കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം
തിരുവനന്തപുരം: വര്‍ക്കല ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ അതിക്രമങ്ങള്‍ പതിവാകുന്നതായി പരാതി. ബീച്ചില്‍ സര്‍ഫിങ് നടത്തുന്നതിന് എത്തുന്ന വിദേശവനിതകള്ക്കാണ് ഇത്തരം ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നത്. ഞായറാഴ്ച രാവിലെ സര്‍ഫിങ് നടത്തുന്നതിനിടയില്‍ തീരത്ത് വിശ്രമിക്കുകയായിരുന്ന ഫ്രഞ്ച് യുവതിയ്ക്ക് നേരെ നാട്ടുകാരനായ ഒരാള്‍ പൊട്ടിയ ബിയര്‍ കുപ്പിയുമായി എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. നീന്തല്‍ വസ്ത്രം ധരിച്ച് ഇരുന്നതിനാലാണ് ഇയാള്‍ പ്രശ്നമുണ്ടാക്കിയതെന്ന് ഫ്രഞ്ച് വനിത പറഞ്ഞു.
കഴിഞ്ഞയാഴ്ചയിലും അതിനുമുന്പും ഇതേ വ്യക്തിതന്നെ വിദേശവനിതകളെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രശ്നക്കാരനായ ആളെക്കുറിച്ച് വിദേശ വനിതകളും പ്രദേശത്ത് സര്‍ഫിങ് നടത്തുന്നവരും അയിരൂര്‍ പോലീസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. ഞായറാഴ്ച രാവിലെയും അറിയിച്ചിട്ടും പോലീസ് എത്തിയിരുന്നില്ല.
കഴിഞ്ഞയാഴ്ചയുണ്ടായ സംഭവം വ്ളോഗറായ ഒരു യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും കേരള പോലീസിനെയും ഈ പോസ്റ്റില്‍ ടാഗും ചെയ്തു. ഇതിന് ഒരു മില്യണ്‍ കാഴ്ചക്കാര്‍ ഉണ്ടായിട്ടും അധികൃതര്‍ ആരും തന്നെ നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് വ്ളോഗറായ യുവതി പറയുന്നത്.
ഇത്തരം പ്രവണതകള്‍ തടയപ്പെടേണ്ടത് അത്യാവശ്യമാണെന്നും വര്‍ക്കലയിലെ ടൂറിസത്തെ ഇത് സാരമായി ബാധിക്കുമെന്നും നാട്ടുകാര്‍ ഉള്‍പ്പെടെ പരാതി ഉന്നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ അധികൃതരുടെ അടിയന്തരശ്രദ്ധ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
അതേസമയം, പ്രശ്നമുണ്ടാക്കിയ ആളിന് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. കഴിഞ്ഞയാഴ്ചയുണ്ടായ സംഭവത്തിന് പിന്നാലെ ഇയാളെ പോലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നെന്നും പറയുന്നു.
Content Highlights: man creates threats foreign women in varkala beach allegation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..