ശരൺ ബാബു
ചാരുംമൂട്: നിരക്ഷരയായ വീട്ടമ്മയെ പറ്റിച്ച് വീടുംപുരയിടവും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലം ആദിച്ചനല്ലൂര്‍ തഴുത്തല ശരണ്‍ ഭവനത്തില്‍ ശരണ്‍ ബാബു (34)വാണു പിടിയിലായത്. താമരക്കുളം മേക്കുംമുറി കൊച്ചുപുത്തന്‍വിള സുനില്‍ ഭവനത്തില്‍ സുശീലയുടെ വീടും എട്ടുസെന്റ് പുരയിടവുമാണു തട്ടിയെടുത്തത്.
സുശീലയുടെ മകനും അംഗപരിമിതിയുള്ളയാളുമായ സുനിലുമായി ശരണ്‍ ബാബു ചങ്ങാത്തം കൂടിയാണ് ഇതിനുള്ള കരുക്കള്‍ നീക്കിയത്. സുനിലിന്റെ കൊല്ലം കൊട്ടിയത്തുള്ള ബന്ധുവീട്ടില്‍വെച്ചാണ് ശരണ്‍ ബാബു സുനിലിനെ പരിചയപ്പെടുന്നത്. സുനിലിനു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓപ്പറേഷന്‍ നടത്തുന്നതിനു സാമ്പത്തികം ആവശ്യമാണെന്നു മനസ്സിലാക്കിയ പ്രതി പണം കണ്ടെത്താന്‍ സഹായിക്കാമെന്നേറ്റു. താമരക്കുളത്ത് വീട്ടില്‍ ശരണ്‍ ബാബു എത്തുകയും സുശീലയുടെ വീടും പുരയിടവും കണ്ടുവെക്കുകയും ചെയ്തു.
വീടിന്റെയും പുരയിടത്തിന്റെയും പ്രമാണം ബാങ്കില്‍ വെച്ചിട്ട് വായ്പ എടുത്തു കൊടുക്കാമെന്നു വീട്ടുകാരെ ധരിപ്പിച്ചു. ശരണ്‍ ബാബു കൊണ്ടുവന്ന പേപ്പറുകളില്‍ സുശീല ഒപ്പിട്ടു നല്‍കി. മാസങ്ങള്‍ കഴിഞ്ഞിട്ടും പണം ലഭിക്കാത്തതു സുശീല ചോദ്യം ചെയ്തു.
തുടര്‍ന്ന് മൂന്നരലക്ഷം രൂപയുടെ ചെക്ക് സുശീലയ്ക്കു നല്‍കി ബാങ്കില്‍നിന്നു പണമെടുത്തു കൊള്ളാന്‍ പറഞ്ഞു. ചെക്കുമായി ബാങ്കില്‍ ചെന്നപ്പോഴാണ് അങ്ങനെയൊരു അക്കൗണ്ടില്ലെന്നു മനസ്സിലായത്. പണം നേരിട്ടു കൊടുക്കാമെന്നു പറഞ്ഞു ശരണ്‍ബാബു ചെക്ക് തിരികെ വാങ്ങി. ഇതിനിടെ വസ്തുവിന്റെ കരം അടയ്ക്കുന്നതിനുവേണ്ടി വില്ലേജ് ഓഫീസില്‍ സുശീല ചെന്നപ്പോഴാണു വസ്തു തന്റെ പേരിലല്ലെന്നു മനസ്സിലാക്കിയത്.നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. പ്രതിക്കെതിരേ വഞ്ചനാക്കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് ഒളിവില്‍പ്പോയ ശരണ്‍ ബാബുവിനെ ശൂരനാട്ടുള്ള വീട്ടില്‍നിന്നാണ് അറസ്റ്റു ചെയ്തത്.
മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുമെന്ന് നൂറനാട് എസ്.എച്ച്.ഒ. പി. ശ്രീജിത്ത് പറഞ്ഞു.
Content Highlights: man arrested in fraud case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..