Screengrab: Mathrubhumi News
മഞ്ചേരി(മലപ്പുറം): പതിനാലുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് മരണംവരെ തടവും ആറുലക്ഷത്തി അറുപതിനായിരം രൂപ പിഴയും ശിക്ഷ. വഴിക്കടവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ 48-കാരനെയാണ് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്.
കുട്ടിയെ ഗര്‍ഭിണിയാക്കിയതിനും രക്ഷിതാവായ പ്രതി മകളെ ബലാത്സംഗംചെയ്തതിനും പല തവണ കുട്ടിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിനുമായി മൂന്നു ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. ഇതിനുപുറമേ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ഏഴുവര്‍ഷം കഠിനതടവ്, പിതാവായ പ്രതി പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിന് ഏഴുവര്‍ഷം കഠിന തടവ്, സ്ത്രീത്വത്തെ അപമാനിച്ചതിന് രണ്ടുവര്‍ഷം കഠിനതടവ്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വര്‍ഷം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.
പിഴയടച്ചില്ലെങ്കില്‍ പതിനാലര വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചനുഭവിച്ചാല്‍ മതി. എന്നാല്‍ ജീവപര്യന്തം എന്നത് മരണം വരെ കഠിന തടവാണെന്ന് കോടതി വ്യക്തമാക്കി. പിഴത്തുക കുട്ടിക്ക് നല്‍കണം. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോടു കോടതി നിര്‍ദേശിച്ചു.
2021 മാര്‍ച്ച് മുതലാണ് കേസിന്നാസ്പദമായ സംഭവം. മാതാവും സഹോദരങ്ങളും പുറത്തുപോകുന്ന സമയത്ത് പ്രതി വീട്ടില്‍വെച്ച് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നറിഞ്ഞത്. തുടര്‍ന്ന് പോലീസ് കേസെടുത്തു. കുട്ടിയുടെയും മാതാവിന്റെയും മൊഴികളും ശാസ്ത്രീയ തെളിവുകളും ഉപയോഗിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്.
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ പ്രതിയെ വിചാരണ നടത്തി ഒരുവര്‍ഷംകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി ശിക്ഷവിധിച്ചുവെന്ന പ്രത്യേകതയും കേസിനുണ്ട്. 25 സാക്ഷികളെ കോടതി വിസ്തരിച്ചു. 40 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സോമസുന്ദരന്‍ ഹാജരായി. പ്രതിയെ ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയക്കും.
Content Highlights: man gets three life imprisonment for raping and impregnating minor daughter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..