പിടിച്ചെടുത്ത കഞ്ചാവും അറസ്റ്റിലായ പ്രതി നഹാസും
താമരശ്ശേരി: ആന്ധ്രയില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച ഇരുപത് ലക്ഷത്തിലധികം രൂപ വിലവരുന്ന 39 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. പൂനൂര്‍ വട്ടപ്പൊയില്‍ ചിറക്കല്‍ റിയാദ് ഹൗസില്‍ നഹാസ് (37) ആണ് അടിവാരം ചേലോട്ട് മൂലോഞ്ഞി എസ്റ്റേറ്റിലെ വാടകവീട്ടില്‍നിന്ന് കഞ്ചാവ് സഹിതം പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്.പി. ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. അശ്വകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഫെബ്രുവരി 11-ന് ലോറിയില്‍ ആന്ധ്രയിലേക്കുപോയ പ്രതി ഒരാഴ്ചകഴിഞ്ഞ് കേരളത്തിലെത്തി മൊത്തവിതരണക്കാര്‍ക്ക് വില്‍പ്പന നടത്തിയതിന്റെ ബാക്കി കഞ്ചാവാണ് കണ്ടെടുത്തതെന്ന് താമരശ്ശേരി ഡിവൈ.എസ്.പി. അറിയിച്ചു. കഴിഞ്ഞ ദിവസം കൊടുവള്ളിയില്‍നിന്ന് 14 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ തലപ്പെരുമണ്ണ പുല്‍പ്പറമ്പില്‍ ഷബീര്‍ (33) ഉള്‍പ്പെടെയുള്ളവര്‍ക്ക് നഹാസാണ് കഞ്ചാവ് എത്തിച്ചുനല്‍കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഷബീറില്‍നിന്ന് ലഭിച്ച വിവരത്തിന്റെകൂടി അടിസ്ഥാനത്തിലാണ് നഹാസ് പിടിയിലായത്.
കഞ്ചാവ് സൂക്ഷിക്കുന്നതിനുവേണ്ടിയാണ് വീട് വാടകയ്‌ക്കെടുത്തത്. നവംബര്‍ മാസത്തിനുശേഷം മാത്രം ആറുതവണയായി 300 കിലോയോളം കഞ്ചാവ് ഇങ്ങനെ എത്തിച്ചതായാണ് വിവരം. വില്‍പ്പനനടത്തി കിട്ടുന്ന പണം ഉപയോഗിച്ച് ബെംഗളൂരൂ, മൈസൂരൂ എന്നിവിടങ്ങളില്‍ ആര്‍ഭാടജീവിതം നയിക്കുകയാണ് പതിവ്.
മുമ്പ് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന, നല്ല സാമ്പത്തികശേഷിയുള്ള പ്രതി പെട്ടെന്ന് പണമുണ്ടാക്കുന്നതിനുവേണ്ടിയാണ് ലഹരിവസ്തുവിപണനത്തിലേക്കു തിരിഞ്ഞത്. മൂന്നുമാസത്തോളം ആന്ധ്രയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കാലത്തെ പരിചയമാണ് കഞ്ചാവ് ലോബിയുമായി ബന്ധപ്പെടാന്‍ പ്രതിക്ക് വഴിയൊരുക്കിയതെന്ന് പോലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള അന്വേഷണം തുടരും.
ക്രൈം സ്‌ക്വാഡ് എസ്.ഐ.മാരായ രാജീവ്ബാബു, വി.കെ. സുരേഷ്, പി. ബിജു, കെ.പി. രാജീവന്‍, സീനിയര്‍ സി.പി.ഒ. വി.വി. ഷാജി, അബ്ദുള്‍ റഹീം നേരോത്ത്, താമരശ്ശേരി ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്‍, എസ്.ഐ.മാരായ വി.എസ്. സനൂജ്, അരവിന്ദ് വേണുഗോപാല്‍, എ.എസ്.ഐ. ജയപ്രകാശ്, സി.പി.ഒ. റഫീഖ്, എസ്.ഒ.ജി. അംഗങ്ങളായ സി. ശ്യാം, ഷെറീഫ്, ടി.എസ്. അനീഷ്, മുഹമ്മദ് ഷെഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നഹാസിനെ ശനിയാഴ്ച താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights: man arrested with ganja in thamarassery kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..