അനുലാൽ
അടൂര്‍: കാപ്പ നിയമപ്രകാരം കൊല്ലം ജില്ലയില്‍നിന്ന് പുറത്താക്കപ്പെട്ട യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. കൊല്ലം അറയ്ക്കല്‍ ചന്ദ്രമംഗലത്ത് വീട്ടില്‍ ചന്തു എന്നു വിളിക്കുന്ന അനുലാലി(25)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുള്ള മറ്റൊരു കാമുകിയുമായി ബൈക്കില്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് ഇയാള്‍ അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദത്തിലായ പെണ്‍കുട്ടിയെ ഫെബ്രുവരിയിലാണ് ഇയാള്‍ പീഡിപ്പിച്ചത്.
അടൂര്‍ കെ.എസ്.ആര്.ടി.സി. ജങ്ഷനില്‍നിന്ന് ബൈക്കില്‍ കയറ്റി ആലപ്പുഴ ബീച്ചിന് സമീപമുള്ള ലോഡ്ജില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവരമറിഞ്ഞ അനുലാല്‍ ഒളിവില്‍ പോയി.
ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് ഇയാള്‍ എറണാകുളത്തുണ്ടെന്ന് പോലീസിന് മനസ്സിലായത്. വല്ലപ്പോഴും മാത്രം പ്രവര്‍ത്തിപ്പിക്കുന്ന ഫോണ്‍ നമ്പരില്‍നിന്ന് എറണാകുളത്തെ ഒരു നമ്പരിലേക്ക് പതിവായി വിളിച്ചിരുന്നതായി പോലീസ് സൈബര്‍ സെല്‍ മുഖേന മനസ്സിലാക്കി. ഇത് ഇയാളുടെ കാമുകിയുടെ നമ്പരായിരുന്നു.
വെള്ളിയാഴ്ച രാത്രിയില്‍ എറണാകുളത്തെ ഒരു ഹോസ്റ്റലില്‍ കാമുകിക്കൊപ്പം അനുലാല്‍ ഉണ്ടെന്നു മനസ്സിലാക്കിയ പോലീസ് ശനിയാഴ്ച പുലര്‍ച്ചെവരെ ഹോസ്റ്റലിന് പുറത്ത് കാത്തിരുന്നു. ഇവര്‍ താമസിച്ചിരുന്ന മുറി മനസ്സിലാകാത്തതായിരുന്നു കാത്തുനില്ക്കാന് കാരണം.
പോലീസ് സാന്നിധ്യം മനസ്സിലാക്കിയ ഇയാള്‍ പുലര്‍ച്ചെ കാമുകിയെയുംകൊണ്ട് ബൈക്കില്‍ ചാലക്കുടി ഭാഗത്തേക്ക് കടന്നു. പിന്തുടര്‍ന്ന പോലീസ് ചാലക്കുടിക്കും ആതിരപ്പള്ളിക്കും ഇടയ്ക്കുവെച്ച് സാഹസികമായി അനുലാലിനെ പിടികൂടി. വീടുകയറി ആക്രമണം, സ്ത്രീകള്‍ക്കുനേരേ അതിക്രമം, വധശ്രമം, പോലീസിനെ ആക്രമിക്കല്‍ തുടങ്ങിയ നിരവധി കേസിലെ പ്രതിയാണ് ഇയാള്‍.
അടൂര്‍ സി.ഐ. ടി.ഡി.പ്രജീഷ്, എസ്.ഐ.മാരായ എം.മനീഷ്, ബിജു ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, രതീഷ്, റോബി ഐസക്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..