സജീവ്, അറസ്റ്റിലായ സന്തോഷ്
പാങ്ങോട്(തിരുവനന്തപുരം): എണ്‍പതുലക്ഷം രൂപ ഭാഗ്യക്കുറി സമ്മാനം ലഭിച്ചതിന്റെ ആഘോഷത്തിനിടെ പാങ്ങോട് തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) മണ്‍തിട്ടയില്‍നിന്നു താഴേക്ക് വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് പാങ്ങോട് മതിര സ്വദേശി മായാവി എന്നു വിളിക്കുന്ന സന്തോഷിനെ (45) പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു.
സജീവിനു കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനമടിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് തുക ബാങ്കിലേക്കെത്തുകയും സജീവ് ഇതില്‍ കുറച്ച് തുക ഉപയോഗിച്ച് അര ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു. കുറച്ചു തുക സഹോദരങ്ങള്‍ക്കു നല്‍കി.
ടൈല്‍സിന്റെ പണിക്കാരനായിരുന്ന സജീവ് ഞായറാഴ്ച താഴേ പാങ്ങോടുള്ള സുഹൃത്ത് രാജേന്ദ്രന്‍പിള്ളയുടെ വീട്ടില്‍ മദ്യസത്കാരത്തിനായി എത്തി. രാത്രി ഒന്‍പത് കഴിഞ്ഞ് സന്തോഷും കൊല്ലപ്പെട്ട സജീവും വീടിനു പുറത്തിറങ്ങുകയും വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ സന്തോഷ്, സജീവിനെ വീടിന്റെ മുന്‍വശത്തുള്ള ഒരു മീറ്ററോളം താഴ്ചയുള്ള റബ്ബര്‍തോട്ടത്തിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തിനേറ്റ പൊട്ടലാണ് മരണകാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാങ്ങോട് സി.ഐ. എന്‍.സുനീഷ്, എസ്.ഐ. അജയന്‍, ഗ്രേഡ് എസ്.ഐ. രാജന്‍, ഗ്രേഡ് എ.എസ്.ഐ. രേഖ, സി.പി.ഒ.മാരായ ജുറൈജ്, ഹരി, സിദ്ദീക്ക് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
നല്ലൊരു വീടെന്ന സ്വപ്‌നം ബാക്കിയാക്കി സജീവ് യാത്രയായി
പാങ്ങോട്: സ്ഥിരമായി ലോട്ടറിയെടുക്കില്ലെങ്കിലും അപ്രതീക്ഷിതമായി ലോട്ടറിയടിക്കുകയും ഒന്നാം സമ്മാനമായി എണ്‍പത് ലക്ഷം ലഭിക്കുകയും ചെയ്തപ്പോള്‍ കൂലിപ്പണിക്കാരനായ സജീവെന്ന യുവാവിനും മോഹങ്ങള്‍ തുടങ്ങി. സ്വന്തമായി കുറച്ചു സ്ഥലം പ്രായമായ അമ്മയ്ക്കും തനിക്കും താമസിക്കാന്‍ നല്ലൊരു വീട്, ഒരു വിവാഹം എന്നിങ്ങനെ. പക്ഷെ ഒന്നും അനുഭവിക്കാനുള്ള യോഗം ആ ചെറുപ്പക്കാരനുണ്ടായില്ല.
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കുവേണ്ടി നടത്തിയ മദ്യസത്കാരത്തിനിടയില്‍ കൊല്ലപ്പെട്ട പാങ്ങോട് തൂറ്റിക്കല്‍ സജി ഭവനില്‍ പരേതനായ ശ്രീധരന്‍, ഇന്ദിര ദമ്പതിമാരുടെ മകന്‍ സജീവാണ് ആഗ്രഹങ്ങള്‍ ബാക്കിയാക്കി യാത്രയായത്. ടൈല്‍സിന്റെ പണിക്കാരനായ സജീവ് നാട്ടിലാര്‍ക്കും പ്രശ്നക്കാരനല്ലായിരുന്നു. കഴിഞ്ഞ മാസമാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ എണ്‍പത് ലക്ഷം രൂപ സജീവിനു ലഭിച്ചത്. തുടര്‍ന്ന് ചിതറയിലെ ബാങ്കില്‍ ഏകദേശം അന്‍പത്തിരണ്ട് ലക്ഷത്തോളം രൂപയെത്തുകയും സജീവ് വീടിനു സമീപത്തായി അരയേക്കര്‍ പുരയിടം വാങ്ങുകയും ചെയ്തു.
കുറച്ച് പണം രണ്ട് സഹോദരങ്ങള്‍ക്കായി വീതിച്ചു നല്‍കി. ബാക്കി തുക ഉപയോഗിച്ച് നല്ല ഒരു വീടു പണിയണമെന്നും വിവാഹം കഴിക്കണമെന്നുമൊക്കെ തീരുമാനിച്ചിരിക്കുമ്പോഴാണ് വിധിയുടെ ക്രൂരത സംഭവിച്ചത്. ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യ സത്കാരം നടത്തുന്നതിനായി ചന്തക്കുന്നിലെ സുഹൃത്തിന്റെ വാടകവീട്ടിലെത്തിയത്. ഇവിടെ വെച്ച് സുഹൃത്തായ മായാവി സന്തോഷ് എന്നയാളുമായി വാക്കേറ്റമുണ്ടാകുകയും ഇയാള്‍ പിടിച്ചു തള്ളുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തെല്ല് പൊട്ടിയാണ് മരണം സംഭവിച്ചത്. സജീവിന്റെ മരണത്തോട് കൂടി വൃദ്ധയായ മാതാവ് വീട്ടില്‍ തനിച്ചായി.
Content Highlights: man killed by friend after winning kerala lottery first prize in pangode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..