വീടുകളിൽ കവർച്ച നടത്തുന്നതിനായിഉപയോഗിച്ച കമ്പിപ്പാര പറക്കുന്നത്തെ സ്വന്തം വീട്ടുവളപ്പിൽനിന്ന് പോലീസിന് ജാഫറലി എടുത്തുനൽകുന്നു, പ്രതീകാത്മകചിത്രം.
പാലക്കാട്: ആളില്ലാത്ത സമയം നോക്കി പൂട്ടിക്കിടക്കുന്ന അയല്‍വീടുകള്‍ രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവിനെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വിക്ടോറിയ കോളേജ് റോഡില്‍ പള്ളിലെയ്ന് പറക്കുന്നം സ്വദേശി എം. ജാഫറലിയാണ് (36) അറസ്റ്റിലായത്. മോഷണം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്. പറക്കുന്നത്തെ രണ്ട് വീടുകളില്‍നിന്നായി 50 പവന് സ്വര്‍ണവും പണവും യുവാവ് കവര്‍ന്നതായി പോലീസ് പറഞ്ഞു. മറ്റു നാലു വീടുകളില്‍ കവര്‍ച്ചാശ്രമം നടത്തിയതായും പിടിയിലായ ജാഫറലി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അറസ്റ്റിലായ യുവാവിനെ കവര്‍ച്ച നടന്ന വീടുകളിലെത്തിച്ച് വ്യാഴാഴ്ച രാവിലെ തെളിവെടുപ്പ് നടത്തി. പറക്കുന്നം മേഖലയില്‍ മാസങ്ങള്‍ക്കുമുമ്പ് നാട്ടുകാരുടെ ഉറക്കം കെടുത്തി നടന്ന മോഷണപരമ്പരയിലെ പ്രതി അയല്‍വാസി ജാഫറലിയാണെന്ന് അപ്പോള്‍ മാത്രമാണ് നാട്ടുകാരിലേറെപ്പേരും അറിഞ്ഞത്. 2021 സെപ്റ്റംബറോടെ കവര്‍ച്ച നടന്ന മുഹമ്മദ് ബഷീറിന്റെയും ജാഫറിന്റെയും വീടുകളിലെത്തിച്ച് ജാഫറലിയില്നിന്ന് പോലീസ് തെളിവെടുത്തു. മുഹമ്മദ് ബഷീറിന്റെ വീട് കുത്തിത്തുറന്ന് 20 പവന് സ്വര്‍ണവും ഒരുലക്ഷം രൂപയും ജാഫറിന്റെ വീട്ടില്‍നിന്ന് 30 പവന് സ്വര്‍ണവും റാഡോ വാച്ചുമാണ് കവര്‍ച്ച നടത്തിയത്.
ഈ വീടുകള്‍ക്ക് സമീപത്തുള്ള ജാഫറലിയുടെ വീടിന്റെ വളപ്പില്‍നിന്ന് വീടിന്റെ വാതിലുകള്‍ പൊളിക്കാനുപയോഗിച്ച കമ്പിപ്പാര കണ്ടെടുത്തു. മറ്റൊരു ആയധം ശേഖരീപുരത്തെ കൈത്തോട്ടില്‍ ഒളിപ്പിച്ച നിലയിലും കണ്ടെത്തി.
അയല്പ്പക്കവീടുകളിലെ സ്ഥിതി മനസ്സിലാക്കി ആളുകളില്ലാത്ത സമയമറിഞ്ഞാണ് യുവാവ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറയുന്നു. രാത്രി മോഷണം നടത്തിയശേഷം പകല്‍ നാട്ടുകാര്‍ക്കൊപ്പം സൗഹൃദം നടിച്ച് നടക്കുന്ന സ്വഭാവമായിരുന്നു. നാട്ടുകാര്‍ക്ക് നല്ലവനും സഹായിയുമായിരുന്നതിനാല് ഇയാളെ സംശയവുമുണ്ടായിരുന്നില്ല.
അടുത്ത കടയില്‍ തൊഴിലാളിയായി ജോലി നോക്കുന്നതിനിടെ അയല്‍പ്പക്കത്തെ വീട്ടുകാരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുപയോഗിച്ചാണ് കവര്‍ച്ചാപദ്ധതി തയ്യാറാക്കിയിരുന്നത്. നാല് വീടുകളില്‍ കവര്‍ച്ചയ്ക്കായി കയറിയെങ്കിലും രണ്ടെണ്ണത്തില്‍നിന്ന് മാത്രമേ വിലപിടിപ്പുള്ള ആഭരണങ്ങളും പണവും ലഭിച്ചുള്ളൂ. മറ്റ് രണ്ട് വീടുകളില്‍ കയറാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. മോഷ്ടിച്ച സ്വര്‍ണം ജില്ലയ്ക്ക് പുറത്തുള്ള സ്വര്ണാഭരണശാലകളിലാണ് വില്‍പ്പന നടത്തിയിരുന്നത്. ജാഫറലിക്കൊപ്പം മറ്റാരെങ്കിലും സഹായത്തിനുണ്ടായിരുന്നോയെന്നത് പരിശോധിച്ചുവരികയാണെന്ന് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐ. സി.കെ. രാജേഷ് പറഞ്ഞു. കളവ് ചെയ്ത സ്വര്‍ണം കണ്ടെടുക്കാന്‍ നടപടി സ്വീകരിക്കും.
ടൗണ്‍ നോര്‍ത്ത് സ്റ്റേഷനില്‍ ജാഫറലിയുടെ പേരില്‍ രണ്ട് കേസുകള്കൂടിയുണ്ട്. ജാഫറലിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.
പെട്ടെന്നുണ്ടായ സമ്പത്ത് വിനയായി
കവര്‍ച്ച നടന്ന വീടുകളിലെ സ്ഥിതിഗതികളും തെളിവുകളും ശേഖരിച്ച പോലീസിന് തുടക്കത്തില്‍ പ്രതിയിലേക്കെത്തുന്നതിനുള്ള ശക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. മാസങ്ങള്‍ നീണ്ട നിരീക്ഷണവും പരിശോധനകളും തെളിവെടുപ്പുകളും പൂര്‍ത്തിയാക്കിയാണ് ജാഫറലിയെ പിടികൂടാനായത്.
പിന്‍വാതില്‍ പൊളിച്ച് നടന്ന മോഷണരീതിയായതിനാല് വീട് പൂട്ടിപ്പോയ വീട്ടുകാര്‍ തിരിച്ചെത്തിയശേഷമാണ് സംഭവം പുറത്തറിയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ പോലീസെത്തി ഡോഗ് സ്ക്വാഡ്, വിരലടയാളവിദഗ്ധര്‍ തുടങ്ങിയവരുടെ സഹായത്തോടെ പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. വാതിലുകളുടെ പൂട്ട് പൊളിക്കുന്ന രീതി പരിശോധിച്ചപ്പോള്‍ പരിചയസമ്പന്നരായ മോഷ്ടാക്കളല്ല പിന്നിലെന്ന് പോലീസ് ഉറപ്പിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ സംശയിക്കത്തക്ക രീതിയില്‍ അപരിചിതരായവരെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. ഇതോടെ പ്രദേശത്ത് പെട്ടെന്ന് സാമ്പത്തികനേട്ടമുണ്ടാക്കിയവരെക്കുറിച്ചുള്ള അന്വേഷണത്തിന് പോലീസ് രംഗത്തിറങ്ങി.
ഇങ്ങനെയാണ് ജാഫറലിയിലേക്ക് പോലീസ് എത്തുന്നത്. പലവട്ടം മൊഴി രേഖപ്പെടുത്തിയപ്പോഴുണ്ടായ വൈരുദ്ധ്യങ്ങളും കവര്‍ച്ച നടന്ന ഒരു വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളങ്ങളും യുവാവിലേക്ക് എത്താന്‍ പോലീസിന് സഹായകരമായി. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം എ.എസ്.പി. എ. ഷാഹുല്‍ ഹമീദിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.
ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. സുജിത്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സി.കെ. രാജേഷ്, പി.എസ്.ഐ. എച്ച്. തോമസ്, എസ്.ഐ. (ഗ്രേഡ്) നന്ദകുമാര്‍, എസ്.സി.പി.ഒ.മാരായ സലീം, പി.എച്ച്. നൗഷാദ്, അബ്ദുള്‍ സത്താര്‍, പ്രസാദ്, കാദര്ബാഷ, വിനീഷ്, സന്തോഷ് കുമാര്‍ സി.പി.ഒ.മാരായ മണികണ്ഠദാസ്, ആര്. രഘു, സായൂജ്, രഞ്ജിത്ത്കുമാര്‍, രതീഷ് പപ്പാടി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്
Content Highlights: man arrested for theft in neighbouring houses arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..