മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു(ഇടത്ത്) മരിച്ച പ്രിജേഷ്(വലത്ത്)
തൃക്കരിപ്പൂര്‍(കാസര്‍കോട്): യുവാവിനെ വീടിന് സമീപത്തെ തെങ്ങിന്തോപ്പില് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മെട്ടമ്മല്‍ വയലൊടി ഹരിജന്‍ കോളനിയിലെ എം.പ്രിജേഷ് (പ്രിയേഷ്-31) ആണ് മരിച്ചത്.
വയലൊടിയിലെ കൊടക്കല്‍ കൃഷ്ണന്റെയും എം.അമ്മിണിയുടെയും മകനാണ്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം യുവാവിന്റെ ബൈക്കുണ്ടായിരുന്നു. വയലൊടി പാലം കഴിഞ്ഞുള്ള വളവിലെ മതിലില്‍ ഹെല്‍മെറ്റ് കണ്ടെത്തി. പാന്റ്സ് മാത്രം ധരിച്ച് ശരീരം മുഴുവന്‍ ചെളിപുരണ്ട നിലയിലായിരുന്നു. പുറത്തും കൈത്തണ്ടയിലും ചോര കല്ലിച്ച പാടുകളും മുറിവുകളുമുണ്ട്. പാന്റ്സിന്റെ കീശയില്‍നിന്ന് പേഴ്സ് കിട്ടിയെങ്കിലും മൊബൈല്‍ ഫോണ്‍ കിട്ടിയില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
പയ്യന്നൂരില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തില്‍ ഡ്രൈവറായിരുന്നു. നേരത്തേ വാഹനവില്പനശാലയിലും ജോലിചെയ്തിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണന് നായര്‍ സ്ഥലം സന്ദര്‍ശിച്ചു. ചന്തേര പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ പി.നാരായണന്, എസ്.ഐ. എം.വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പ്രീത, പ്രസീന, പ്രജീഷ് എന്നിവര്‍ സഹോദരങ്ങളാണ്.
ദുരൂഹമരണം; ഞെട്ടലോടെ നാട്...
തൃക്കരിപ്പൂര്‍: പ്രിജേഷിന്റെ സംശയാസ്പദമായ മരണത്തിന്റെ ഞെട്ടലിലാണ് മെട്ടമ്മല്‍ വയലോടിയിലെ നാട്ടുകാര്‍. ശനിയാഴ്ച രാത്രി ഒന്‍പതോടെ മത്സ്യവുമായാണ് പ്രിജേഷ് വീട്ടിലെത്തിയത്. ഇപ്പോള്‍ത്തന്നെ കുറച്ചെണ്ണം പൊരിക്കണമെന്ന് പറഞ്ഞ് വീട്ടിലിരിക്കെയാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഫോണ്‍വിളി അവസാനിച്ചശേഷം എനിക്ക് അത്യാവശ്യമായി പയ്യന്നൂരിലേക്ക് പോകണമെന്നും വേഗം തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രിജേഷ് പോയതെന്ന് അച്ഛന് കൃഷ്ണന് പറഞ്ഞു.
നേരം ഏറെ വൈകിയിട്ടും വരാതായതോടെ അമ്മ അമ്മിണി മകന്റെ ഫോണിലേക്ക് വിളിച്ചുനോക്കി. ഫോണ്‍ റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നുണ്ടായിരുന്നില്ല. രാത്രി ഒരുമണി വരെ ഫോണ്‍ റിങ് ചെയ്തിരുന്നു. അത്യാവശ്യങ്ങള്‍ക്കായി രാത്രിയില്‍ പോയാല്‍ രാവിലെ തിരിച്ചുവരാറുണ്ട്. അതിനാല്‍ വീട്ടുകാര്‍ക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് സ്വിച്ച് ഓഫാകുകയായിരുന്നു. വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള റോഡിലൂടെയാണ് സാധാരണ യുവാവ് ബൈക്കില്‍ വീട്ടിലെത്തുക. വടക്കുഭാഗത്തുള്ള വഴിയിലൂടെ വന്നാല്‍ വീട്ടിലേക്ക് ബൈക്ക് കൊണ്ടുവരാന്‍ കഴിയില്ല. അവിടെ ഒരു കയറ്റമുണ്ട്. എന്നാല്‍ മൃതദേഹവും ബൈക്കും കണ്ടത് ആ ഭാഗത്താണ്.
രാവിലെ അച്ഛന് കൃഷ്ണന് ആറുമണിക്ക് തന്നെ വീട്ടില്‍നിന്ന് ജോലിക്കായി കൈക്കോട്ടുകടവിലേക്ക് പോയിരുന്നു. അവിടെ ഹോട്ടലില്‍ ചായ കഴിക്കുന്നതിനിടയിലാണ് സംഭവം അറിയുന്നത്. മരണവാര്‍ത്തയറിഞ്ഞ് നാടുമുഴുവന്‍ വയലോടിയിലേക്കൊഴുകിയെത്തി. ഉച്ചയ്ക്ക് ഒരുമണിക്കണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായത്.
അന്വേഷണം ഊര്‍ജിതമാക്കി പോലീസ്
പ്രിജേഷിന്റെ മരണത്തില്‍ ദുരൂഹത കണ്ടെത്തിയ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പോലീസ് നായ മൃതദേഹത്തിനടുത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ ബൈക്കില്‍ മണം പിടിച്ച് അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞ് വീണ്ടും ബൈക്കിനടുത്തെത്തി. ആളുകള്‍ കൂടിനിന്നതിനാല്‍ നായക്ക് പുറത്തേക്ക് പോകാനായില്ല. പിന്നീട് നായ ചെറിയ ചാല് തോടിനു സമീപത്തെ ചതുപ്പ് നിലത്തും ചുറ്റിപ്പറ്റിനിന്നു.
സംഭവത്തിലെ പ്രതികളെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. യുവാവിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. മൊബൈല്‍ കണ്ടെത്തുന്നതോടെ പ്രതികളെ പിടിക്കാന്‍ കഴിയുമെന്നാണ് പോലീസ് കരുതുന്നത്. തൊട്ടടുത്ത മതിലിനുമുകളില് കണ്ടെത്തിയ ഹെല്‍മെറ്റിലെ വിരലടയാളം പോലീസ് പരിശോധിച്ചിട്ടുണ്ട്. പ്രിജേഷിനെ മര്‍ദിച്ച് അവശനാക്കി ബൈക്കില്‍ കയറ്റി കൊണ്ടിട്ടതാകാനും സാധ്യതയുണ്ടെന്ന് പോലീസ് കണക്കുകൂട്ടുന്നു.
Content Highlights: man found dead in trikarippur kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..