മണികണ്ഠൻ, അജീഷ്
കടയ്ക്കാവൂര്‍: കടയ്ക്കാവൂര്‍ കൊച്ചുപാലത്തിനു സമീപത്തെ കനാലില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കടയ്ക്കാവൂര്‍ കോണത്തുവീട്ടില്‍ മണികണ്ഠന്‍ (34) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഇടുക്കി രാജക്കാട് വട്ടപ്പാറയില്‍ അജീഷാ(28)ണ് പിടിയിലായത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 17-ന് രാവിലെയാണ് മണികണ്ഠന്റെ മൃതദേഹം കനാലില്‍ കണ്ടെത്തുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ 15-ന് വൈകീട്ട് ഏഴുമണിയോടെ കൊച്ചുപാലത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിലെത്തി മണികണ്ഠനും അജീഷും മദ്യപിച്ചു. ഇതിനിടെ മണികണ്ഠനെ അജീഷ് കളിയാക്കിയപ്പോള്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയുമുണ്ടായി.
സംഘര്‍ഷത്തിനിടെ അജീഷ് സമീപത്തെ റെയില്‍വേ പാളത്തില്‍നിന്ന് കല്ലെടുത്ത് മണികണ്ഠനെ ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
Also Read
സംഘര്‍ഷത്തില്‍ തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ അജീഷ് ഓട്ടോറിക്ഷയില്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി. 17-ന് മണികണ്ഠനെ കാണ്‍മാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ കൊച്ചുപാലത്തിനു സമീപത്തുനിന്ന് ഇയാളുടെ സ്‌കൂട്ടര്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കനാലില്‍ മൃതദേഹം കണ്ടെത്തിയത്.
ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് സ്വദേശമായ ഇടുക്കിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെയും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് സ്വദേശിയായ അജീഷ് കടയ്ക്കാവൂര്‍ സ്വദേശിനിയെ വിവാഹം കഴിച്ചാണ് ഇവിടെ താമസമാക്കിയത്. കരാറെടുത്ത് മേസ്തിരിപ്പണി നടത്തുന്ന മണികണ്ഠനൊപ്പം അജീഷ് ജോലിക്ക് പോയിരുന്നു. അങ്ങനെയാണ് ഇരുവരും സൗഹൃദത്തിലായത്.
തിരുവനന്തപുരം റൂറല്‍ എസ്.പി. ദിവ്യ ഗോപിനാഥിന്റെ നിര്‍ദേശപ്രകാരം അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിന്റെ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ ഇന്‍സ്‌പെക്ടര്‍ വി.അജേഷ്, എസ്.ഐ.മാരായ എസ്.എസ്.ദീപു, നസീറുദീന്‍, മനോഹര്‍, മാഹിന്‍. എ.എസ്.ഐ.മാരായ ശ്രീകുമാര്‍, രാജീവ്, ഷാഫി, എസ്.സി.പി.ഒ. ജ്യോതിഷ് കുമാര്‍, ബാലു, സി.പി.ഒ.മാരായ ബിനു, ജിജു, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: man arrested for killing his friend in kadakkavoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..