മോഷണത്തിനുപയോഗിച്ച കാർ, പോലീസിന്റെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യം. ഇൻസെറ്റിൽ അറസ്റ്റിലായ മുഹമ്മജ് സാജിദ്
പിണറായി : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണം നടത്തിയ കേസുകളിലെ പ്രതിയെ പിണറായി പോലീസ് അറസ്റ്റ് ചെയ്തു. തോട്ടട ഐ.ടി.ഐ.യ്ക്കു സമീപം മുഹമ്മദ് സാജിദ് (50) ആണ് പോലീസിന്റെ നാടകീയ നീക്കത്തില്‍ പിടിയിലായത്.
വ്യാഴാഴ്ചയാണ് കേളാലൂര്‍ പുലരി ക്ലബ്ബിന് സമീപത്തെ എസ്.എസ്. സ്റ്റോറില്‍ മോഷണം നടന്നത്. കാറിലെത്തിയ സാജിദ് സാധനങ്ങള്‍ വാങ്ങി കടയും പരിസരവും നിരീക്ഷിച്ചശേഷം തിരികെപോയി. കുറച്ച് കഴിഞ്ഞ് വീണ്ടുമെത്തി സാജിദ് മുട്ട വാങ്ങാന്‍ മറന്നെന്നും മുട്ട പൊതിഞ്ഞുനല്‍കാനും ആവശ്യപ്പെട്ടു.
മുട്ടയെടുക്കാന്‍ അകത്തേക്ക് പോയ തക്കംനോക്കി കടയിലെ മേശക്കടിയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയടങ്ങിയ ബാഗ് കൈക്കലാക്കി മുട്ടയുമായി കാറില്‍കയറി സ്ഥലംവിട്ടു. പിന്നീടാണ് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട വിവരം കടക്കാരന് അറിഞ്ഞത്.
തുടര്‍ന്ന് വെള്ളിയാഴ്ച കടയുടമ നെല്യാടന്‍ ശ്രീധരന് പിണറായി പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി. ക്യാമറകളുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ സഹായകമായത്.
വെള്ളിയാഴ്ച വൈകിട്ടോടെ തോട്ടടയിലെ വീടിനു മുന്നില്‍ സാധാരണവേഷത്തില്‍ അന്വേഷണസംഘം നിലയുറപ്പിച്ചിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ സാജിദിനെ പുറത്തേക്ക് വിളിച്ച് ചോദ്യംചെയ്തു. ആദ്യഘട്ടത്തില്‍ മോഷണം നിഷേധിച്ച ആള് യാത്രയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഓരോന്നായി കാണിച്ചതോടെ ഒടുവില്‍ കുറ്റം സമ്മതിച്ചു.
ഇതോടെ തൊണ്ടിമുതല്‍ കണ്ടെത്താനായി പോലീസിന്റെ ശ്രമം. കടയുടമയ്ക്ക് കേസില്‍ താത്പര്യമില്ലെന്നും പണം തിരികെ നല്കി മാപ്പുപറഞ്ഞാല്‍ കേസ് ഒത്തുതീര്‍ക്കാന്‍ സഹായിക്കാമെന്നും പോലീസ് പറഞ്ഞതോടെ വീടിനകത്ത് സൂക്ഷിച്ച 59,800 രൂപ പോലീസിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ചില നടപടിക്രമങ്ങളുണ്ടെന്നും സ്റ്റേഷനില്‍ കൂടെ വരണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് എറണാകുളത്ത് കടയില്‍നിന്ന് ഒന്നരലക്ഷം രൂപയുമായി കടന്നതുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആറ് മോഷണങ്ങള്‍ നടത്തിയത് സാജിദ് പോലീസിനോട് സമ്മതിച്ചത്. മോഷണത്തിനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
പിണറായി എസ്.എച്ച്.ഒ. ഇ.കെ. രമ്യ, എസ്.ഐ. സി.പി. അബ്ദുള്‍ നസീര്‍, എ.എസ്.ഐ. ഇ.കെ. വിനോദ്, സി.പി.ഒ.മാരായ ഷിജു മാവിലക്കണ്ടി, രജീഷ് ഉച്ചുമ്മല്‍, സച്ചിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..