പ്രതീകാത്മക ചിത്രം | Photo: Mathrubhumi
വിഴിഞ്ഞം(തിരുവനന്തപുരം): യുവതിയും ആണ്‍സുഹൃത്തും സംഘവും ചേര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി പൂര്‍ണിമയെ(23) വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു. മറ്റ് പ്രതികളെ പിടികൂടാനായില്ല. ആറ്റിങ്ങല്‍ സ്വദേശി അനൂപിന്(38) ആണ് മര്‍ദനമേറ്റത്. യുവതിയെ കൂടാതെ സുഹൃത്ത് ഷാഫി, അജിന്‍, മറ്റ് രണ്ടുപേര്‍ എന്നിവര്‍ സംഘത്തിലുള്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഒന്നരദിവസം ഭക്ഷണം നല്‍കിയില്ലെന്നും നഗ്‌നനാക്കി മര്‍ദിച്ചുവെന്നും സ്വര്‍ണവും മൊബൈല്‍ഫോണുകളും തട്ടിയെടുത്തുവെന്നും പരാതിയിലുണ്ട്.
പൂര്‍ണിമയും അജിനും ചേര്‍ന്നാണ് അനൂപിനെ കോവളത്തേക്കു വിളിച്ചുവരുത്തിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് കോവളത്തിനടുത്തുള്ള പാറക്കെട്ടിനു സമീപമെത്തിയ അനൂപിനെ മര്‍ദിച്ചു. പിന്നീട് അജിന്റെ വിഴിഞ്ഞം തെന്നൂര്‍ക്കോണത്തെ വീട്ടിലെത്തിച്ച് നഗ്‌നനാക്കി മര്‍ദിച്ചുവെന്നും പറയുന്നു. ഉറക്കഗുളിക നല്‍കിയശേഷം കാറില്‍ കയറ്റി ആറ്റിങ്ങല്‍, കന്യാകുമാരി എന്നിവിടങ്ങളിലെത്തിച്ചു.
തിരികെ കോവളത്തെത്താറായപ്പോള്‍ സാധനം വാങ്ങാനുണ്ടെന്നു പറഞ്ഞ് കാറില്‍ നിന്നിറങ്ങിയ അനൂപ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അതുവഴി വന്ന കോവളം പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിലാണ് കോവളം ഭാഗത്തുനിന്ന് പൂര്‍ണിമയെ അറസ്റ്റുചെയ്തത്.
മെഡിക്കല്‍ കോളേജിലുള്ള സ്പായിലെ ജീവനക്കാരിയായിരുന്നു പൂര്‍ണിമ. പരാതിക്കാരനായ അനൂപ് അവിടെ മാനേജരായിരുന്നു. അനൂപാണ് പൂര്‍ണിമയെ കോവളത്തെ സ്പായില്‍ ജോലിക്കെത്തിച്ചത്. ഇവിടെവെച്ച് അനൂപിന്റെ സുഹൃത്തായ ഷാഫിയെ പൂര്‍ണിമ പരിചയപ്പെടുകയും അടുപ്പത്തിലാവുകയുമായിരുന്നു. ഇതിനിടെ ലഹരിയുമായി പിടിയിലായ ഷാഫിയുടെ സുഹൃത്തിനെ ജാമ്യത്തിലെടുക്കാനും ഇവര്‍ അനൂപിന്റെ സഹായംതേടിയിരുന്നു. മെഡിക്കല്‍ കോളേജിലെ സ്ഥാപനത്തില്‍നിന്ന് പൂര്‍ണിമയ്ക്കു ശമ്പളം വാങ്ങി നല്‍കാത്തതില്‍ ഷാഫിക്ക് അനൂപിനോട് വിരോധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Content Highlights: man kidnapped and brutally attacked in vizhinjam trivandrum


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..