Photo: Screengrab
തിരുവനന്തപുരം:പ്രണയനൈരാശ്യത്തില്‍ മദ്യപിച്ച് ടവറിന് മുകളില്‍ കയറി ഉറങ്ങിപ്പോയ യുവാവിനെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. പുല്ലമ്പാറയില്‍ യുവാവ് ടവറിന് മുകളില്‍ കയറിയിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തുന്നത്. മുകളിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ കാല് പുറത്തേക്ക് നീണ്ട നിലയില്‍ കിടന്നുറങ്ങുന്ന യുവാവിനെയാണ് കണ്ടത്. മദ്യലഹരിയിലായിരുന്നു യുവാവ്. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറി ഇയാളെ താഴെ ഇറക്കുകയായിരുന്നു.
സംഭവം ഇങ്ങനെ: കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് വെഞ്ഞാറമൂട് പുല്ലമ്പറയില് ടവറിനു മുകളില്‍ ഒരു ചെറുപ്പക്കാരന് കയറിയിരിക്കുന്നുവെന്ന് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് വിവരം ലഭിച്ചത്. ഉടന്‍ തന്നെ പോലീസ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. പോലീസും, ഫയര്‍ഫോഴ്സും, നാട്ടുകാരും പുല്ലമ്പാറ പഞ്ചായത്ത് ഓഫീസിനു സമീപപ്രദേശത്തും സ്ഥിതിചെയുന്ന ടവറിന് ചുവട്ടിലെത്തി. മുകളിലേക്ക് ടോര്‍ച്ചടിച്ചു നോക്കി, സംഭവമുള്ളതാണ് ഒരാളുടെ കാല് പുറത്തേക്ക് കിടക്കുന്നു.
മെയിന്റനന്‍സ് ജോലിക്കായി കയറി നില്ക്കാന് കഴിയുന്ന സ്ഥലത്ത് ചെറുപ്പക്കാരന് കിടന്നുറങ്ങുകയാണ്. യാതൊരു അനക്കവുമില്ല. ഫയര്‍ഫോഴ്സ് വാഹനം കടന്നുപോകാത്ത വഴിയായതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തന സാമഗ്രികളുമായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ഏറെബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. ഒടുവില്‍ രണ്ടും കല്പ്പിച്ചു രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുകളിലേക്ക് കയറിത്തുടങ്ങി. ലഹരിയിലായതു കൊണ്ട് തന്നെ ചെറുപ്പക്കാരന് സംഭവം ഒന്നും അറിയുന്നുണ്ടായിരുന്നില്ല.
ശബ്ദം ഉണ്ടാക്കാതെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്ചെറുപ്പക്കാരന്റെ അടുത്തെത്തി കയറുകൊണ്ട്ഇടുപ്പില് കെട്ടി സുരക്ഷ ഉറപ്പിച്ചു. പിന്നെ തട്ടി ഉണര്‍ത്തി ഓരോ ചുവടും പിടിച്ചിറക്കി നിലത്തെത്തിച്ചു. എന്തിനാ മുകളില്‍ കയറിയത് എന്ന വെഞ്ഞാറമൂട് സര്‍ക്കിള്‍ഇന്‍സ്പെക്ടറുടെ ചോദ്യത്തിന് ചെറുപ്പക്കാരന് നല്കിയ മറുപടിയാണ്, 'സര് അടിച്ച ഒ.പി.ആര് ചതിച്ചതാണ്' എന്ന്. ഈ പറച്ചില് രക്ഷാപ്രവര്ത്തനംനടത്തിയ ഉദ്യോഗസ്ഥരെയും കൂടി നിന്നവരെയും ഒരുപോലെ ചിരിപ്പിച്ചു. പ്രണയനൈരാശ്യത്തില്‍ ലഹരി ഉപയോഗിച്ചുകൊണ്ട് ചെറുപ്പക്കാരന് ടവറിന്മുകളിലേക്ക് കയറി പോയതെന്നാണ് വിവരം.
ടവറില്‍ നിന്നുംതാഴെയിറക്കിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് സജ്ജമാക്കിയിരുന്ന ആംബുലന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..