ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പട്ടാപ്പകല്‍ യുവാവിനെ മര്‍ദിച്ച് കൊന്നു. ഡല്‍ഹിയിലെ ആദര്‍ശ് നഗറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. പ്രദേശത്തെ ഗുണ്ടയായ നരേന്ദ്ര എന്ന ബണ്ടി(28)യാണ് കൊല്ലപ്പെട്ടത്. ഗുണ്ടകളായ രാഹുല്‍ കാളി, രോഹിത് കാളി എന്നിവരാണ് ബണ്ടിയെ കൊലപ്പെടുത്തിയത്. ഇരുവരും സഹോദരങ്ങളാണെന്നും കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ലഹരിമരുന്ന് വാങ്ങാനായി രാഹുലിനോട് ബണ്ടി പണം ചോദിച്ചതാണ് ആക്രമണത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് പോലീസിന്റെ വിശദീകരണം.
തെരുവിലൂടെ നടന്നുവരികയായിരുന്ന ബണ്ടിയെ രാഹുലും രോഹിതും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചാണ് കൊലപ്പെടുത്തിയത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്തുംവരെ ഇരുവരും ചേര്‍ന്ന് ബണ്ടിയെ മര്‍ദിക്കുന്നതും ബ്ലേഡ് കൊണ്ട് കഴുത്തറുക്കുന്നതും സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. മര്‍ദിച്ച് നിലത്തിട്ട ശേഷം തുടര്‍ച്ചയായി തലയില്‍ കല്ലെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവസമയം നാട്ടുകാരും സമീപത്തുണ്ടായിരുന്നു.
ബണ്ടി മരിച്ചെന്ന് കരുതിയാണ് സഹോദരങ്ങളാണ് രണ്ടുപേരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. പിന്നീട് വിവരമറിഞ്ഞെത്തിയ പോലീസ് മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രാഹുലിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ രോഹിത്തിനായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: man killed in delhi adarsh nagar by two brothers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..