പ്രതീകാത്മകചിത്രം | Photo: Mathrubhumi
ലഖ്‌നൗ: ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് കൈമാറിയ കേസില്‍ 56-കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്‌നോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭര്‍ത്താവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.
ഡല്‍ഹിയില്‍ കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫര്‍ അയല്‍ക്കാരിയായ 40-കാരിയുമായി മൂന്നുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി അടുത്തിടെയാണ് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്തണമെന്ന ആഗ്രഹം കാമുകനോട് പങ്കുവെച്ചത്. ഇതോടെ മുഹമ്മദ് സഫര്‍ സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിയ്ക്ക് സമ്മാനിക്കുകയായിരുന്നു.
സഫറിന്റെ മകള്‍ക്ക് തട്ടിക്കൊണ്ടുപോയ പെണ്‍കുഞ്ഞ് ഉള്‍പ്പെടെ നാല് മക്കളാണുള്ളത്. നാലാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടികളില്‍ ഒരാളെ തനിക്ക് തരാമോയെന്ന് സഫര്‍ മകളോട് ചോദിച്ചിരുന്നു. മകളും മരുമകനും ഈ ആവശ്യം നിരാകരിച്ചതോടെയാണ് ഒരുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ പ്രതി തീരുമാനിച്ചത്.
ഏപ്രില്‍ 20-ന് രാത്രി ബിജ്‌നോറിലെ നാഗിനയില്‍ മരുമകന്റെ വീട്ടിലെത്തിയ പ്രതി, എല്ലാവരും ഉറങ്ങുന്നതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് വീട്ടില്‍നിന്ന് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. ഇതോടെ പ്രതിയുടെ മരുമകനായ കാസിം അഹമ്മദ് പോലീസില്‍ പരാതി നല്‍കി. കേസില്‍ അന്വേഷണം നടത്തിയ പോലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
ഇതിനിടെ, കുഞ്ഞിനെ കിട്ടിയ കാമുകിയും ഇവരുടെ ഭര്‍ത്താവും സ്വദേശമായ ബിഹാറിലേക്ക് കടന്നിരുന്നു. രണ്ട് പോലീസ് സംഘങ്ങള്‍ ബിഹാറിലെത്തിയാണ് ദമ്പതിമാരെ പിടികൂടി കുഞ്ഞിനെ തിരികെ എത്തിച്ചത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: man kidnapped own grand daughter to gift to his lover


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..