മരിച്ച തങ്കരാജ്, പ്രതി സജീവ്
മാന്നാര്‍: എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂര്‍ കോളനിയില്‍ മകന്റെ കുത്തേറ്റ് അച്ഛന് മരിച്ചു. ബുധനൂര്‍ ഏഴാം വാര്‍ഡില്‍ ശ്യാമളാലയത്തില്‍ സൈക്കിള്‍ റിപ്പയറിങ് തൊഴിലാളി തങ്കരാജ് (65)ആണ് മരിച്ചത്. മകന് സജീവി (36)നെ പോലീസ് അറസ്റ്റുചെയ്തു.
ഞായറാഴ്ച രാത്രി എട്ടുമണികഴിഞ്ഞു മദ്യപിച്ചെത്തിയ സജീവും അച്ഛനുമായി വഴക്കുണ്ടായി. ഇതിനിടെ, കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ചു തങ്കരാജിന്റെ നെഞ്ചില്‍ സജീവ് കുത്തുകയും തള്ളിയിടുകയും ചെയ്തു.
ഇരുവരും വൈകീട്ട് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുള്ളതിനാല്‍ സംഭവം അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നില്ല. ഒന്‍പതരയോടെ അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തങ്കരാജ് കുത്തേറ്റു കിടക്കുകയായിരുന്നു.
വാര്‍ഡ് മെമ്പര്‍ സുരേഷ് വിവരമറിയിച്ചതനുസരിച്ചു മാന്നാര്‍ പോലീസ് സ്ഥലത്തെത്തി. തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സജീവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൃദയത്തിനേറ്റ കുത്താണു മരണകാരണമെന്ന് പോലീസ് പറഞ്ഞു. സജീവ് വീട്ടില്‍ത്തന്നെ മൊബൈല്‍ റിപ്പയറിങ് ജോലി ചെയ്തുവരുകയാണ്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വണ്ടാനം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാലരയോടെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. വീടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്കരിച്ചു.ശ്യാമളയാണു തങ്കരാജിന്റെ ഭാര്യ. മകള്‍: സരിത. മരുമകന്: ശെല്‍വരാജ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..