'ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലില്‍, ഇത് മരണമൊഴി'; പോലീസിനെ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി


ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. താന്‍ ഇത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ തനിക്കെതിരേ മാത്രം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്തെന്നായിരുന്നു അമല്‍ജിത്തിന്റെ ആരോപണം.

അമൽജിത്ത് | Screengrab: Mathrubhumi News

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ അമല്‍ജിത്താണ്(28) താന്‍ മരിക്കാന്‍ പോവുകയാണെന്ന് വിഴിഞ്ഞം സ്‌റ്റേഷനിലേക്ക് വിളിച്ചറിയിച്ചശേഷം തൂങ്ങിമരിച്ചത്. ഇടുക്കി തൊടുപുഴ പോലീസ് കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചെന്നും അതിനാലാണ് ജീവനൊടുക്കുന്നതെന്നും യുവാവ് പോലീസിനോട് പറഞ്ഞിരുന്നു.

ചെയ്യാത്ത കുറ്റത്തിന് 49 ദിവസം ജയിലിലടച്ചെന്നും 17 ദിവസം മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയെന്നുമായിരുന്നു അമല്‍ജിത്തിന്റെ ആരോപണം. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ യുവാവിനെ ഫോണില്‍ സംസാരിച്ച പോലീസുകാരന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫോണ്‍ കോള്‍ കട്ടാക്കിയതിന് ശേഷം എല്ലാവര്‍ക്കും ഇതിന്റെ റെക്കോഡിങ് അയച്ചുകൊടുത്തശേഷം താന്‍ മരിക്കുമെന്നായിരുന്നു യുവാവ് പറഞ്ഞത്. തുടര്‍ന്ന് അതുപോലെ ചെയ്തു. ഇതിനിടെ, വെങ്ങാനൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. പക്ഷേ, പോലീസ് കണ്ടെത്തും മുന്‍പേ യുവാവ് തൂങ്ങിമരിച്ചിരുന്നതായാണ് വിവരം.

ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ ആദ്യഭര്‍ത്താവ് ഭാര്യയെ ആക്രമിച്ചു. താന്‍ ഇത് തടയാന്‍ ശ്രമിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ തനിക്കെതിരേ മാത്രം തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കേസെടുത്തെന്നായിരുന്നു അമല്‍ജിത്തിന്റെ ആരോപണം. തന്റെ ഫോണ്‍കോള്‍ മരണമൊഴിയായി രേഖപ്പെടുത്തണമെന്നും യുവാവ് പറഞ്ഞിരുന്നു. അമല്‍ജിത്തിന്റെ ആരോപണങ്ങളെക്കുറിച്ചും കേസ് സംബന്ധിച്ചും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

യുവാവിന്റെ ഫോണ്‍സംഭാഷണത്തില്‍നിന്ന്:-

അമല്‍ജിത്ത്: എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോളാണ്

പോലീസുകാരന്‍: എന്തുപറ്റി

അമല്‍ജിത്ത്: സാറേ, എന്റെ ജീവിതത്തിലെ പ്രശ്‌നങ്ങളെന്ന് പറഞ്ഞാല്‍, ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷേ, പോലീസ് എന്റെയൊരു കാര്യത്തില്‍, എന്റെ ജീവിതത്തില്‍ പക്ഷപാതമുള്ളൊരു കേസ് എന്റെ തലയില്‍ കെട്ടിവെച്ചു. അതുകൊണ്ട് ഞാന്‍ മരിക്കാന്‍ പോവുകയാണ്.

പോലീസുകാരന്‍: എവിടെയാണ്, ഏത് സ്‌റ്റേഷനിലെ ആള്‍ക്കാരാണ് നിങ്ങള്‍ക്കെതിരേ പ്രശ്‌നമുണ്ടാക്കിയത്?

അമല്‍ജിത്ത്: തൊടുപുഴ സ്റ്റേഷനിലെ ആള്‍ക്കാരാണ്. ഇടുക്കി തൊടുപുഴ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്

പോലീസുകാരന്‍: നിങ്ങള്‍ താമസിക്കുന്നത് തിരുവനന്തപുരത്താണോ?

അമല്‍ജിത്ത്: അതെ, എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍, വയറ്റിലുണ്ടായിരുന്ന എന്റെ കുഞ്ഞിനെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളെ ഞാന്‍ എതിര്‍ത്തുമാറ്റി. ആ പേരില്‍ എന്റെ ഭാഗത്തേക്ക് മാത്രം കേസെടുത്തു. സാര്‍ ഇത് എന്റെ മരണമൊഴിയായി രേഖപ്പെടുത്തണം.

പോലീസുകാരന്‍: ഇപ്പോള്‍ ഇങ്ങനെ സംഭവിക്കേണ്ട കാര്യമെന്താണ്? അടിയും പ്രശ്‌നവുമെല്ലാം ഉണ്ടാകാന്‍ കാരണമെന്താണ്?

അമല്‍ജിത്ത്: എന്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിഞ്ഞു.

പോലീസുകാരന്‍: നിങ്ങള്‍ക്ക് രണ്ടുഭാര്യമാരുണ്ടോ?

അമല്‍ജിത്ത്: ആ.. എനിക്ക് ആദ്യത്തേതില്‍ രണ്ട് കുഞ്ഞുങ്ങളുണ്ട്. രണ്ടാമത്തെ ഭാര്യയില്‍ ഒരു കുഞ്ഞുണ്ട്.

പോലീസുകാരന്‍: ആ. എന്നിട്ട് ഇപ്പോള്‍ പ്രശ്‌നം ഏത് ഭാര്യയുമായിട്ടാണ്?

അമല്‍ജിത്ത്: ഭാര്യയുമായിട്ടല്ല പ്രശ്‌നം. ഭാര്യയുടെ ആദ്യത്തെ ഭര്‍ത്താവ് എന്റെ ജീവിതം നശിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചു. അപ്പോള്‍ ഞാന്‍ മരണത്തിന് കീഴടങ്ങുകയാണ്.

പോലീസുകാരന്‍: നിങ്ങള്‍ മരിക്കാനുള്ള കാരണം എന്താണ്

അമല്‍ജിത്ത്: പോലീസ് പക്ഷപാതംനിന്ന് കേസെടുത്തത് കൊണ്ട് മാത്രമാണ്

പോലീസുകാരന്‍: അങ്ങനെയാണെങ്കില്‍ നമുക്ക് മറ്റുമാര്‍ഗങ്ങളില്ലേ, നിങ്ങള്‍ മരിച്ചുപോയാല്‍ അതില്‍ ആരാണ് നടപടിയെടുക്കുക.

അമല്‍ജിത്ത്: ഞാന്‍ മരിച്ചുപോയി കഴിഞ്ഞാലും ഇവിടുത്തെ നിയമം.

പോലീസുകാരന്‍: നിങ്ങള്‍ക്കെതിരേ ഒരാള്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ അവര്‍ക്കെതിരേ പരാതി കൊടുക്കുക.

അമല്‍ജിത്ത്: സാര്‍ ചെയ്യാത്ത കുറ്റത്തിന് ഞാന്‍ 49 ദിവസം ജയിലില്‍ കിടന്നു. 49 ദിവസം എന്നെ ജയിലിലാക്കിയതും 17 ദിവസം എന്നെ മാനസികരോഗ ആശുപത്രിയിലാക്കിയതും തിരിച്ചുകിട്ടുമോ. നഷ്ടപ്പെട്ടുപ്പോയ എന്റെ ഇമാജിനേഷന്‍ എനിക്ക് തിരിച്ചുകിട്ടുമോ. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് എന്റെ മൂന്ന് മക്കള്‍ക്കും ആവശ്യമുള്ള പഠിപ്പിനുള്ള കാര്യവും ഭക്ഷണത്തിനുള്ള കാര്യവും നല്‍കണം. ഞാന്‍ മരിക്കും സാറേ. ഈ ഫോണ്‍കോള്‍ കട്ട് ചെയ്ത് കഴിഞ്ഞാല്‍ ഞാന്‍ മരിക്കും.

പോലീസുകാരന്‍: നിങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ നിങ്ങളുടെ മക്കളെ ആരാണ് നോക്കുക

അമല്‍ജിത്ത്: എന്റെ മക്കളെ എന്റെ സര്‍ക്കാര്‍ നോക്കും സാറേ. ദൈവം അനുഗ്രഹിക്കട്ടെ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Content Highlights: man commits suicide after informing police in venganoor trivandrum


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023

Most Commented