കൊല്ലപ്പെട്ട കുടുംബം(ഇടത്ത്) അറസ്റ്റിലായ പ്രതി(വലത്ത്) Photo Courtesy: Twitter.com/bbsrreporters & Twitter.com/otvnews
ഭുവനേശ്വര്‍: വസ്തുതര്‍ക്കത്തെ തുടര്‍ന്ന് 42-കാരന് ജ്യേഷ്ഠനെയും കുടുംബത്തെയും വെട്ടിക്കൊന്നു. ഒഡീഷയിലെ കട്ടക്ക് ജില്ലയിലെ കുസ്പുര് ഗ്രാമത്തിലെ ശിബപ്രസാദ് സാഹുവാണ് ജ്യേഷ്ഠന് ആലേഖചന്ദ്ര സാഹു(46), ഇയാളുടെ ഭാര്യ രശ്മി രേഖ(41), മക്കളായ സ്മൃതി സന്ധ്യ(19), സ്മൃതി സാഹില്‍(18), സ്മൃതി ഗൗരവ്(16) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം വീഡിയോ സന്ദേശത്തിലൂടെ കുറ്റസമ്മതം നടത്തിയ പ്രതി, മണിക്കൂറുകള്‍ക്കുള്ളില്‍ അയല്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ശിബപ്രസാദ് സാഹു ജ്യേഷ്ഠനെയും കുടുംബത്തെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധവുമായി ജ്യേഷ്ഠന്റെ വീട്ടിലെത്തിയ പ്രതി, ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം ഇവരെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ സംശയം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഒരുമുറിയിലാണ് കണ്ടെത്തിയത്. ആലേഖചന്ദ്ര സാഹുവിന്റെയും രശ്മിയുടെയും മൃതദേഹങ്ങള്‍ പല കഷണങ്ങളായി വെട്ടിനുറുക്കിയ നിലയിലായിരുന്നു. വീട്ടില്‍നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
പലചരക്ക് കച്ചവടക്കാരനായ ജ്യേഷ്ഠനും ലോറി ഡ്രൈവറായ പ്രതിയും ഒരേ ഗ്രാമത്തില്‍ രണ്ട് വീടുകളിലായാണ് താമസം. ഇരുവര്‍ക്കുമിടയില്‍ കാലങ്ങളായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലത്തെച്ചൊല്ലിയാണ് ഇരുവര്‍ക്കുമിടയില്‍ അവകാശതര്ക്കമുണ്ടായിരുന്നത്. ഭൂമി സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നെങ്കിലും ശിബപ്രസാദ് ഇടയ്ക്കിടെ ജ്യേഷ്ഠന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടായിരുന്നു. തിങ്കളാഴ്ച രാത്രിയും പ്രതി ജ്യേഷ്ഠന്റെ വീട്ടിലെത്തി. തുടര്‍ന്ന് വീട്ടിലുള്ളവര്‍ക്ക് ഇവരറിയാതെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയെന്നാണ് പോലീസിന്റെ നിഗമനം. ഭക്ഷണം കഴിച്ച ശേഷം എല്ലാവരും ഉറങ്ങിപ്പോയതോട ഓരോരുത്തരെയും പ്രതി വെട്ടിക്കൊല്ലുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് കടന്നുകളഞ്ഞ ശിബപ്രസാദ് കുറ്റം സമ്മതിച്ച് ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. 'എന്റെ മൂത്തസഹോദരനും കുടുംബവും ദീര്‍ഘകാലമായി എന്നെ ദ്രോഹിക്കുകയാണ്. ഞങ്ങളുടെ ഭൂമി തര്‍ക്കത്തില്‍ അയാള്‍ എന്നെ ആക്രമിച്ചു. ഇത് എന്നെ വിഷമിപ്പിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. എന്റെ സഹോദരനെയും അയാളുടെ കുടുംബത്തെയും ഞാന്‍ തുടച്ചുനീക്കി. നിയമത്തിന്റെ എന്ത് നടപടിയും നേരിടാന്‍ ഞാന്‍ തയ്യാറാണ്', എന്നാണ് വീഡിയോ സന്ദേശത്തില്‍ പ്രതി പറഞ്ഞിരുന്നത്. ഈ വീഡിയോ പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി അയല്‍ജില്ലയായ ജജ്പുരിലെത്തി പോലീസില്‍ കീഴടങ്ങുകയായിരുന്നു.
Content Highlights: man killed elder brother and his family in odisha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..