മാരകമായി മുറിവേറ്റ് യുവതി, പൊട്ടിക്കരഞ്ഞ് രണ്ട് പിഞ്ചുമക്കള്‍, പരിസരമാകെ രക്തം; നാട് നടുങ്ങി...


സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തുന്ന പോലീസ്. നടയിൽ രക്തം തളംകെട്ടികിടക്കുന്നതും കാണാം.

ഏറ്റുമാനൂര്‍: വീട്ടുവഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ ഇരു കൈകളും ഭര്‍ത്താവ് വെട്ടിമാറ്റിയെന്നായിരുന്നു ആദ്യ വിവരം. അറിഞ്ഞവര്‍ അങ്ങോട്ടേക്ക് ഓടിയെത്തി. വീടിന്റ മുന്‍ ഭാഗത്ത് മാരകമായി മുറിവേറ്റ യുവതി, തൊട്ടടുത്ത് പൊട്ടിക്കരയുന്ന രണ്ട് പിഞ്ചുമക്കള്‍, പരിസരമാകെ രക്തം തളംകെട്ടിയനിലയില്‍. കൊടുംക്രൂരതയുടെ കാഴ്ചയില്‍ അവര്‍ വിറങ്ങലിച്ചു.

കാണക്കാരി പഞ്ചായത്ത് കല്ലരി പാറപ്പുറം ഭാഗത്ത് വാടകയ്ത്ത് താമസിക്കുന്ന പ്രദീപാണ് ഭാര്യ മഞ്ജു(44)വിനെ ക്രൂരമായി ആക്രമിച്ചശേഷം ബൈക്കില്‍ രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മഞ്ജു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുന്‍വാതില്‍ പൂട്ടിയ ശേഷമാണ് പ്രദീപ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ചോരയൂര്‍ന്നുവീഴുന്ന കൈകളുമായി മഞ്ജു വീടിന്റെ പിന്‍വാതിലൂടെ പുറത്തേക്ക് ഓടി മുന്‍ഭാഗത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ മാസവും പ്രദീപ് മഞ്ജുവിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി.

സ്റ്റേഷനില്‍ വെച്ച്, ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് പ്രദീപ് പുറത്തിറങ്ങുകയായിരുന്നു. പിന്നെയും മദ്യലഹരിയില്‍ പകയൊളിപ്പിച്ച് അയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യയോടുള്ള സംശയംമൂലം പുറത്തുപോകുന്ന സമയത്ത് പ്രദീപ് മുന്‍വാതിലും ജനലുകളും അടച്ചിടുമായിരുന്നുവെന്നും ചില സമീപവാസികള്‍ പറഞ്ഞു.

ആറ് വെട്ടുകള്‍ മുഖം നുറുക്കി കൈപ്പത്തി അറ്റു

രക്തത്തില്‍ കുളിച്ച് വെട്ടിനുറുങ്ങിയ നിലയില്‍ ഒരു സ്ത്രീ. നിലവിളി ശബ്ദം കേട്ടപ്പോള്‍ ജീവനക്കാര്‍ക്ക് ചെറിയ ആശ്വാസം. ജീവന്‍ ബാക്കിയുണ്ടല്ലോ. കാണക്കാരിയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ മഞ്ജു (46) കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ ഇതായിരുന്നു സ്ഥിതി.

ഓട്ടോയില്‍നിന്ന് ഇറക്കുമ്പോള്‍ രക്തം വാര്‍ന്നൊഴുകുന്നു. ബോധം വന്നുംപോയും നിന്ന അവര്‍ പിന്നെ അബോധത്തിലേക്ക്. രക്തസമ്മര്‍ദ്ദം അപകടനിലയില്‍. ഹൃദയമിടിപ്പ് വളരെ ദുര്‍ബലം. അതിനുള്ള അടിയന്തര ചികിത്സയായിരുന്നു ആദ്യം. പിന്നെ മുറിവുകളുടെ പരിചരണത്തിലേക്ക്. മൊത്തം ആറ് വെട്ടുകളാണുള്ളത്. ഡോക്ടര്‍മാര്‍ ഞെട്ടിയത് അവരുടെ കൈയും മുഖവും പരിശോധിച്ചപ്പോഴാണ്. മുഖം തലങ്ങും വിലങ്ങും വെട്ടി നശിപ്പിക്കാന്‍ ശ്രമം.

വലതുകൈപ്പത്തിയിലെ മൂന്ന് വിരലുകള്‍ ഉണ്ടായിരുന്നില്ല. അത് എത്തിച്ചിട്ടുമില്ല. ഇതോടെ അവ തുന്നിച്ചേര്‍ക്കാമെന്ന പ്രതീക്ഷ നഷ്ടമായി. ഇടതു കൈത്തണ്ട തൂങ്ങിനില്‍ക്കുകയായിരുന്നു. ഇത് ഏറെ പരിശ്രമിച്ച് തുന്നിച്ചേര്‍ക്കനായത് ആശ്വാസമായി. ഇതിനിടയിലും രക്തസമ്മര്‍ദ്ദം താഴ്ന്നത് അപകടഭീഷണിയായി.

മുഖത്ത് തുടര്‍ച്ചയായി വെട്ടിയത് അറിയാമായിരുന്നു. മൂന്ന് തവണയെങ്കിലും വാക്കത്തി മുഖത്ത് വീണിട്ടുണ്ട്. ഇടതുകവിള്‍, ഇടത് ചെവി എന്നിവയില്‍ ആഴത്തിലുള്ള മുറിവ്. മൂക്കില്‍ മറ്റൊരു വെട്ട്. ചുണ്ടിലും മുറിവേറ്റു. ചുണ്ട് പിളര്‍ന്ന നിലയിലായിരുന്നു.

രോഗിയോട് സംസാരിക്കാനും ഇതുമൂലം പ്രയാസമായി. വലതു തോളെല്ലിനു മുകളിലും മൂന്നിഞ്ച് നീളത്തില്‍ ആഴത്തില്‍ മുറിവുണ്ട്. വധിക്കാനുള്ള ശ്രമം തന്നെയാണ് മുറിവുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു. രോഗിയുടെ നില അപകടനിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അസ്ഥികളില്‍ ഇനിയും ശസ്ത്രക്രിയ േവണ്ടിവരും. ആരോഗ്യം മെച്ചമാകുമ്പോള്‍ ഇത് ചെയ്യും. ഇപ്പോള്‍ ജീവന്‍രക്ഷാ ചികിത്സകളാണ് നല്‍കുന്നത്.

വാച്ചിനായി കാത്തിരുന്ന മകന്റെ മുന്നിലേക്ക്...

മഞ്ജുവിന്റെയും പ്രദീപിന്റെയും മൂത്ത മകനായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി അഭിനവ് ഓണ്‍ലൈനില്‍ പുതിയ വാച്ച് ഓര്‍ഡര്‍ ചെയ്തിരുന്നു. വെള്ളിയാഴ്ച അത് എത്തുമെന്നറിഞ്ഞതോടെ സന്തോഷത്തിലായിരുന്നു അവന്‍. അതിനിടെയാണ് രാവിലെ ക്രൂരമായ സംഭവം വീട്ടിലുണ്ടായത്. ഉച്ചയോടെ ഡെലിവറി ബോയ് വാച്ചുമായെത്തുമ്പോള്‍ വീടുനിറയെ ആളുകളും, ദുഃഖാര്‍ത്തരായ കുഞ്ഞുങ്ങളുമായിരുന്നു. അമ്മയുടെ ഫോണ്‍ നെഞ്ചോട് ചേര്‍ത്തുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം കണ്ണീരണിയിച്ചു. അവരുടെ അമ്മ രക്ഷപ്പെടണേയെന്നായിരുന്നു എല്ലാവരുടെയും പ്രാര്‍ഥന.

നിലവിളി കേട്ടെത്തിയത് രാജന്‍

സമീപത്ത് കട നടത്തുന്ന രാജനാണ് നിലവിളികേട്ട് ആദ്യം ഓടിയെത്തുന്നത്. ഭയനാകമായ കാഴ്ചയില്‍ ആദ്യം നടുങ്ങിയെങ്കിലും സമീപത്തുനിന്നു തുണിയും മറ്റും ശേഖരിച്ച് മഞ്ജുവിന്റെ കൈകള്‍ കെട്ടിനിര്‍ത്തിയത് രാജനായിരുന്നു. സമീപവാസിയും കാണക്കാരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കാണക്കാരി അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് ഓട്ടോറിക്ഷയില്‍ കയറ്റി മഞ്ജുവിനെ ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ വിളിച്ചുപറഞ്ഞ് ചികിത്സയ്ക്കുള്ള സൗകര്യവും ഇദ്ദേഹമൊരുക്കി. മെമ്പര്‍ അനില്‍ കുമാറും സ്ഥലത്തെത്തിയിരുന്നു.

തകര്‍ന്ന മനസ്സുമായി ആ മാതാപിതാക്കള്‍

നെഞ്ച് പൊട്ടിക്കരയുകയാണ് മഞ്ജുവിന്റെ അച്ഛന്‍ കേശവനും (91), അമ്മ പദ്മാക്ഷിയും (82). മഞ്ജുവിന്റെയും പ്രദീപിന്റെയും പ്രണയവിവാഹമായിരുന്നുവെന്ന് കേശവന്‍ പറഞ്ഞു. മദ്യപിച്ചെത്തി നിരന്തരം പ്രദീപ് പ്രശ്‌നങ്ങളുണ്ടാക്കാറുണ്ടായിരുന്നുവെന്നും. മക്കളെ ഓര്‍ത്ത് അവള്‍ അത് സഹിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

Content Highlights: Man chops off wife's hand in Ettumanoor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented