.jpg?$p=9b9581e&f=16x10&w=856&q=0.8)
പ്രതി ഷൈൻ തങ്കച്ചൻ, മരിച്ച അനിൽകുമാർ
കൊട്ടാരക്കര: അന്തമണില്‍ ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ ചോരവാര്‍ന്നു മരിച്ച സംഭവം കൊലപാതകമെന്നു കണ്ടെത്തി. കളപ്പില അമൃതാലയത്തില്‍ അനില്‍കുമാറി(41)നെ കൊലപ്പെടുത്തിയെന്ന കേസില്‍ പുത്തുര്‍മുക്ക് ഷിബുഭവനില്‍ ഷൈന്‍ തങ്കച്ചനെ (ഷിബു-41) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മൂന്നിനാണ് അനില്‍കുമാറിനെ വീട്ടിനുള്ളില്‍ തലയ്ക്കുമുറിവേറ്റ് മരിച്ചനിലയില്‍ അടുക്കളയില്‍ കണ്ടത്.
സുഹൃത്തുക്കളായ അനില്‍കുമാറും ഷൈന്‍ തങ്കച്ചനും സംഭവദിവസം വീടിനുസമീപം മദ്യപിക്കുകയും പണം മോഷ്ടിച്ചതിനെച്ചൊല്ലി ഇരുവരും തര്‍ക്കത്തിലാകുകയും ചെയ്തു. അടുത്തിടെ അനില്‍കുമാറിന് വസ്തുവിറ്റു ലഭിച്ച പണത്തില്‍ ഒരുഭാഗം ഷൈന്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. വീട്ടിലേക്ക് മടങ്ങിയ അനില്‍കുമാറിനെ പിന്നാലെയെത്തിയ ഷൈന്‍ പട്ടികക്കഷണംകൊണ്ട് തലയ്ക്കടിച്ചു.
പരിക്കേറ്റ അനില്‍കുമാര്‍ മദ്യലഹരിയില്‍ മുറിവിന്റെ ആഴമറിയാതെ വീട്ടിലേക്ക് പോകുകയും അടുക്കളയില്‍ ബാധരഹിതനായി വീണ് ചോരവാര്‍ന്ന് മരിക്കുകയുമായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍. ഭാര്യ വിദേശത്തായതിനാല്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. കോടതിയില്‍ ഹാജരാക്കിയ ഷൈന്‍ തങ്കച്ചനെ റിമാന്‍ഡ് ചെയ്തു.
മദ്യപാനം, മോഷണം, കൊലപാതകം
ഒറ്റയ്ക്കുതാമസിച്ചിരുന്ന അനില്‍കുമാറിന്റെ പ്രധാനവിനോദം സുഹൃത്തുക്കളുമൊത്തുള്ള മദ്യപാനമായിരുന്നു. ഇരുപതോളം സുഹൃത്തുക്കളെയാണ് അനില്‍കുമാറിന്റെ മരണത്തെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. ഭൂരിഭാഗവും മദ്യപസംഘത്തിലെ അംഗങ്ങള്‍.
സംഭവദിവസം രാവിലെമുതല്‍ പല സംഘങ്ങളുമൊത്തായിരുന്നു അനില്‍കുമാറിന്റെ മദ്യപാനം. അയല്‍വീടായിരുന്നു കേന്ദ്രം. മദ്യപാനത്തിന്റെ അവസാന റൗണ്ടിലാണ് ഷൈന്‍ തങ്കച്ചന്‍ പങ്കാളിയായത്. വസ്തുവിറ്റവകയില്‍ അനില്‍കുമാറിന്റെ പക്കലുണ്ടായിരുന്ന പണത്തില്‍നിന്ന് ഒരുലക്ഷം രൂപ ഷൈന്‍ ദിവസങ്ങള്‍ക്കുമുമ്പ് കവരുകയുണ്ടായി. ഇതു തിരിച്ചറിഞ്ഞ അനില്‍കുമാര്‍ പലരോടും ഇതിനെക്കുറിച്ചു പറഞ്ഞിരുന്നു. സംഭവദിവസം മദ്യപിച്ച ഇരുവരും പണത്തെച്ചൊല്ലി തര്‍ക്കിച്ചു. ഈ വിരോധത്തിലാണ് വീട്ടിലേക്ക് മടങ്ങിയ അനില്‍കുമാറിനെ പിന്നാലെയെത്തി ഷൈന്‍ ആക്രമിച്ചത്.
വീടിനുസമീപവും അകത്തുമെല്ലാം രക്തം കണ്ടതും തലയിലെ ആഴത്തിലുള്ള മുറിവും കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യംതന്നെ പോലീസ് എത്തിയിരുന്നു. മൃതദേഹപരിശോധനയില്‍ മുറിവുകളില്‍ സംശയം തോന്നിയ ഡോക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും കൊലപാതകമെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം ചോദ്യംചെയ്യാനാണ് ഷൈനിനെ കസ്റ്റഡിയിലെടുത്തത്. മൂന്നുദിവസത്തോളം നിരന്തരം ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..