പ്രതീകാത്മക ചിത്രം / മാതൃഭൂമി
ഹൈദരാബാദ്: ഭാര്യ മട്ടണ്‍ കറി പാകം ചെയ്യാത്തതിന് പോലീസിനെ വിളിച്ച് പരാതി പറഞ്ഞ യുവാവ് അറസ്റ്റില്‍. തെലങ്കാനയിലെ ചെര്‍ള ഗൗരറാം സ്വദേശി നവീനെയാണ് നല്‍ഗോണ്ട പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ അടിയന്തര സഹായം ലഭ്യമാക്കുന്ന നമ്പറായ 100-ലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയതിനാണ് യുവാവിനെ പിടികൂടിയത്.
വെള്ളിയാഴ്ച രാത്രിയാണ് മട്ടണ്‍ കറി പാകം ചെയ്യാത്തതിനെച്ചൊല്ലി നവീനും ഭാര്യയും തമ്മില്‍ വഴക്കുണ്ടായത്. രാത്രി ഭക്ഷണത്തിന് ഭാര്യ മട്ടണ്‍ കറി ഉണ്ടാക്കിയിട്ടില്ലെന്ന് അറിഞ്ഞതോടെ യുവാവ് പ്രകോപിതനായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ഇതിനുപിന്നാലെയാണ് യുവാവ് 100-ല്‍ വിളിച്ച് പരാതി പറഞ്ഞത്.
ആദ്യതവണ വിളിച്ചപ്പോള്‍ തന്നെ ഭാര്യ മട്ടണ്‍ കറി പാകം ചെയ്തില്ലെന്ന പരാതി യുവാവ് പോലീസിനെ അറിയിച്ചു. എന്നാല്‍ മദ്യലഹരിയില്‍ വിളിച്ചതാകുമെന്നാണ് കണ്‍ട്രോള്‍ റൂമിലെ പോലീസുകാര്‍ കരുതിയത്. പക്ഷേ, ഇതിനുശേഷം തുടര്‍ച്ചയായി അഞ്ചുതവണയാണ് ഇതേ പരാതി ഉന്നയിച്ച് നവീന്‍ 100-ലേക്ക് വിളിച്ചത്.
ഇതോടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്ക് സന്ദേശമെത്തി. ഉടന്‍തന്നെ പോലീസ് പട്രോളിങ് സംഘം നവീന്റെ വീട്ടിലെത്തിയെങ്കിലും ഇയാള്‍ തളര്‍ന്നുകിടന്നുറങ്ങുകയായിരുന്നു. ഇതോടെ പോലീസ് സംഘം മടങ്ങിപ്പോവുകയും പിറ്റേദിവസം രാവിലെ വീട്ടിലെത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Content Highlights: man arrested for calling police repeatedly after wife refused to cook mutton curry in telangana
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..