പ്രതീകാത്മക ചിത്രം | Getty Images
ശിവപുരി: സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിലൂടെ കൊലയാളിയെ വാടകയ്ക്കെടുത്ത് മധ്യപ്രദേശിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. മഹേഷ് ഗുപ്തയാണ് മകന്റെ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ (59) വെള്ളിയാഴ്ച പുലർച്ചെ രണ്ടിനു കൊല്ലപ്പെട്ടത്. ശിവപുരിയിലെ പിച്ചോർ പട്ടണത്തിലാണ് സംഭവം.
കൊലപാതകവുമായി ബന്ധപ്പെട്ട് ഗുപ്തയുടെ മകൻ അങ്കിത് (32), സുഹൃത്ത് നിതിൻ ലോധി, ബിഹാറിൽനിന്നുള്ള വാടകക്കൊലയാളി അജിത് സിങ് എന്നിവരെ അറസ്റ്റുചെയ്തതായി പോലീസ് പറഞ്ഞു.
മൂന്നാംനിലയിൽ അച്ഛൻ വെടിയേറ്റു മരിക്കുമ്പോൾ താഴത്തെനിലയിൽ താൻ ഉറക്കത്തിലായിരുന്നെന്നാണ് അങ്കിത് പോലീസിനു മൊഴിനൽകിയത്. ഇതാണ് ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കാൻ കാരണം. താൻ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള ദേഷ്യത്തിലാണ് അച്ഛനെ കൊന്നതെന്ന് ചോദ്യംചെയ്യലിൽ അങ്കിത് വെളിപ്പെടുത്തി.
മദ്യത്തിനടിമയും ചൂതാട്ടത്തിലും മറ്റ് ക്രിമിനൽ കൃത്യങ്ങളിലും ഏർപ്പെട്ടിരുന്നയാളുമാണ് അങ്കിതെന്ന് പോലീസ് പറഞ്ഞു. ഓൺലൈനിൽ തപ്പിക്കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെയ്സ്ബുക്കിലൂടെയാണ് അജിത് സിങ്ങിന്റെ ഗുണ്ടാസംഘത്തെ ഇയാൾ ബുക്കുചെയ്തത്. മഹേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ഒരുലക്ഷം രൂപയും വാഗ്ദാനംചെയ്തു. കുറ്റകൃത്യം ആസൂത്രണം ചെയ്യാൻ സുഹൃത്ത് ലോധിയുടെ സഹായവും തേടി.
ഈ മാസം 12-ന് അജിത് സിങ്ങിന്റെ അക്കൗണ്ടിൽ 10,000 രൂപ ഇട്ടുകൊടുത്തു. ഝാൻസി റെയിൽവേ സ്റ്റേഷനിലെത്തിയ സിങ്ങിനെ അങ്കിതും ലോധിയും ചേർന്നു സ്വീകരിച്ച് ശിവപുരിയിലെ ലഭേദ തിരഹയിൽ താമസിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഭാര്യയോടും മക്കളോടും താഴത്തെനിലയിൽ കിടന്നുറങ്ങാൻ അങ്കിത് നിർദേശിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ കൊലയാളി മുകൾനിലയിൽ കയറി അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹേഷിനെ വെടിവെച്ചുകൊന്നിട്ട് കടന്നു. വെടിയൊച്ച കേട്ടല്ലോയെന്നു ചോദിച്ച ഭാര്യയോട് അത് ഇടിവെട്ടിയതാകുമെന്നാണ് അങ്കിത് പറഞ്ഞത്.
20 വർഷംമുമ്പ് ഭാര്യ മരിച്ചതോടെ മകനൊപ്പമാണ് മഹേഷ് ഗുപ്ത താമസിക്കുന്നത്. സൈനികനായിരുന്ന മറ്റൊരു മകൻ അനിൽ ഗുപ്ത ആത്മഹത്യചെയ്തതിനുശേഷം നഷ്ടപരിഹാരമായി ഒരുകോടി രൂപ മഹേഷിന് ഈയിടെ കിട്ടിയിരുന്നു. കൂടാതെ മാസാമാസം പെൻഷനുമുണ്ടായിരുന്നു. രണ്ടിലും കണ്ണുവെച്ചാണ് അങ്കിത് അച്ഛനെ കൊലപ്പെടുത്തിയതെന്ന് എസ്.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..