അരുൺ
പനമരം: വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തി സ്വര്‍ണാഭരണവും പണവും കവര്‍ന്നയാള്‍ പിടിയില്‍. അരിഞ്ചേര്‍മല വലിയകുന്ന് അരുണ്‍ (32) ആണ് അറസ്റ്റിലായത്.
ഏച്ചോം മുക്രാമൂല പുന്നന്താനം ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു പവനോളംവരുന്ന മൂന്നുമോതിരവും 14,000 രൂപയും കവര്‍ന്ന കേസിലാണ് അരുണിനെ കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ ആഴ്ചയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടാംതീയതിമുതല് ജോസഫിന്റെ വീട്ടില്‍ അരുണും മറ്റു മൂന്നുപേരും പെയിന്റിങ് ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടെയായിരുന്നു മോഷണം. മരപ്പെട്ടിക്കകത്ത് രണ്ട് ചെറിയ പഴ്സുകളിലായി സൂക്ഷിച്ചിരുന്ന മൂന്നു സ്വര്‍ണമോതിരങ്ങളും രണ്ടിടങ്ങളിലായി പണിക്കാര്‍ക്ക് കൂലി കൊടുക്കാനായി സൂക്ഷിച്ച 10,000, 4000 രൂപ വീതവുമാണ് മോഷ്ടിച്ചതെന്നും പോലീസ് പറഞ്ഞു.
മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ക്ക് പകരം പ്രതി മുക്കുപണ്ടത്തിന്റെ മോതിരം കൊണ്ടുവെച്ചു. സംശയം തോന്നിയ വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വീട്ടില്‍ മോഷണം നടന്നെന്ന് വ്യക്തമായത്.
സ്വര്‍ണാഭരണം മുക്കുപണ്ടം ആണോ എന്ന് പരിശോധിക്കാന്‍ ജോസഫിനെ പനമരത്തെ ജൂവലറിയിലേക്ക് ബൈക്കില്‍ കൊണ്ടുപോയത് അരുണാണ്. പിന്നീട് കമ്പളക്കാട് സ്റ്റേഷനില്‍ പരാതി നല്‍കാനും ജോസഫിനൊപ്പം പോയത് അരുണായിരുന്നു. പെയിന്റിങ് പണിക്ക് പുതുതായിവന്ന രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് അരുണ്‍ ജോസഫിനെ പറഞ്ഞു വിശ്വസിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.
പോലീസ് അന്വേഷണത്തില്‍ പ്രതി അരുണ്‍ ആണെന്ന നിഗമനത്തിലേക്കെത്തിയതോടെ പ്രതി ജോസഫിനെ ഫോണില്‍ ബന്ധപ്പെട്ട് കേസ് ആക്കരുതെന്നും ആഭരണവും പണവും എത്തിക്കാം എന്നും പറഞ്ഞു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണം കല്പറ്റയിലെ ജൂവലറിയില്‍ ഇയാള്‍ വിറ്റിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..