മജീഷ്
വൈപ്പിന്‍: വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവാവ് അറസ്റ്റില്‍. പുതുവൈപ്പ് പരുത്തിക്കടവ് അറയ്ക്കല്‍ മജീഷ് (27) ആണ് അറസ്റ്റിലായത്.
വിദേശത്തുനിന്ന് മടങ്ങിയ മജീഷ് നാട്ടില്‍ മത്സ്യബന്ധനവും മറ്റുമായാണ് കഴിഞ്ഞിരുന്നത്. ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. സൗജന്യ ഭക്ഷണവും താമസവും 40,000 രൂപ ശമ്പളവുമാണ് വാഗ്ദാനം ചെയ്തത്.
യാത്രച്ചെലവും വിസയും കമ്പനി നല്‍കുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതിനായി 12,500 രൂപ നല്‍കണമെന്നും പിന്നീടിത് തിരികെ നല്‍കുമെന്നും പറഞ്ഞിരുന്നു. ഇതുകണ്ട് എഴുനൂറോളം പേര്‍ പണം നല്‍കിയതായാണ് പോലീസിന് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിന്റെ തുടക്കം. പണം നല്‍കിയവര്‍ക്ക് രണ്ടുമാസം കഴിഞ്ഞിട്ടും വിസ ലഭിക്കാതായതോടെ വീണ്ടും ബന്ധപ്പെട്ടപ്പോള്‍ വിമാന ടിക്കറ്റിനായി 15,000 രൂപ കൂടി ആവശ്യപ്പെടുകയായിരുന്നു. കുറെപ്പേര്‍ ഈ തുകയും നല്‍കി. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലായതോടെയാണ് ചിലര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമന, എസ്.ഐ. എ.കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മജീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം മലപ്പുറം സ്വദേശിയായ ഷംസുദ്ദീന്റെ ഇടനിലക്കാരന്‍ മാത്രമാണ് താനെന്നും പണം മുഴുവന്‍ ഷംസുദ്ദീന് നല്‍കിയെന്നുമാണ് മജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഞാറയ്ക്കല്‍ പോലീസില്‍ മാത്രം 25-ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. മുനമ്പം, വരാപ്പുഴ, ഇടുക്കി തുടങ്ങിയ വിവിധ സ്റ്റേഷനുകളിലും മജീഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Content Highlights: man arrested in job fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..