ഉദയകുമാർ
കറ്റാനം(ആലപ്പുഴ): ഭരണിക്കാവില്‍ അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. ഭരണിക്കാവ് തെക്ക് ഇല്ലത്തുമുക്കിനുസമീപം ലക്ഷ്മിഭവനത്തില്‍ ഉത്തമനെ (70) കൊലപ്പെടുത്തിയ കേസിലാണ് മൂത്തമകന്‍ ഉദയകുമാറി(40)നെ കുറത്തികാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.45 ഓടെയാണ് ദുരൂഹസാഹചര്യത്തില്‍ ഉത്തമനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്.
കൊലപാതകമാണെന്ന മൃതദേഹപരിശോധനാ ഫലത്തിന്റെയും സാഹചര്യത്തെളിവുകളുടെയും സഹോദരന്റെയും ബന്ധുക്കളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഉദയകുമാറിനെ അറസ്റ്റുചെയ്തത്. മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ സംഭവസമയംമുതല്‍ ആണ്‍മക്കള്‍
പോലീസ് നിരീക്ഷണത്തിലായിരുന്നു. മൃതദേഹപരിശോധനയില്‍ വാരിയെല്ല് പൊട്ടിയുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നു കണ്ടെത്തിയിരുന്നു.
മകന്‍ നടത്തിയ ബലപ്രയോഗത്തിനും മര്‍ദനത്തിനുമിടെ ഉത്തമന്റെ വാരിയെല്ല് പൊട്ടി രക്തസ്രാവമുണ്ടായി മരണം സംഭവിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കഴുത്തിന് താഴെയും മുറിവേറ്റ പാടുണ്ട്. അതില്‍നിന്നു രക്തം പുറത്തേക്ക് ഒഴുകിയ നിലയിലുമായിരുന്നു. ഉത്തമനോട് മദ്യപാനിയായ ഉദയകുമാര്‍ നിരന്തരം വഴക്കുണ്ടാക്കുകയും മര്‍ദിക്കുകയും പതിവായിരുന്നുവെന്ന് ഇളയമകന്‍ ഉല്ലാസും ഉത്തമന്റെ സഹോദരിയും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
സംഭവദിവസം അച്ഛനൊപ്പം മൂത്തമകന്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇളയമകന്‍ ഉല്ലാസ് സുഹൃത്തിന്റെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി വൈകീട്ട് നാലോടെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അച്ഛന്‍ അവശനിലയില്‍ കിടക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ജ്യേഷ്ഠനുമായി വഴക്കുണ്ടാക്കി വീണ്ടും വീട്ടില്‍ നിന്നിറങ്ങിപ്പോയതായും ഉല്ലാസ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. സംഭവദിവസം രാവിലെമുതല്‍ മദ്യംവാങ്ങി നല്‍കണമെന്നാവശ്യപ്പെട്ട് ഉദയകുമാര്‍ വീട്ടില്‍ വഴക്കുണ്ടാക്കിയതായും സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആണ്‍മക്കള്‍ക്കൊപ്പം വീടിനോടു ചേര്‍ന്നുള്ള ഷീറ്റിട്ട മുറിയിലായിരുന്നു ഉത്തമന്‍ താമസിച്ചിരുന്നത്. മൂത്തമകള്‍ ഉഷാറാണിയും മരുമകന്‍ അനില്‍കുമാറും വിദേശത്താണ്. മറവിരോഗം ബാധിച്ച ഭാര്യ ലക്ഷ്മിക്കുട്ടി മാന്നാറിലുള്ള അഗതിമന്ദിരത്തിലാണ്.
Content Highlights: man arrested for killing his father in kattanam alappuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..