ബത്തേരി പോലീസിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടത്തിനായി അടക്കംചെയ്ത കുഴി തുറന്ന് ചിക്കിയുടെ മൃതദേഹം പുറത്തെടുക്കുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ ഗോപി.
സുല്‍ത്താന്‍ബത്തേരി: ഒന്നരമാസംമുമ്പ് മരിച്ച ആദിവാസി വയോധികയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. നായ്ക്കട്ടി പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചിക്കി (70) യാണ് കൊല്ലപ്പെട്ടത്.
ഇവരുടെ മരണത്തില്‍ സംശയമുയര്‍ന്നതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ബത്തേരി പോലീസിന്റെ നേതൃത്വത്തില്‍, അടക്കംചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഭര്‍ത്താവ് ഗോപിയെ (60) വെള്ളിയാഴ്ച വൈകുന്നേരം ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു.
വടികൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. ജൂണ്‍ 19-ന് രാത്രിയാണ് ചിക്കി കൊല്ലപ്പെട്ടത്. ചിക്കിയും ഭര്‍ത്താവ് ഗോപിയും കാട്ടില്‍നിന്ന് വിറക് ശേഖരിച്ചുവിറ്റാണ് കഴിഞ്ഞിരുന്നത്. വിറക് വിറ്റുകിട്ടുന്ന പണംകൊണ്ട് ദിവസവും വൈകുന്നേരം ഇവരുവരും മദ്യപിക്കുകയും അതിനുശേഷം വഴക്കടിക്കുകയും പതിവാണെന്ന് സമീപവാസികള്‍ പറഞ്ഞു. കൊലപാതകം നടന്ന ദിവസവും, രണ്ടുപേരുംചേര്‍ന്ന് ബത്തേരിയില്‍നിന്നും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രി മദ്യം വീതം വെക്കുന്നതിനെചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഗോപി, ചിക്കിയെ വടികൊണ്ട് അടിച്ചുകൊന്നതാണെന്ന് പോലീസ് പറഞ്ഞു. ചിക്കിയുടെ മരണം കൊലപാതകമാണെന്ന നിലയില്‍ കോളനിയിലും നാട്ടിലും അഭ്യൂഹങ്ങളുയര്ന്നതിനെത്തുടര്ന്ന് ബുധനാഴ്ച ഗോപിയെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. ഇതില്‍നിന്നു ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാന്‍ നടപടി സ്വീകരിച്ചത്. ജൂണ്‍ 19-ന് രാത്രിയാണ് ചിക്കി കൊല്ലപ്പെട്ടതെങ്കിലും പിറ്റേദിവസമാണ് മരണവിവരം ഗോപി സമീപവാസികളെ അറിയിച്ചത്. അന്ന് മൃതദേഹം കാണാനും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാനുമെത്തിയവരോട് പലവിധ മരണകാരണങ്ങളാണ് ഗോപി പറഞ്ഞിരുന്നത്. മൃതദേഹം കഴുത്തുവരെ തുണിയിട്ട് മൂടിയിരുന്നതിനാല്‍ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ അന്ന് വന്നവര്‍ക്ക് കാണാനായിരുന്നില്ല.
മരണവിവരമറിഞ്ഞ് ട്രൈബല്‍ പ്രൊമോട്ടര്‍ അടക്കമുള്ളവര്‍ കോളനിയിലെത്തിയിരുന്നെങ്കിലും മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു ഗോപി. അന്നു വൈകുന്നേരത്തോടെ വീടിനു പിന്നിലെ പറമ്പില്‍ കുഴിയെടുത്താണ് ചിക്കിയുടെ മൃതദേഹം അടക്കംചെയ്തത്. ആദ്യഘട്ടത്തില്‍ സംശയമൊന്നുമില്ലായിരുന്നുവെങ്കിലും ചിക്കിയുടെ മരണകാരണങ്ങളെക്കുറിച്ച് പരസ്പരവിരുദ്ധമായ ഗോപിയുടെ മറുപടികള്‍ കോളനിവാസികള്‍ക്കിടയിലും, നാട്ടുകാര്‍ക്കിടയിലും സംശയങ്ങളുയര്‍ത്തിയിരുന്നു. പക്ഷേ പോലീസില്‍ പരാതിയുമായി സമീപിക്കാന്‍ ആരും രംഗത്തുവന്നില്ല.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്ട്ടംചെയ്യാനുള്ള നടപടികള്‍ തുടങ്ങി. ഉച്ചയ്ക്ക് 1.30-ഓടെ കുഴിതുറന്ന് മൃതദേഹം പുറത്തെടുത്തു. മൃതദേഹം മറവുചെയ്തതിന് സമീപമൊരുക്കിയ താത്കാലിക ഷെഡ്ഡിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അസി. പോലീസ് സര്ജന് കെ.ബി. രാഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബത്തേരി ഡിവൈ.എസ്.പി. കെ.കെ. അബ്ദുള്‍ഷരീഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. എന്‍.ഒ. സിബി, ബത്തേരി ഇന്‍സ്പെക്ടര്‍ കെ.പി. ബെന്നി, നൂല്‍പ്പുഴ ഇന്‍സ്പെക്ടര്‍ ടി.സി. മുരുകന്, എസ്.ഐ.മാരായ ജെ. ഷജീം, പി.ഡി. റോയിച്ചന് തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..