പ്രതീകാത്മക ചിത്രം
മൈസൂരു: സ്ഥിരമായി വഴക്കുപറഞ്ഞിരുന്ന മുത്തശ്ശിയെ കൊലപ്പെടുത്തി മൃതദേഹവുമായി ഒരുപകല്‍ കാറില്‍ കറങ്ങിയ യുവാവ് ഒടുവില്‍ മൃതദേഹം കുഴിയിലിട്ട് കത്തിച്ചു. മൈസൂരുവിലെ ഗായത്രിപുരം ലേഔട്ട് നിവാസി സുപ്രീതി(23)യാണ് മുത്തശ്ശിയായ സുലോചന (73)യെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.
മേയ് 30-ന് മൈസൂരു ജില്ലയിലെ സാഗരകട്ടെ ഗ്രാമത്തിനുസമീപത്തെ കെ.ആര്‍.എസ്. കായല്‍ തീരത്തുനിന്ന് ഒരു വയോധികയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നസര്‍ബാദ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ആളെ കാണാനില്ലെന്ന പരാതിയുമായി സംഭവത്തിന് സാമ്യമുണ്ടെന്ന് കണ്ടെത്തി. മുത്തശ്ശിയെ കാണാനില്ലെന്ന് ചെറുമകനായ സുപ്രീതാണ് പരാതി നല്‍കിയിരുന്നത്. ഇതോടെ സംശയംതോന്നി സുപ്രീതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സുലോചന, സുപ്രീതിനെ സ്ഥിരമായി വഴക്കുപറഞ്ഞിരുന്നു. മേയ് 28-ന് സമാന സംഭവം ആവര്‍ത്തിച്ചപ്പോള്‍ പ്രതി മുത്തശ്ശിയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞശേഷം കാറിനകത്ത് ഒളിപ്പിച്ചു. പിന്നീട് ആ കാറുമായി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങുകയും ചെയ്തു. ഇതിനുശേഷം സാഗരകട്ടെയിലെത്തി കെ.ആര്‍.എസ്. കായല്‍ തീരത്ത് കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Content Highlights: man arrested for killing grand mother in mysuru
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..