Photo: twitter.com/bijnorpolice
ബിജ്നോര്‍: കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ അഥ്വരിവാല സ്വദേശി പ്രവീണി(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബര്‍ഹാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വിവാഹത്തിന് നിര്‍ബന്ധിച്ചതിനാലാണ് ഇയാള്‍ കാമുകിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം മറവ് ചെയ്യാന്‍ ഒരു സുഹൃത്തും ഇയാളെ സഹായിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ജൂണ്‍ നാലാം തീയതിയാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 19-കാരിയെ കാണാതായത്. എന്നാല്‍ ജൂണ്‍ 16-ാം തീയതിയാണ് മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതെന്നാണ് പോലീസിന്റെ വിശദീകരണം. കോളേജിലേക്ക് പോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നായിരുന്നു ഇവരുടെ പരാതി. മകളുടെ കാമുകനായ പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. മകളും പ്രവീണും തമ്മില്‍ പ്രണയത്തിലാണെന്ന് ഗ്രാമത്തില്‍ അഭ്യൂഹമുണ്ടെന്നും ഇയാള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ഇവര്‍ മൊഴി നല്കി. തുടര്‍ന്നാണ് പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.
പോലീസിന്റെ ചോദ്യംചെയ്യലില്‍ 19-കാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രവീണ്‍ സമ്മതിച്ചു. താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. നാലാം തീയതി കാമുകിയെ തന്റെ ബൈക്കില്‍ കയറ്റി ഒരു ഹോട്ടലില്‍ എത്തിച്ചു. എന്നാല്‍ ഇവിടെവെച്ച് പെണ്‍കുട്ടി വിവാഹത്തിന് നിര്‍ബന്ധിച്ചു. എത്രയുംവേഗം തങ്ങളുടെ വിവാഹം നടത്തണമെന്നായിരുന്നു കാമുകിയുടെ ആവശ്യം. ഇതോടെ കാമുകിയുമായി വഴക്കുണ്ടായെന്നും ഇതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതിയുടെ മൊഴി. കാമുകി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹവുമായി യുവാവ് സ്വന്തം ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഒരു ഓവുചാലിന് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു.
യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിച്ചിട്ട മൃതദേഹം പോലീസ് കണ്ടെടുത്തു. പ്രവീണിനെ സഹായിച്ച സുഹൃത്ത് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും ബിജ്നോര്‍ എസ്.പി. ധരംവീര്‍ സിങ് പറഞ്ഞു. പ്രതിയും കാമുകിയും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരും വ്യത്യസ്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..