Screengrab: Mathrubhumi
പത്തനംതിട്ട: ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ പരാക്രമം. ഗ്രേഡ് എസ്.ഐ.യെ ചവിട്ടി പരിക്കേല്‍പ്പിച്ച പ്രതി സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്കാനറും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പോലീസ് സ്റ്റേഷനില്‍ അതിക്രമം കാട്ടിയത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്നെ ഏതെങ്കിലും കേസില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാജി തോമസ് ആദ്യം പോലീസ് സ്റ്റേഷനിലെത്തിയത്. ഇയാളുടെ ആവശ്യം കേട്ട് അമ്പരന്ന പോലീസുകാര്‍ ഇയാളെ അനുനയിപ്പിച്ച് പറഞ്ഞയച്ചു. എന്നാല്‍ സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് പോയ ഷാജി ഒരു സ്വകാര്യ ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്റെ ചില്ല് തകര്‍ന്നു. തുടര്‍ന്ന് ബസ് ജീവനക്കാരനാണ് ഇയാളെ പിടികൂടി പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സ്റ്റേഷനില്‍ എത്തിയതോടെ പ്രതി വീണ്ടും പരാക്രമം തുടങ്ങി. സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസുകാര്‍ ഇയാളുടെ കൈകള്‍ ബന്ധിച്ചു. എന്നാല്‍ കസേരകളും ബെഞ്ചും ഇടിച്ചുതകര്‍ത്ത ഇയാള്‍ സ്റ്റേഷനിലുണ്ടായിരുന്ന സ്കാനറും എറിഞ്ഞുടച്ചു. സ്റ്റേഷന് കെട്ടിടത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ടൈല്‍സുകള്‍ ഇളക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രേഡ് എസ്.ഐ.യെയും ആക്രമിച്ചത്. ഗ്രേഡ് എസ്.ഐ.യുടെ നെഞ്ചില്‍ ചവിട്ടുകയായിരുന്നു.
കഞ്ചാവ് ലഹരിയിലാണ് ഷാജി തോമസ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ സംശയം. സ്റ്റേഷനില്‍ 25,000 രൂപയുടെ നാശനഷ്ടമുണ്ടായതായും പോലീസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബസിന്റെ ചില്ല് തകര്‍ത്തതിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
നേരത്തെ ബസുകള്‍ കടത്തിക്കൊണ്ടുപോയതിന് ഷാജി തോമസ് രണ്ടുതവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കെ.എസ്.ആര്.ടി.സി. ബസും അടൂരില്‍നിന്ന് ഒരു സ്കൂള്‍ ബസുമാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്.
Content Highlights: man creates ruckus in chittar police station pathanamthitta
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..