വിറക്പുരയുടെ ഓട് ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് നീക്കുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട പ്രഭാകര നോണ്ട
മഞ്ചേശ്വരം(കാസര്‍കോട്): പൈവളിഗെ കൊമ്മങ്കളയില്‍ യുവാവിനെ വീടിനു സമീപത്തെ വിറകുപുരയുടെ മച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കളായിയിലെ പരേതനായ നാരായണ നോണ്ട-ദേവകി ദമ്പതിമാരുടെ മകന്‍ പ്രഭാകര നോണ്ട(42)യാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ അമ്മ ചായയുമായെത്തി വിളിച്ചിട്ടും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മഞ്ചേശ്വരം പോലീസില്‍ വിവരമറിയിച്ചു. കൊമ്മങ്കളയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമാണ് പ്രഭാകരയും സഹോദരന്‍ ജയറാമും താമസിക്കുന്നത്. തലേന്നാള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ ജയറാം നോണ്ടയെ കാണാതായിട്ടുണ്ട്. ഇയാളെ കണ്ടെത്തിയാല്‍ മാത്രമേ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാകൂ എന്ന് സ്ഥലത്തെത്തിയ കാസര്‍കോട് ഡിവൈ.എസ്.പി. പി.കെ.സുധാകരന്‍ പറഞ്ഞു.
പോലീസെത്തിയാണ് മൃതദേഹം താഴെയിറക്കിയത്. വിരലടയാള വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.
കൊല്ലപ്പെട്ട പ്രഭാകര കര്‍ണാടക വിട്ളയിലെ കൊലപാതകമുള്‍പ്പെടെ പല കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കാണാതായ സഹോദരന്‍ ജയറാം നോണ്ടയും കൊലപാതകമുള്‍പ്പെടെ ഒന്‍പതോളം കേസുകളില്‍ പ്രതിയാണ്. സഹോദരങ്ങള്‍: ചന്ദ്ര (ജോഡ്കല്‍), പരേതനായ ബാലകൃഷ്ണ നോണ്ട.
പ്രഭാകര നോണ്ടയുടെ കൊലപാതകം: ജ്യേഷ്ഠസഹോദരനെവിടെ?
മഞ്ചേശ്വരം: തലേന്നാള്‍വരെ ഒന്നിച്ചുണ്ടായിരുന്ന സഹോദരന്‍മാരില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ജ്യേഷ്ഠനെ കാണാതാകുക. അയാള്‍ എവിടെയെന്ന ചോദ്യത്തിനുത്തരം തേടുകയാണ് കൊമ്മങ്കള കളായിയിലെ നാട്ടുകാര്‍. കൊല്ലപ്പെട്ടയാളുടെയും കാണാതായ ആളുടെയും പൂര്‍വകാല പശ്ചാത്തലവും കേസുകളുമെല്ലാം വീണ്ടും നാട്ടില്‍ ചര്‍ച്ചയാകുകയാണ്.
ശനിയാഴ്ച രാവിലെ പൈവളിഗെയിലെ കൊച്ചുഗ്രാമം ഉണര്‍ന്നത് ക്രൂരമായ കൊലപാതകവാര്‍ത്ത കേട്ടാണ്. കൊല്ലപ്പെട്ട പ്രഭാകര നോണ്ട കൊലപാതകമുള്‍പ്പെടെ ഏഴോളം കേസിലെ പ്രതിയാണെന്നും കാണാതായ ജ്യേഷ്ഠന്‍ ജയറാം നോണ്ട കൊലപാതകമുള്‍പ്പെടെ ഒന്‍പത് കേസുകളിലെ പ്രതിയാണെന്നും പോലീസ് പറയുന്നു.
എന്നും വീടിനോട് ചേര്‍ന്ന വിറക്പുരയുടെ മച്ചില്‍ കിടന്നുറങ്ങാറുള്ള പ്രഭാകരയെ ശനിയാഴ്ച രാവിലെ അമ്മയാണ് അതേ വിറകുപുരയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.
കര്‍ണാടക കന്യാനയിലെ ആസിഫ് കൊലപാതക കേസിലും അടയ്ക്കാമോഷണമുള്‍പ്പെടെ കേസുകളിലും പ്രതിയാണ് പ്രഭാകര നോണ്ട. കൊലപാതകത്തിലും കാണാതാകലിനും പിന്നില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ പുലര്‍ച്ചെ മൂന്നിനുശേഷം സ്വിച്ച് ഓഫാണ്. ഇരുവരും തമ്മില്‍ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ജയറാമിനെ കണ്ടെത്തുന്നത് കേസില്‍ നിര്‍ണായകമാകുമെന്നും പോലീസ് വ്യക്തമാക്കി.
വയറില്‍ നിരവധി കുത്തുകള്‍; ഇന്‍ക്വസ്റ്റ് സാഹസപ്പെട്ട്
രണ്ടാള്‍പ്പൊക്കത്തിലാണ് പ്രഭാകര നോണ്ട കൊല്ലപ്പെട്ട വിറകുപുര. അതിന്റെ മച്ചിലാണ് പ്രഭാകരയുടെ മൃതദേഹം ചോരയില്‍ കുളിച്ച നിലയിലുണ്ടായിരുന്നത്. കയറില്‍ ഞാന്നുവേണം ഇവിടേക്ക് കയറാന്‍.
കയറിലൂടെ മുകളില്‍ കയറാന്‍ പ്രയാസമായതിനാല്‍ പുറത്തുനിന്ന് ഇരുമ്പ് ഏണി കൊണ്ടുവന്ന് വിറക്പുരയുടെ മുകളിലെ ഓട് നീക്കിയാണ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയത്. പ്രഭാകര നോണ്ടയുടെ വയറിലാണ് കുത്തുകള്‍. ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ട്. പോലീസ് ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കേസുകളൊഴിയാത്ത വീട്
വിശാലമായ കവുങ്ങിന്‍തോട്ടത്തിന് സമീപത്തെ പഴയ ഓടുമേഞ്ഞ വീട്. തൊട്ടടുത്തായി അടയ്ക്കയും മറ്റ് കാര്‍ഷികോത്പന്നങ്ങളും സൂക്ഷിക്കുന്ന ഓടുമേഞ്ഞ ഒരു ചെറിയ മുറിയുണ്ട്. അതിപ്പോള്‍ വിറകുപുരയായി ഉപയോഗിക്കുന്നു. ജയറാം നോണ്ട, പ്രഭാകര നോണ്ട, അമ്മ ദേവകി എന്നിവര്‍ മാത്രമാണ് അവിടെ താമസമുണ്ടായത്. പ്രഭാകരയും ജയറാമും ഒരുകാലത്ത് പ്രാദേശിക ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നു. 20 വര്‍ഷം മുന്‍പ് ഇവരുടെ മൂത്ത ജ്യേഷ്ഠന്‍ ബാലകൃഷ്ണ നോണ്ടയും കൊല്ലപ്പെട്ടിരുന്നു. അതില്‍ ജയറാം നോണ്ടയിലേക്ക് സംശയം നീണ്ടിരുന്നെങ്കിലും പോലീസിന് തെളിയിക്കാനായിരുന്നില്ല.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന, കാസര്‍കോട് ഡിവൈ.എസ്.പി. പി.കെ.സുധാകരന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വി.വി.മനോജ്, മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ രജീഷ് തെരുവത്ത് പീടികയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
Content Highlights: man found killed in manjeshwaram kasargod his brother missing
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..