പോലീസിന്റെ മര്‍ദനം, സ്വകാര്യഭാഗങ്ങളില്‍ മുളക് സ്‌പ്രേ; കൊലക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി


വിഷ്ണു കോട്ടാങ്ങല്‍

അന്ന് രാവിലെ പോലീസുകാര്‍ എന്നെ മദ്യവും ഏത്തപ്പഴവും തന്ന് സത്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം കൊണ്ടുപോയതിന് ശേഷം അവിടെ എത്തിയ പോലീസുകാര്‍ക്ക് വേണ്ടി സ്ഥലവും സമീപത്തുള്ള കുളവും പരിശോധിക്കാനും സഹായിച്ചു. അങ്ങനെ സഹായിച്ചതിന് പിന്നീട് അരലിറ്റര്‍ മദ്യം പോലീസുകാര്‍ എനിക്ക് തന്നു.

സുബീഷ്

തിരുവനന്തപുരം: റെയില്‍വേ പാളത്തില്‍ കണ്ടെത്തിയ മൃതദേഹം എടുത്തുമാറ്റാനായി സഹായിച്ച ആളെ പോലീസുകാര്‍ കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതി. കൊട്ടാരക്കര ആനക്കൊട്ടൂര്‍ സ്വദേശിയായ സുബീഷാണ് കൊട്ടാരക്കര പോലീസ് തന്നെ ക്രൂരമായി മര്‍ദിച്ചതായും കൊലക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായും ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. മൂന്നുദിവസം കൊട്ടാരക്കര സ്റ്റേഷനില്‍ കുടിവെള്ളം പോലും നല്‍കാതെ പോലീസ് മര്‍ദിച്ചെന്നും എസ്.ഐ.യും സി.ഐ.യും കൈയില്‍ വിലങ്ങിട്ട ശേഷം ക്രൂരമായി മര്‍ദിച്ചെന്നും സ്വകാര്യഭാഗങ്ങളിലടക്കം മുളക് സ്‌പ്രേ അടിച്ചെന്നുമാണ് സുബീഷിന്റെ ആരോപണം.

അതേസമയം, സുബീഷിന്റെ ആരോപണം കള്ളമാണെന്നും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയായ ആളാണെന്നും കൊലക്കേസില്‍ ഇയാള്‍ സംശയനിഴലിലാണെന്നും കൊട്ടാരക്കര പോലീസ് പറഞ്ഞു. റെയില്‍വേപാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയയാള്‍ കുത്തേറ്റാണ് മരിച്ചത്. സംഭവദിവസം ഈ സ്ഥലത്തിന് 90 മീറ്റര്‍ സമീപത്തിരുന്ന് സുബീഷ് അടക്കം നാലുപേര്‍ മദ്യപിച്ചിരുന്നു. കൊല്ലപ്പെട്ടയാളും ഇവരും തമ്മില്‍ എന്തോ തര്‍ക്കമുണ്ടായെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പോലീസ് മനസിലാക്കുന്നത്. എന്നാല്‍ പോലീസിന്റെ ചോദ്യംചെയ്യലില്‍നിന്ന് ഒഴിവാകാനായാണ് മര്‍ദിച്ചെന്ന് പറഞ്ഞ സുബീഷ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും കൊട്ടാരക്കര സി.ഐ. മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.

കഴിഞ്ഞ അഞ്ചാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് നാട്ടിലെ റെയില്‍വേ പാളത്തില്‍ ആരോ മരിച്ചുകിടക്കുന്നുവെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്നാണ് സുബീഷ് അവിടെ എത്തുന്നത്. അതിന് ശേഷം സംഭവിച്ചതെല്ലാം സിനിമാ കഥപോലെ. സഹായിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ ദിവസങ്ങളോളം സ്റ്റേഷനില്‍ കയറ്റി ഇറക്കുക, കൊലപാതക കുറ്റം ആരോപിച്ച് അറസ്റ്റ് രേഖപ്പെടുത്താതെ മര്‍ദിക്കുക, അനധികൃതമായി കസ്റ്റഡിയില്‍ വെയ്ക്കുക തുടങ്ങി പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ യുവാവ് ഉന്നയിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് സുബീഷ് തന്നെ വിശദീകരിക്കുന്നു.

''റെയില്‍വേ പാളത്തില്‍ ആരോ മരിച്ച് കിടക്കുന്നുവെന്ന വിവരമറിഞ്ഞ് അറിയാവുന്ന ആളാണോ എന്നറിയാനാണ് ഞാനും അവിടേക്ക് പോയത്. തുടര്‍ന്ന് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് അവരോടൊപ്പം മൃതദേഹം മറിച്ചിടാനും പരിശോധിക്കാനുമൊക്കെ സഹായിച്ചു. അന്ന് എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയിരുന്നു. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോഴും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാനായി ആംബുലന്‍സില്‍ കയറ്റുന്നതുവരെയുള്ള കാര്യങ്ങളില്‍ പോലീസിനെ സഹായിക്കുകയും ചെയ്തു. അന്ന് രാവിലെ പോലീസുകാര്‍ എന്നെ മദ്യവും ഏത്തപ്പഴവും തന്ന് സത്കരിക്കുകയും ചെയ്തിരുന്നു. മൃതദേഹം കൊണ്ടുപോയതിന് ശേഷം അവിടെ എത്തിയ പോലീസുകാര്‍ക്ക് വേണ്ടി സ്ഥലവും സമീപത്തുള്ള കുളവും പരിശോധിക്കാനും സഹായിച്ചു. അങ്ങനെ സഹായിച്ചതിന് പിന്നീട് അരലിറ്റര്‍ മദ്യം പോലീസുകാര്‍ എനിക്ക് തന്നു. മദ്യം കഴിച്ചതുകൊണ്ട് അന്ന് എന്റെ വണ്ടിയെടുക്കാതെ ഞാന്‍ ഓട്ടോവിളിച്ച് വീട്ടിലേക്ക് പോയി. അതിന്റെ അടുത്ത ദിവസം എന്റെ സുഹൃത്ത് ജോസിനെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തു. അന്ന് രാത്രി എട്ടുമണിയോടെ എന്നെ സി.ഐ. പ്രശാന്ത് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അന്ന് എന്നെ അസഭ്യം പറഞ്ഞുകൊണ്ട് ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. ഒന്നാം തീയതി എവിടെയായിരുന്നു, രണ്ടാം തീയതി എവിടെ ആയിരുന്നു തുടങ്ങിയ കാര്യങ്ങളൊക്കെ ചോദിച്ചാണ് ചീത്ത വിളിച്ചത്. പിന്നെ അടുത്ത ദിവസം വരണമെന്ന് പറഞ്ഞ് വിട്ടയച്ചു.

അടുത്ത ദിവസം തിരുവോണമാണ്. അന്ന് ഉച്ചയ്ക്ക് ഉണ്ണാന്‍ പോലും വിടാതെ എന്നെ സ്റ്റേഷനില്‍ പിടിച്ചിരുത്തി. അങ്ങനെ ഉത്രാടം, തിരുവോണം, അവിട്ടം, ചതയം തുടങ്ങി ഓണത്തിന്റെ നാല് ദിവസവും എന്നെ സ്റ്റേഷനില്‍ കയറ്റി ഇറക്കി. കര്‍ണാടകയിലാണ് എനിക്ക് ജോലിയുള്ളത്. അവിടെ കിണറിന്റെ റിംഗിന്റെ പണിക്കാണ് ഞാന്‍ പോകുന്നത്. ജൂലൈയില്‍ നാട്ടില്‍ വന്നതിന് ശേഷം തിരികെ പോകേണ്ട സമയം ആയതിനാല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാനായി ശ്രമിച്ചു. ഇതിനായി നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകനെ കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് പോകാനാണ് ശ്രമിച്ചത്. 12-ാം തീയതി ആയിരുന്നു അത്. അദ്ദേഹം വിളിച്ച് ചോദിച്ചപ്പോഴാണ് എന്റെ പേരിലാണ് അന്വേഷണം നടക്കുന്നത് എന്നറിഞ്ഞത്. അന്ന് ഉച്ചയ്ക്ക് തന്നെ എന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് കുളിച്ച് പോലീസ് സ്റ്റേഷനിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ പോലീസ് നില്‍പ്പുണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ വീട്ടില്‍ കയറി അച്ഛനോട് എന്തൊക്കെയോ ചോദിച്ചതിന് ശേഷം എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അകത്ത് കയറ്റാതെ മണിക്കൂറുകളോളം പുറത്തിരുത്തി. വൈകീട്ട് ആറുമണിയോടെ ആണെന്ന് തോന്നുന്നു, സി.ഐ. വന്ന് രണ്ടാഴ്ച കഴിയാതെ പുറത്ത് പോകേണ്ട എന്ന് എന്നോട് നിര്‍ദ്ദേശിച്ചു. അത് സമ്മതിച്ച് ഞാന്‍ വീട്ടിലേക്ക് പോയി.

പിന്നീട് 20-ാം തീയതി എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയതിന് പിന്നാലെ സുഭാഷ് ആരാണ്, സന്തോഷ് ആരാണ് തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. സുഭാഷ് എന്റെ ചേട്ടനും സന്തോഷ് സുഹൃത്തുമാണ്. അക്കാര്യം ഞാന്‍ പറഞ്ഞു. തുടര്‍ന്ന് മരിച്ച ആളെ അറിയാമോയെന്ന് ആരാഞ്ഞു. മലയാളിയാണോ, ഹിന്ദിക്കാരനാണോ, തമിഴനാണോ, കന്നഡക്കാരനാണോ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. എനിക്കറിയില്ല എന്ന് പറഞ്ഞതിന് പിന്നാലെ എന്നെ ലോക്കപ്പിലിട്ടു. അന്ന് രാത്രി ഒമ്പത് മണി ആയിക്കാണും, എന്നെ പുറത്തിറക്കി കൈരണ്ടും പുറകിലേക്കിട്ട് വിലങ്ങിട്ടുപൂട്ടി. പിന്നെ കുനിച്ച് നിര്‍ത്തി സി.ഐ.യും എസ്.ഐ.യും എന്നെ ഇടിച്ചു. നടുവിനാണ് ഇടിച്ചത് മുഴുവനും. പറയാനുള്ളത് പറയെടാ എന്ന് ആക്രോശിച്ചാണ് അവര്‍ ഇടിക്കുന്നത്. എന്റെ ജീവിതത്തില്‍ ആദ്യമായി കാണുന്ന ആളെപ്പറ്റി ഞാന്‍ എന്താണ് പറയേണ്ടത്. എന്നെ ഇടിക്കരുത് സാറുമ്മാര് പറയുന്നതുപോലെ ഞാന്‍ കുറ്റം ഏറ്റോളം എന്നൊക്കെ ഞാന്‍ പറഞ്ഞതാണ്.

ഇതിനുപിന്നാലെ അവര്‍ എന്റെ മുടിയില്‍ പിടിച്ച് തലപിന്നോട്ടാക്കി രണ്ടുകണ്ണുകളിലും മുളക് സ്പ്രേ അടിച്ചു. എന്റെ മുണ്ടും അടിവസ്ത്രവും അഴിച്ച് സ്വകാര്യഭാഗത്തും സ്പ്രേ അടിച്ചു. രണ്ട് പോലിസുകാര്‍ കൂടി മഫ്തിയില്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കണ്ണിലും മറ്റും സ്പ്രേ അടിച്ചതിനെ തുടര്‍ന്നുണ്ടായ പുകച്ചില്‍ കാരണം കണ്ണുതുറക്കാന്‍ പറ്റാത്തതിനാല്‍ പിന്നെ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. ഈ പോലീസുകാരും എന്നെ മര്‍ദിച്ചുവെന്നാണ് തോന്നുന്നത്. ആരോ എന്റെ കാലില്‍ കയറി നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന് ശേഷം കണ്ണ് തുറക്കാന്‍ സാധിച്ചപ്പോള്‍ എസ്.ഐ എന്റെ കാലിന്റെ വെള്ളയില്‍ വടികൊണ്ട് ശക്തമായി അടിക്കുന്നതാണ് കണ്ടത്. എസ്ഐ അടിച്ച് എന്റെ വലത് കാലിന്റെ തള്ളവിരലിന്റെ എല്ല് പൊട്ടിച്ചു. കാലിന്റെ വെള്ള മുഴുവന്‍ അടിച്ച് പൊട്ടിച്ചു, കാലില്‍ നീര് വെച്ചു. ഞങ്ങള്‍ മൂന്നുപേരും അന്ന് എന്താണ് ചെയ്തത് എന്ന് ചോദിച്ചാണ് മര്‍ദിച്ചത്. എന്നെ മര്‍ദിച്ചതിന് പിന്നാലെ സുഭാഷിനെയും സന്തോഷിനെയും പിന്നെ ഷാജി എന്നൊരാളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അപ്പോള്‍ സമയം പാതിരാത്രി ആയിക്കാണും.

ഇവരെ മൂന്നുപേരെയും വെവ്വേറെ ചോദ്യം ചെയ്തു. അതിന് ശേഷം 22-ന് രാവിലെയാണ് എന്നെയും അവരെയും സ്റ്റേഷനില്‍ നിന്ന് വിടുന്നത്. ആകെ അവശനായതിനെ തുടര്‍ന്ന് ഞാന്‍ ഉച്ചയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അവിടെവെച്ച് എന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് തടയാന്‍ അവിടെയുണ്ടായിരുന്ന പോലീസുകാരന്‍ ശ്രമിച്ചു. എന്റെ അവസ്ഥ ഡോക്ടറോട് പറഞ്ഞതിനെ തുടര്‍ന്നാണ് എന്നെ അഡ്മിറ്റ് ചെയ്തത്. മരിച്ച ആളാരാണെന്നോ, എന്തിനാണ് അവിടെ വന്നതെന്നോ എനിക്കറിയില്ല. അതൊരു കൊലപാതകമാണെന്ന്് എനിക്ക് അന്ന് തന്നെ സംശയമുണ്ട്. കാരണം എന്റെ ബന്ധു ഒരാള്‍ ട്രെയിനിടിച്ചാണ് മരിച്ചത്. സാധാരണ ട്രെയിനിടിച്ച് മരിച്ചാല്‍ കിടക്കുന്നതുപോലെയല്ല ഈ മൃതദേഹം കിടന്നത്. ട്രെയിനിടിച്ചാല്‍ ശരീരം ചിതറി പോവുകയാണ് പതിവ്. എന്നാല്‍ അത്തരം മുറിവുകളൊന്നും ആ മൃതദേഹത്തില്‍ കണ്ടിരുന്നില്ല.

മൃതദേഹം കണ്ടതിന് ആറുകിലോമീറ്റര്‍ അകലെ ആനക്കൊട്ടൂരെന്ന സ്ഥലത്താണ് ഞാന്‍ താമസിക്കുന്നത്. ഡിസ്ചാര്‍ജ് എഴുതി വാങ്ങണമെന്നും കേസ് ഉണ്ടാക്കരുതെന്നുമൊക്കെ പോലീസുകാര്‍ വിളിച്ച് സമ്മര്‍ദം ചെലുത്തി. പക്ഷേ, ഇനി ഞാന്‍ വഴങ്ങില്ല. ഒരുതെറ്റും ചെയ്യാഞ്ഞിട്ടും എന്നെ ഇത്രയും മര്‍ദിക്കാമെങ്കില്‍ ഇനി അവര്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും. എന്റെ ഇടത് കണ്ണില്‍ കാഴ്ചയ്ക്ക് ഇപ്പോഴും പ്രശ്നമുണ്ട്. വെളിച്ചത്തിലേക്ക് നോക്കുമ്പോള്‍ മഴവില്ലുപോലെയാണ് കാഴ്ച. അതുകൊണ്ട് ഇനി കണ്ണിനും ചികിത്സ വേണം. കാലിന്റെ വെള്ളയില്‍ അടിച്ചത് കാരണം വലതുകാലിന്റെ തള്ളവിരലിന് പൊട്ടലുണ്ടെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇനി പുറത്തിറങ്ങിയാല്‍ പോലീസുകാര്‍ എങ്ങനെ പെരുമാറും എന്നതില്‍ എനിക്ക് ഭയമുണ്ട്.''

കൊട്ടാരക്കര പോലീസിന്റെ ക്രൂരമര്‍ദനത്തില്‍ സുബീഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഇനി മനുഷ്യാവകാശ കമ്മിഷനെയും കോടതിയെയും സമീപിക്കുമെന്നും സുബീഷ് പറഞ്ഞു.

കൊട്ടാരക്കര പോലീസിന്റെ വിശദീകരണം

''ഒരാളെ കുത്തിക്കൊന്ന കേസില്‍ സുബീഷ് ഉള്‍പ്പെടെ അഞ്ചുപേര്‍ സംശയ നിഴലിലാണ്. ഈ കൊലക്കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരു ഗുണ്ടാ സംഘമുണ്ട്. സുബീഷ് നിരവധി കേസുകളിലെ പ്രതിയാണ്. ഗുണ്ടാ നിയമപ്രകാരം ജയിലില്‍ കിടന്ന ആളുമാണ്. കൊലപാതകം നടന്നതെന്ന് കരുതുന്ന ദിവസം സംഭവ സ്ഥലത്തിന്റെ 90 മീറ്റര്‍ സമീപത്ത് ഇവര്‍ നാലുപേര്‍ ചേര്‍ന്ന് മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ മൊഴിയെടുക്കുമ്പോള്‍ അക്കാര്യം മറച്ചുവെച്ചാണ് ഇവര്‍ പോലീസിനോട് സംസാരിക്കുന്നത്. മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴും ഇവരെല്ലാം സമീപത്തുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് നാലോ അഞ്ചോ തവണ മൊഴിയെടുക്കാനായി വിളിപ്പിച്ചു. തന്നെ സംശയിക്കുന്നുവെന്ന് മനസിലാക്കി പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാതിരിക്കാനുള്ള മാര്‍ഗമായാണ് ഇയാള്‍ മര്‍ദനമേറ്റെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്. പോലീസിന്റെ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നത്.

ഇവരുടെ മൊഴി പലതവണ എടുത്തു. പറഞ്ഞതെല്ലാം കളവാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെ അടുത്ത തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. അപ്പോഴാണ് പോലീസ് മര്‍ദിച്ചുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റായത്. ഈ കേസില്‍ സംശയിക്കപ്പെടുന്ന ആളുകളാണ് ഇവര്‍. ഈ സ്ഥലത്ത് വെച്ച് ഇവരുമായി കൊല്ലപ്പെട്ട ആളും തമ്മില്‍ എന്തോ പ്രശ്നമുണ്ടായി കുത്തേറ്റ് കൊല്ലപ്പെട്ടുവെന്നാണ് പോലീസ് മനസിലാക്കുന്നത്. കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശിയാണ് കൊല്ലപ്പെട്ടത്.''- കൊട്ടാരക്കര സിഐ


Content Highlights: man filed complaint against kottarakkara police for custodial attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented