്ങാല കോളഭാഗത്തുവീട്ടില് വിനോദ്കുമാര്‍(42) എന്നിവരാണ് അറസ്റ്റിലായത്. വീടിനുസമീപം മദ്യപിക്കുന്നതു ചോദ്യംചെയ്തതിനാണ് പ്രതികള്‍ കൃഷ്ണകുമാറിനെ പട്ടികക്കഷണത്തിന് അടിച്ചും ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രതികളെ ആറാട്ടുപുഴ, കാപ്പില്‍ കിഴക്ക് എന്നിവിടങ്ങളില്‍നിന്നാണു പിടികൂടിയത്.
കൃഷ്ണകുമാറും ഭാര്യയും രണ്ടുമക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്ത് മറ്റൊരുവീട്ടിലാണ് അമ്മയും അച്ഛനും. ജോലികഴിഞ്ഞ് കൃഷ്ണകുമാര്‍ വരുന്നവഴി വീടിനുസമീപം പ്രതികള്‍ മദ്യപിക്കുന്നതു കണ്ടു. ഇതു ചോദ്യംചെയ്തതിനെത്തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായി. മര്‍ദനമേറ്റു ബോധരഹിതനായി കൃഷ്ണകുമാര്‍ റോഡരികില്‍ വീണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രണ്ടുജോടി ചെരിപ്പുകളും ഒരു പട്ടികക്കഷണവും തോര്‍ത്തും പോലീസ് കണ്ടെടുത്തിരുന്നു.
കൃഷ്ണകുമാറിന്റെ സംസ്കാരം തിങ്കളാഴ്ച നടന്നു. പ്രതികളെ തിങ്കളാഴ്ച സ്ഥലത്തെത്തിച്ചു തെളിവെടുത്തു. ജില്ലാപോലീസ് മേധാവി ജെ. ജയദേവ് സ്ഥലം സന്ദര്‍ശിച്ചു.
കായംകുളം ഡിവൈ.എസ്.പി. അലക്സ്ബേബി, കനകക്കുന്ന് എസ്.എച്ച്.ഒ. ജയ്കുമാര്, ഉദയകുമാര്‍, ശ്രീകുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്, അനീഷ്, മണിക്കുട്ടന്, ഇയാസ്, രാജേന്ദ്രന്, റെജി എന്നിവരാണു പ്രതികളെ അറസ്റ്റുചെയ്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..