റജീബ്
പെരിന്തല്‍മണ്ണ: ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസുകളില്‍ പ്രതിക്ക് പോക്സോ നിയമപ്രകാരം രണ്ടുതവണ ഇരട്ടജീവപര്യന്തവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം രണ്ടുതവണ പത്തും ഏഴും വര്‍ഷം തടവും പിഴയും വിധിച്ചു.
കക്കൂത്ത് കിഴക്കേക്കര റജീബിനെ(38) പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷിച്ചത്. ഓരോ കേസും വെവ്വേറെ പരിഗണിച്ച് പ്രത്യേകം ശിക്ഷ വിധിച്ചു. പിഴ ഒഴികെ രണ്ടു കേസുകളിലും ഒരേ ശിക്ഷയാണ്. ഒമ്പതുകാരിയെ പീഡിപ്പിച്ചതിന് 1.2 ലക്ഷം രൂപയും പത്തുവയസ്സുകാരിയെ പീഡിപ്പിച്ചതിന് 1.8 ലക്ഷം രൂപയുമാണ് പിഴ. ആകെ തടവുശിക്ഷ 90 വര്‍ഷം വരുമെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതനുസരിച്ച് പോക്സോ പ്രകാരമുള്ള ഇരട്ടജീവപര്യന്തത്തിന് 28 വര്‍ഷവും ഇന്ത്യന്‍ ശിക്ഷാനിയപ്രകാരമുള്ള 10, ഏഴ് വര്‍ഷങ്ങള്‍ എന്നിവയും ചേര്‍ത്ത് 45 വര്‍ഷമാണ് റജീബ് ജയിലില്‍ കഴിയേണ്ടത്. പെരിന്തല്‍മണ്ണ സബ് ജയിലിലേക്ക് മാറ്റിയ പ്രതിയെ അടുത്തദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോകും.
പിഴയില്‍ ഒരു ലക്ഷം രൂപ ഒമ്പതുവയസ്സുകാരിക്കും 1.6 ലക്ഷം രൂപ പത്തുവയസ്സുകാരിക്കും നല്കാന് കോടതി ഉത്തരവിട്ടു. ഇതിനുപുറമെ ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍നിന്ന് നഷ്ടപരിഹാരവും നിര്‍ദേശിച്ചിട്ടുണ്ട്.
പത്തുവയസ്സുകാരിയെ 2012 മുതല്‍ 2016 വരെയും ഒമ്പതുവയസ്സുകാരിയെ 2014-ല്‍ ഒരു വര്‍ഷവും റജീബ് പീഡിപ്പിച്ചുവെന്നാണ് കേസ്. കോഴിക്കച്ചവടവും പലചരക്ക് കടയും നടത്തിയിരുന്ന പ്രതി, വിവരം പുറത്തറിഞ്ഞാല്‍ കോഴിയെ അറക്കുംപോലെ അറക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി.
ഒരു ദിവസം വഴിയില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നതുകണ്ട ഒരാള്‍ പിതാവിനെ വിവരമറിയിക്കുകയും പിതാവ് ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയുമായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ പോലീസില്‍ മൊഴി നല്കി. കേസെടുത്തതറിഞ്ഞ് റജീബ് മുങ്ങി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും പോലീസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ഇതുപ്രകാരം കീഴടങ്ങിയ ഇയാള്‍ ഏതാനും മാസം റിമാന്‍ഡിലായിരുന്നു. രണ്ടിലും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിഭാഗത്തിനായി അഡ്വ. ബി.എ. ആളൂരും.
ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കിയത് നിയമത്തിന്റെമേന്മയും കോടതിയുടെ ജാഗ്രതയും
പെരിന്തല്‍മണ്ണ: പോക്സോ നിയമത്തിന്റെ മേന്മയും കോടതിയുടെ ജാഗ്രതയും അന്വേണോദ്യോഗസ്ഥരുടെ മികവുമാണ് പെരിന്തല്‍മണ്ണയില്‍ ഒന്‍പതും പത്തും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കിയത്. 12 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിന് പോക്സോ നിയമത്തിലെ രണ്ടുവകുപ്പുകളില്‍ ജീവപര്യന്തമാണ് ശിക്ഷ അനുശാസിക്കുന്നത്. ഈ രണ്ടുവകുപ്പും ചുമത്തുകയും തെളിയിക്കുകയും ചെയ്തതാണ് ഇരട്ട ജീവപര്യന്തത്തിലേക്ക് നയിച്ചത്.
തട്ടിക്കൊണ്ടുപോകലിനും ഭീഷണിപ്പെടുത്തലിനും ഇന്ത്യന്‍ ശിക്ഷാനിയമവും ചുമത്തപ്പെട്ടു. പ്രതി പെരിന്തല്‍മണ്ണ കക്കൂത്ത് കിഴക്കേക്കര റജീബ് (38)ന് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി കെ.പി. അനില്‍കുമാര്‍ ഇരട്ട ജീവപര്യന്തമടക്കം 45 വര്‍ഷംവീതം തടവും പിഴയുമാണ് വിധിച്ചത്.
ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയൊടുക്കേണ്ട 10,000 രൂപ വീതമുള്ള പിഴ പോക്സോ പ്രകാരമുള്ള കുറ്റത്തിനും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള (ഐ.പി.സി.) കുറ്റത്തിനുമാണ്. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 1.6 ലക്ഷം രൂപ പോക്സോ പ്രകാരമുള്ളതിനും 10,000 രൂപ വീതം ഐ.പി.സി. പ്രകാരമുള്ള കുറ്റത്തിനുമാണ്.
നിസ്സഹായരായ പെണ്‍കുട്ടികള്‍ മികച്ച സാമ്പത്തിക ചുറ്റുപാടുള്ള റജീബിന്റെ ക്രൂരതയ്ക്ക് വഴങ്ങേണ്ടിവന്നത് ഭീഷണി കൊണ്ടാണെന്ന സാഹചര്യം കൃത്യമായി അവതരിപ്പിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന സപ്ന പി. പരമേശ്വരത്തിന് കഴിഞ്ഞു. കോഴിയിറച്ചി വ്യപാരിയായിരുന്ന പ്രതി കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. വിവരം ചൈല്‍ഡ് ലൈനില്‍ എത്തിയതോടെ റജീബ് മുങ്ങുകയായിരുന്നു.
തമിഴ്നാട്ടിലേക്ക് കടന്ന ഇയാള്‍ അവിടുന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹൈക്കോടതി പക്ഷേ അംഗീകരിച്ചില്ലെന്ന് മാത്രമല്ല പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അന്ന് പെരിന്തല്‍മണ്ണ സബ് ഇന്‍സ്പെക്ടറും ഇപ്പോള്‍ മലപ്പുറം ടൗണ്‍ ഇന്‍സ്പെക്ടറുമായ ജോബി തോമസാണ് കുട്ടികളുടെ മൊഴിയെടുത്ത് പ്രാഥമിക വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. പിന്നീട് വന്ന ഇന്‍സ്പെക്ടര്‍ എ.എം. സിദ്ദിഖാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇപ്പോള്‍ നിലമ്പൂര്‍ ഡിവൈ.എസ്.പിയായ സാജു കെ. അബ്രാഹം പെരിന്തല്‍മണ്ണയില്‍ ഇന്‍സ്പെക്ടറായിരുന്ന സമയത്താണ് കുറ്റപത്രം നല്‍കിയത്. ഇവരെയെല്ലാം കോടതി വിസ്തരിച്ചിരുന്നു.
പെണ്‍കുട്ടികളെ ഒരിക്കല്‍ വിസ്തരിച്ചശേഷം വീണ്ടും വിളിപ്പിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കുട്ടികളെ വീണ്ടും വിസ്തരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതിയും ഈ ആവശ്യം അനുവദിച്ചില്ല. കുട്ടികളെ അനാവശ്യമായി പീഡിപ്പിക്കലാകുമിതെന്നായിരുന്നു ഹൈക്കോടതി നിലപാട്. കേസിന്റെ ആദ്യവസാനം ഇരകള്‍ക്കൊപ്പം ഉറച്ചുനിന്ന പള്ളിക്കമ്മറ്റിയുടെ നിലപാട് നിര്ണായകമായിരുന്നൂവെന്ന് സപ്ന പി. പരമേശ്വരന് പറയുന്നു.
പലതവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായെങ്കിലും അവര്‍ വഴങ്ങിയില്ല. ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ 14 സാക്ഷികളും പത്തുവയസ്സുകാരിയുടെ കേസില്‍ 20 സാക്ഷികളുമായിരുന്നു പ്രോസിക്യൂഷന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..