താഹിർ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരുകിലോയിലധികം സ്വര്‍ണവുമായി യുവാവ് പോലീസ് പിടിയില്‍. മലപ്പുറം മഞ്ചേരി സ്വദേശി താഹിറി(28)നെയാണ് 1.018 കിലോഗ്രാം സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടിയത്. ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 54 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ട് 6.30-ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് താഹിര്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ക്കൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുന്നതിനിടെ പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്തു.
ചോദ്യംചെയ്യലില്‍ തന്റെ കൈയില്‍ സ്വര്‍ണമില്ലെന്നായിരുന്നു താഹിറിന്റെ മറുപടി. ലഗേജുകളടക്കം പരിശോധിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല. ആശുപത്രിയില്‍ നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളില്‍ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്.
കടത്തുസ്വര്‍ണം വാങ്ങാനായി വിമാനത്താവളത്തിന് പുറത്ത് ആളുണ്ടാകുമെന്നാണ് ഷാര്‍ജയില്‍നിന്ന് സ്വര്‍ണം കൊടുത്തുവിട്ടവര്‍ യുവാവിനോട് പറഞ്ഞിരുന്നത്. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 80-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.
Content Highlights: man arrested by police in karipur airport for gold smuggling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..