അറസ്റ്റിലായ പ്രതികളുമായി പോലീസ് സംഘം | Photo: twitter.com/meerutpolice
മീററ്റ്: യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും സഹോദരപുത്രനും പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് ദഹാര്‍ സ്വദേശിയായ സന്ദീപി(32)നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ പ്രീതി(28) ബന്ധുവായ ജോണി(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതിയും ജോണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇവരുടെ രഹസ്യബന്ധത്തെ സന്ദീപ് എതിര്‍ത്തതോടെയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ സന്ദീപിനെ കാണാതായതോടെ ബന്ധുക്കളിലൊരാള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ആദ്യഘട്ടത്തില്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ, സന്ദീപിന്റെ ഭാര്യയുടെ പെരുമാറ്റത്തില്‍ അന്വേഷണസംഘത്തിന് സംശയം തോന്നി. ശനിയാഴ്ച ഇവരെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
താനും ജോണിയും കൂടി വ്യാഴാഴ്ച സരൂര്‍പൂരിലെ വനമേഖലയില്‍വെച്ച് സന്ദീപിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രീതിയുടെ കുറ്റസമ്മതം. ഭര്‍ത്താവിന്റെ ബന്ധുവായ ജോണിയും താനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും രഹസ്യബന്ധത്തെ എതിര്‍ത്തതോടെയാണ് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും പ്രീതി പോലീസിനോട് പറഞ്ഞിരുന്നു.
യുവതിയുടെ മൊഴിയനുസരിച്ച് പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ രണ്ട് പ്രതികളെയും കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി അറസ്റ്റ് ചെയ്തതായും കേസില്‍ അന്വേഷണം തുടരുകയാണെന്നും റൂറല്‍ എസ്.പി. അനിരുദ്ധ് സിങ് പറഞ്ഞു.
Content Highlights: man killed by wife and his nephew in meerut uttarpradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..