പ്രതീകാത്മക ചിത്രം | PTI
ന്യൂഡല്‍ഹി: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ സുപ്രീംകോടതി വെറുതെവിട്ടയാള്‍ മറ്റൊരു കൊലക്കേസില്‍ അറസ്റ്റിലായി. ഓട്ടോ ഡ്രൈവറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി സ്വദേശിയായ വിനോദിനെ പോലീസ് പിടികൂടിയത്. ജനുവരി 26-ാം തീയതി ഡല്‍ഹി ദ്വാരകയിലായിരുന്നു സംഭവം.
കവര്‍ച്ചാശ്രമത്തിനിടെയാണ് ഓട്ടോ ഡ്രൈവറെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ പവന്‍ എന്നയാളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍നിന്നാണ് വിനോദിനെക്കുറിച്ച് വിവരം ലഭിച്ചത്.
2012 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ 19-കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായിരുന്നു വിനോദ്. ഈ കേസില്‍ മൂന്നുമാസം മുന്‍പ് ഇയാള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെയും സുപ്രീംകോടതി വെറുതെവിട്ടിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ സംശയത്തിന്റെ ആനുകൂല്യത്തിലാണ് മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടത്.
19-കാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കാണാതായ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയില്‍ മൂന്നുദിവസത്തിന് ശേഷമാണ് കണ്ടെത്തിയത്. 2014-ല്‍ കേസിലെ മൂന്ന് പ്രതികള്‍ക്കും വിചാരണ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയും ഈ ശിക്ഷ ശരിവെച്ചു. തുടര്‍ന്ന് കഴിഞ്ഞ നവംബറിലാണ് മൂന്ന് പ്രതികളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ സുപ്രീംകോടതി വെറുതെവിട്ടത്.
Content Highlights: man arrested in murder case after supreme court freed him rape murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..