പ്രതീകാത്മക ചിത്രം | Mathrubhumi
ഹൈദരാബാദ്: ലോഡ്ജില്‍വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ അമിതരക്തസ്രാവമുണ്ടായി യുവാവ് മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശിയായ ശ്രീനാഥി(28)നെയാണ് നെല്ലൂരിലെ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന് ശസ്ത്രക്രിയ നടത്തിയ രണ്ട് ഫാര്‍മസി വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ചയാണ് ശ്രീനാഥിനെ നെല്ലൂരിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോഡ്ജ് ജീവനക്കാരാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയക്കിടെയാണ് യുവാവിന്റെ മരണം സംഭവിച്ചതെന്നും ഫാര്‍മസി വിദ്യാര്‍ഥികളാണ് ലോഡ്ജ് മുറിയില്‍വെച്ച് ശസ്ത്രക്രിയ നടത്തിയതെന്നും കണ്ടെത്തിയത്.
ഹൈദരാബാദില്‍ ജോലിചെയ്തിരുന്ന ശ്രീകാന്ത് ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. അടുത്തിടെയാണ് ഇയാള്‍ ബി.ഫാം വിദ്യാര്‍ഥികളായ മസ്താനെയും ജീവയെയും പരിചയപ്പെട്ടത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള തന്റെ ആഗ്രഹം ഇവരോട് പങ്കുവെച്ചു. മുംബൈയില്‍ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു ശ്രീകാന്തിന്റെ തീരുമാനം. എന്നാല്‍ ബി.ഫാം വിദ്യാര്‍ഥികള്‍ ഇതില്‍നിന്ന് യുവാവിനെ പിന്തിരിപ്പിക്കുകയും കുറഞ്ഞ ചെലവില്‍ തങ്ങള്‍ ശസ്ത്രക്രിയ നടത്താമെന്ന് പറയുകയുമായിരുന്നു.
ശസ്ത്രക്രിയ നടത്താനായാണ് ശ്രീകാന്തും വിദ്യാര്‍ഥികളും നെല്ലൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. തുടര്‍ന്ന് യൂട്യൂബ് വീഡിയോ നോക്കി വിദ്യാര്‍ഥികള്‍ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് അമിത രക്തസ്രാവമുണ്ടായി ശ്രീകാന്ത് മരണപ്പെട്ടത്. യുവാവിന് അമിതമായ അളവില്‍ വേദനസംഹാരി നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: man dies during sex reassignment surgery in andhra pradesh two bpharm students arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..