വിഷ്ണു
ചേര്‍ത്തല: വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്കി കബളിപ്പിച്ചു പണംതട്ടിയെടുക്കുന്ന യുവാവ് ചേര്‍ത്തല അര്‍ത്തുങ്കല്‍ പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജമന്ദിരത്തില്‍ എച്ച്.യു. വിഷ്ണു(27)വാണ് എറണാകുളത്തുനിന്നു പിടിയിലായത്. ചേര്‍ത്തല ഡിവൈ.എസ്.പി. ടി.ബി.വിജയനു ചേര്‍ത്തല തെക്ക് സ്വദേശിനി നല്കിയ പരാതിയിലാണ് അറസ്റ്റ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇയാള്‍ ഇതേരീതിയില്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാഹമോചിതരായ സ്ത്രീകള്‍ അംഗങ്ങളായ മാട്രിമോണിയല്‍ അപേക്ഷകളില്‍നിന്നു വിവരംശേഖരിച്ചശേഷം അവരെ ബന്ധപ്പെടും. സര്ക്കാരുദ്യോഗസ്ഥനാണെന്നു ധരിപ്പിച്ചാണു സമീപിക്കുക. താനും വിവാഹമോചിതനാണെന്നും വിവാഹത്തിനു താത്പര്യമുണ്ടെന്നും പറയും.
അടുത്തഘട്ടത്തില്‍ പണം വാങ്ങും. സാമൂഹികമാധ്യമങ്ങളില്‍ സ്വന്തം ചിത്രമുപയോഗിക്കാതെ സുമുഖരായ മറ്റുചിലരുടെ ചിത്രങ്ങള്‍ ചേര്‍ത്താണ് ഇയാള്‍ സ്ത്രീകളെ വലയിലാക്കുന്നത്.
2021-ലാണു വിവാഹമോചിതയായ ചേര്‍ത്തല തെക്ക് സ്വദേശിനിയെ ഇയാള്‍ പരിചയപ്പെട്ടത്. എറണാകുളം കളക്ടറേറ്റില്‍ റവന്യൂ ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞിരുന്നത്. വിവാഹമോചിതനാണെന്നും മുംബൈ പോര്‍ട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയായിട്ടുണ്ടെന്നും പറഞ്ഞിരുന്നു. അടുപ്പമായപ്പോള്‍ പല ആവശ്യങ്ങള്‍ പറഞ്ഞ് ഏഴുലക്ഷം രൂപയും 26,000 രൂപയുടെ ഫോണും കൈക്കലാക്കിയെന്നാണു യുവതിയുടെ പരാതി.
അര്‍ത്തുങ്കല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഡി. സജീവ് കുമാര്‍, ഉദ്യോഗസ്ഥരായ ആര്. ഷാം, എ.എന്‍. സുധി, ഡിവൈ.എസ്.പി.യുടെ ക്രൈം സ്ക്വാഡിലെ സി.പി.ഒ. മാരായ കെ.പി. ഗിരീഷ്, സി.എസ്. ശ്യാംകുമാര്‍, പി.ആര്. പ്രവീഷ്, എം. അരുണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടിച്ചത്. തൃശ്ശൂര്‍ ചേലക്കരയില്‍ ഇയാള്‍ക്കെതിരേ സമാനമായ രീതിയില്‍ തട്ടിപ്പുകേസുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..