Photo: Mathrubhumi
ന്യൂഡല്‍ഹി: എഴുപത്തൊന്നുകാരന്‍ മുപ്പത്തഞ്ചുകാരിയായ ഭാര്യയെ വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30-ന് പടിഞ്ഞാറൻ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡനിലാണ് വാടകക്കൊലയാളികൾ യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരുടെ ശരീരത്തില്‍ കുത്തേറ്റതിന്റെ നിരവധി മുറിവുകളുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് യുവതിയും എസ്.കെ. ഗുപ്ത എന്ന 71-കാരനും തമ്മില്‍ വിവാഹിതരായത്. ഗുപ്തയ്ക്ക് 45 വയസ്സുള്ള അമിത് എന്ന മകനുണ്ട്. മകന്‍ ഭിന്നശേഷിക്കാരനും സെറിബ്രൽ പാള്‍സിയുള്ള ആളുമാണ്. മകനെ പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവതിയെ വിവാഹം കഴിച്ചതെന്നാണ് ഗുപ്ത പറയുന്നത്. എന്നാല്‍, വിവാഹശേഷം യുവതി അതിനു തയ്യാറായില്ല. ഇതോടെ യുവതിയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ഗുപ്ത തീരുമാനിച്ചു. എന്നാല്‍, വിവാഹമോചനം നടത്തണമെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു.
ഇതോടെ എന്തു വില കൊടുത്തും യുവതിയ ഒഴിവാക്കണമെന്ന് തീരുമാനിച്ച ഗുപ്ത, വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. മകനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് സഹായിക്കാറുള്ള വിപിന്‍ എന്നയാളുടെ സഹായം തേടി. ക്വട്ടേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പത്തുലക്ഷം രൂപ നല്‍കാമെന്ന ധാരണയില്‍ രണ്ടര ലക്ഷത്തോളം രൂപ മുന്‍കൂര്‍ തുകയായും നല്‍കി.
തുടര്‍ന്ന് വിപിനും സുഹൃത്ത് ഇരുപതുകാരനായ ഹിമാന്‍ഷുവും ചേര്‍ന്ന് ഗുപ്തയുടെ വീട്ടിലെത്തി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനിടെ ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി വീട് കൊള്ളയടിക്കുകയും ഗുപ്തയുടെയും യുവതിയുടെയും മൊബൈല്‍ ഫോണുകള്‍ അപഹരിക്കുകയും ചെയ്തു. കൊള്ളയടിക്കുന്നതിനിടെ സംഭവിച്ച കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി. കൊലപാതകം നടക്കുമ്പോള്‍ അമിത് വീട്ടിലുണ്ടായിരുന്നതായും പോലീസ് പറയുന്നു.
സംഭവത്തില്‍ നാലുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഫോണുകളും രക്തം പുരണ്ട വസ്ത്രങ്ങളും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടറും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Content Highlights: man hired 2 killers to murder 35 year old wife in delhi, cops
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..