അനീഷ്, മഹിമോൻ
കട്ടപ്പന: വാഹനം പണയപ്പെടുത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യത്തിന്റെ പേരില്‍ അന്‍പതുകാരനെ മയക്കി തട്ടിക്കൊണ്ടുപോയ രണ്ടുപേരെ വണ്ടന്മേട് പോലീസ് അറസ്റ്റ് ചെയ്തു. നെറ്റിത്തൊഴു മരോട്ടിക്കല്‍ കണ്ണനെന്ന് വിളിക്കുന്ന അഷ്ടകുമാറിനെയാണ് മയക്കി തട്ടിക്കൊണ്ടുപോയത്.
ഇയാളുടെ സുഹൃത്തുക്കളായ ആലപ്പുഴ തുമ്പോളി സ്വദേശി ആലിശ്ശേരില്‍ മഹിമോന്‍ (41) ആലപ്പുഴ കൊമ്മാടി കാട്ടിയ്ക്കല്‍ അനീഷ് (40) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. വിവിധ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകമുള്‍പ്പടെയുള്ള കേസുകളില്‍ പ്രതികളാണ് ഇരുവരും.
തട്ടിക്കൊണ്ടുപോയ കേസിലെ മറ്റു പ്രതികളായ സുനീര്‍ ,അമ്പിളി എന്നിവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് നെറ്റിത്തൊഴുവിലെ വാടക വീട്ടില്‍നിന്ന് കണ്ണനെ മഹിമോനും സുനീറും ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് മയക്കിയശേഷം തട്ടിക്കൊണ്ടുപോയത്. കണ്ണന് താമസിക്കുന്ന വീട്ടില്‍ വീട്ടുടമസ്ഥന് സൂക്ഷിച്ചിരുന്ന 160 കിലോയോളം ഏലക്കായും പ്രതികള്‍ തട്ടിയെടുത്തു.
ആലപ്പുഴയ്ക്കുള്ള യാത്രാമധ്യേയാണ് അനീഷ് സംഘത്തിനൊപ്പം ചേര്‍ന്നത്. ഇതിനിടെ കണ്ണന് പലതവണ ഉണര്‍ന്നെങ്കിലും വീണ്ടും വീര്യമുള്ള മരുന്ന് കുത്തിവെച്ച് മയക്കി. ആലപ്പുഴയില്‍ എത്തിയശേഷമാണ് കേസിലെ മറ്റൊരു പ്രതിയായ അമ്പിളി മൂവര്‍ക്കുമൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് കണ്ണനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം രാത്രിയോടെ തിരുവാര്‍പ്പിനടുത്ത് ഒഴിഞ്ഞുകിടന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. കണ്ണന്റെ പരാതിയില്‍ വണ്ടന്മേട് പോലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ചയാണ് പ്രതികളെ പിടികൂടിയത്. മഹിമോനെ തോട്ടപ്പള്ളി ഹാര്‍ബറില്‍നിന്നും അനീഷിനെ ചങ്ങനാശ്ശേരിയില്‍ നിന്നുമാണ് അറസ്റ്റുചെയ്തത്. മഹിമോന്റെ ഉടമസ്ഥതയിലുള്ള വാഹനം സുനീര്‍ കണ്ണന് മുഖേനെ തൊടുപുഴ സ്വദേശിക്ക് പണയംെവച്ചിരുന്നു. ഇതിലെ സാമ്പത്തിക ഇടപാടാണ് കുറ്റകൃത്യം ചെയ്യുവാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രതികളുടെ മൊഴി. എന്നാല്‍ പോലീസ് മറ്റുവശങ്ങളും പരിശോധിക്കുന്നുണ്ട്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.എസ്. നവാസ്, എസ്.ഐ. എബി ജോര്‍ജ്, സി.പി.ഒ. മാരായ ബാബുരാജ്, സഫീര്‍ഖാന്‍, ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലെ വിനോജ്, റോബിന്‍സണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Content Highlights: man kidnapped by two in kattappana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..