അമൽജിത്ത്
തിരുവനന്തപുരം : കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്ന് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചശേഷം യുവാവ് ആത്മഹത്യചെയ്തു. വെങ്ങാനൂർ പോങ്ങുവിളവീട്ടിൽ അമൽജിത്ത് (27) ആണ് തൂങ്ങിമരിച്ചത്.
വെള്ളിയാഴ്ച രാത്രി കൺട്രോൾ റൂമിലേക്ക് ഫോൺചെയ്ത ഇയാളെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചിരുന്നു. തുടർന്ന് വിവരം വിഴിഞ്ഞം പോലീസിന് കൈമാറി. 20 മിനിറ്റിനുള്ളിൽ പോലീസ് വീട് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. തൊടുപുഴ പോലീസ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചെന്നും മനോരോഗ ആശുപത്രിയിലാക്കിയെന്നും ഇത് തന്റെ മരണമൊഴിയായി കണക്കാക്കണമെന്നും അമൽജിത്ത് പോലീസിനോട് പറഞ്ഞിരുന്നു.
കുടുംബപ്രശ്നങ്ങൾ കാരണം ഇയാൾ കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. 2016-ൽ കൊച്ചി കടവന്ത്രസ്വദേശിനിയെ വിവാഹം കഴിച്ച് അതിൽ രണ്ടുകുട്ടികളുണ്ട്. ഒന്നരവർഷംമുമ്പ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിനിയെയും ഇയാൾ വിവാഹംചെയ്തു. രണ്ടാംഭാര്യയുടെ ആദ്യഭർത്താവിനെ ആക്രമിച്ചതിനാണ് ഇയാളുടെപേരിൽ തൊടുപുഴ പോലീസ് കേസെടുത്തത്. ഇതിൽ ജയിലിലായി മാനസികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചിരുന്നു.
തൊടുപുഴ സർക്കിൾ ഇൻസ്പെക്ടർ കള്ളക്കേസെടുത്ത് തന്റെ ജീവിതം നശിപ്പിച്ചുവെന്നായിരുന്നു അമൽജിത്തിന്റെ ആരോപണം. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. രണ്ടാംഭാര്യ ജോസ്മിയെ ക്രൂരമായി മർദിച്ചതിന് രണ്ടുദിവസംമുമ്പ് അമൽജിത്തിനെതിരേ വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു.
അച്ഛൻ: എൻ. അജി. അമ്മ: ടി. രമ. ഭാര്യ: ഹരിത. മക്കൾ: ധീരവ്, രുദ്ര.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Man commits suicide after informing police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..