
Image for Representation
റാഞ്ചി: മൂന്നാമതും വിവാഹം കഴിച്ച യുവാവിനെ മുന്‍ വിവാഹത്തിലെ ഭാര്യയുടെ ബന്ധുക്കള്‍ കൊന്ന് കിണറ്റില്‍ തള്ളി. ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയിലെ ലാഡു ഹയ്ബുരു(35)വിനെയാണ് ഭാര്യാസഹോദരനും മറ്റുള്ളവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ദുമാരിയ പോലീസ് സ്റ്റേഷന് പരിധിയിലെ കിണറ്റില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
മാര്‍ച്ച് 16 മുതലാണ് ലാഡുവിനെ ഗ്രാമത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. എന്നാല്‍ യുവാവിനെ കാണാതായതില്‍ കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെ യുവാവിനെ കാണാനില്ലെന്ന വിവരം പോലീസുകാര്‍ പലരില്‍നിന്നായി കേട്ടറിഞ്ഞു. ഇതോടെയാണ് പോലീസ് സംഘം അന്വേഷണം ആരംഭിച്ചത്.
കാണാതാകുന്നതിന് മുമ്പ് ലാഡുവും മുന്‍ വിവാഹത്തിലെ ഭാര്യാസഹോദരനും തമ്മില്‍ അടിപിടിയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തി. ലാഡു മൂന്നാമതും വിവാഹം കഴിച്ചതിനെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ഇതിനുപിന്നാലെ യുവാവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പോലീസ് സംഘം ഭാര്യാസഹോദരനെയും മറ്റ് മൂന്ന് ബന്ധുക്കളെയും കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഇവരുടെ മൊഴിയനുസരിച്ച് നക്സല്‍ ബാധിത മേഖലയായ ദുമാരിയയിലെ ഒരു കിണറ്റില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
ലാഡുവിന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. എന്നാല്‍ യുവാവ് കൊല്ലപ്പെട്ടെന്ന് വ്യക്തമായിട്ടും പരാതി നല്‍കാനോ പോലീസുമായി സഹകരിക്കാനോ കുടുംബം തയ്യാറായിരുന്നില്ല. ഒടുവില്‍ യുവാവിന്റെ അമ്മയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയ പോലീസ് സംഘം, ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ ഭാര്യ സഹോദരനടക്കം നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരില്‍ രണ്ട് പ്രതികള്‍ പ്രായപൂര്ത്തികാത്തവരാണെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..