അറസ്റ്റിലായ സുജിത്, വിഷ്ണു, അഭിലാഷ് ഇൻസൈറ്റിൽ മരിച്ച പുഷ്‌കരൻ
കിളിമാനൂര്‍: യുവാക്കളുടെ മര്‍ദനമേറ്റ ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ചെങ്കിക്കുന്ന് കുറിയിടത്തുകോണം ചരുവിള വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്ന പുഷ്‌കരന്‍(45) ആണ് മരിച്ചത്. ചെമ്മരത്തുമുക്ക് രാമനല്ലൂര്‍ക്കോണം ചരുവിള വീട്ടില്‍ സുജിത്(31), കണ്ണയംകോട് പ്രസന്ന മന്ദിരത്തില്‍ വിഷ്ണു(30), കണ്ണയംകോട് ചരുവിള വീട്ടില്‍ അഭിലാഷ്(30) എന്നിവരെയാണ് നഗരൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇവരുടെ പേരില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം.
ഇരുചക്രവാഹനത്തില്‍ മകനൊപ്പം പുറത്തുപോയി വന്ന പുഷ്‌കരന്‍ വീടിനടുത്ത് വാഹനം വച്ച ശേഷം ടാര്‍പ്പോളിന്‍കൊണ്ട് മൂടുന്നതിനിടെ അയല്‍വാസിയും സുഹൃത്തുമായ വേണുവും അവിടെയെത്തി. മകന്‍ വീട്ടിലേക്കു പോയശേഷം ഇരുവരും സംസാരിച്ചു നില്‍ക്കുകയായിരുന്ന സമയത്ത് സമീപത്ത് വയലരികില്‍ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികള്‍ ഇവര്‍ക്കു നേരേ ഗ്ലാസ് എറിഞ്ഞുടച്ചു. ഇതു ചോദ്യംചെയ്ത വേണുവിനെ അടിച്ചു നിലത്തിട്ടു.
മര്‍ദിക്കുന്നത് വിലക്കിയ പുഷ്‌കരനെയും പ്രതികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് കുഴഞ്ഞുവീണ് അവശനിലയിലായ പുഷ്‌കരനെ കേശവപുരം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പുഷ്‌കരന്‍ മരണപ്പെട്ടിരുന്നു.
പരിശോധനയ്ക്കു ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം പുഷ്‌കരന്റെ വാലഞ്ചേരിയിലുള്ള കുടുംബവീടായ കുഴിവിള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.
റോഡ് നിര്‍മാണത്തൊഴിലാളിയാണ് പുഷ്‌കരന്‍. കുറിയിടത്തുകോണം അപ്പൂപ്പന്‍കാവിലെ ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികളാണ് ഒന്നാം പ്രതി സുജിത്തും മര്‍ദനമേറ്റ വേണുവും മരിച്ച പുഷ്‌കരനും.അപ്പൂപ്പന്‍കാവിലെ മുന്‍ സെക്രട്ടറിയായിരുന്നു സുജിത്. വേണു നിലവില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റും ബന്ധുകൂടിയായ പുഷ്‌കരന്‍ വൈസ് പ്രസിഡന്റുമായിരുന്നു.
സുജിത്തിനെ ക്ഷേത്ര കമ്മിറ്റി ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ ശത്രുത ഉണ്ടായിരുന്നതായി പറയുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകം വരെ എത്തിയത്. ആറ്റിങ്ങല്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുല്‍ സമദ്, നഗരൂര്‍ എസ്.ഐ. അമൃത് സിങ് നായകം, എസ്.സി.പി.ഒ. അജിത്, സി.പി.ഒ. റോഷ്, പ്രദീപ്, രാജീവ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
സുനിതയാണ് മരിച്ച പുഷ്‌കരന്റെ ഭാര്യ. മകന്‍: ശിവ.
Content Highlights: man beaten to death in thiruvanathapuram three arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..