മമ്പാട് തുണിക്കടയുടെ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്ന മുറി. ഇതിനകത്താണ് മുജീബ് തൂങ്ങിമരിച്ചത്, മുജീബ്
നിലമ്പൂര്‍: മമ്പാട് തുണിക്കടയുടെ ഗോഡൗണില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവാവിന് ക്രൂരമായ മര്‍ദനമേറ്റതായി കണ്ടെത്തി. മര്‍ദനം സഹിക്കവയ്യാതെയാണ് യുവാവ് ആത്മഹത്യചെയ്തതെന്നാണ് പോലീസ് കരുതുന്നത്. കോട്ടയ്ക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാനെയാണ് ശനിയാഴ്ച ഉച്ചയോടെ ഗോഡൗണില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുജീബിനെ താമസസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവന്ന് തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ച 12 പേരുടെ അറസ്റ്റ് നിലമ്പൂര്‍ പോലീസ് രേഖപ്പെടുത്തി. ഇവരെ റിമാന്‍ഡ്ചെയ്തു. തുണിക്കടയുടമ മഞ്ചേരി കാരക്കുന്ന് സ്വദേശികളായ മൂലത്ത് അബ്ദുള്ഷഹദ് (ബാജു-23), നടുവന്തൊടിക ഫാസില്‍ (23), കൊല്ലേരി മുഹമ്മദ് മിഷാല്‍ (22), ചിറക്കല്‍ മുഹമ്മദ് റാഫി (23), പയ്യന് ഷബീബ് (28), പുല്‍പ്പറ്റ സ്വദേശി ചുണ്ടാംപുറത്ത് ഷബീര്‍ അലി (കിളി-23), മരത്താണി സ്വദേശി മേച്ചേരി മുഹമ്മദ്റാഫി (27), മംഗലശ്ശേരി സ്വദേശി നമ്പന്‍കുന്നന്‍ മര്വാന് (മെരു-23), കാരാപറമ്പ് സ്വദേശി വള്ളിപ്പാടന് അബ്ദുള്‍ അലി (36), നറുകര സ്വദേശി പുത്തലത്ത് ജാഫര്‍ (26), മഞ്ചേരിയിലെ വാടകസ്റ്റോര്‍ ഉടമ കിഴക്കേത്തല സ്വദേശി പെരുംപള്ളി കുഞ്ഞഹമ്മദ് (56), ഇയാളുടെ മകന് മുഹമ്മദ് അനസ് (25) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
കരാറടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ ചെയ്യുന്നയാളാണ് മരിച്ച മുജീബ്. രണ്ടുമാസം മുന്‍പ് ഷഹദിന്റെ മഞ്ചേരി തൃക്കലങ്ങോട് 32-ലുള്ള ഹാര്‍ഡ്വെയേഴ്സില്‍നിന്ന് 64,000 രൂപയുടെ സാധനങ്ങള്‍ കടംവാങ്ങി. പണം നല്‍കിയില്ല. മുജീബ് താമസം മാറിയതായും അറിഞ്ഞു. തുടര്‍ന്ന് ഷഹദ് കൂട്ടുകാരുമായിച്ചേര്ന്ന് മുജീബിനെ തട്ടിക്കൊണ്ടുവരാന്‍ പദ്ധതിയിട്ടു. ഇതിനായി മുജീബിന്റെ സഹായികളായി ജോലിചെയ്തിരുന്ന മഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുള്‍ അലിയുടെയും ജാഫറിന്റെയും സഹായംതേടി. ഇവര്‍ക്ക് 10,000 രൂപയും ഷഹദ് വാഗ്ദാനംചെയ്തു.
കൂട്ടുപ്രതികളുടെ സഹായത്തോടെ മുജീബിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുവന്ന് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിക്കുകയായിരുന്നു. മമ്പാടുള്ള തുണിക്കടയുടെ ഗോഡൗണിലെത്തിച്ചും മര്‍ദിച്ചശേഷം മുറിയില്‍ പൂട്ടിയിട്ടു. പ്രതികള്‍ അടുത്തദിവസം വന്നപ്പോള്‍ മുജീബ് തൂങ്ങിമരിച്ചതായാണു കണ്ടത്.
മറ്റു പലര്‍ക്കും മുജീബ് പണം നല്കാനുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. അവരും മര്‍ദനത്തില്‍ പങ്കാളികളായതിനാല്‍ കേസില്‍ പ്രതികളാണ്.
ചിലര്‍ ഒളിവിലാണ്. ഇവര്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈ.എസ്.പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, സബ് ഇന്‍സ്പെക്ടര്‍മാരായ നവീന്‍ ഷാജ്, എം. അസ്സൈനാര്‍, അഡീഷണല്‍ സബ് ഇന്‍സ്പെക്ടര്‍മാരായ വി.കെ. പ്രദീപ്, റെനി ഫിലിപ്പ്, സതീഷ്കുമാര്‍, കെ. അനില്‍കുമാര്‍, എ. ജാഫര്‍, എന്‍.പി. സുനില്‍, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.
മുജീബിനെ മര്‍ദിച്ചത് പഴയ ബാങ്ക് സ്ട്രോങ് റൂമില്‍
നിലമ്പൂര്‍: കോട്ടയ്ക്കല്‍ പുലിക്കോട്ടില്‍ മുജീബ് റഹ്മാനെ തട്ടിക്കൊണ്ടുവന്ന സംഘം ഇദ്ദേഹത്തെ പാര്‍പ്പിച്ചത് ബാങ്കിന്റെ സ്ട്രോങ് റൂമായി ഉപയോഗിച്ചിരുന്ന വായുവും വെളിച്ചവുമെത്താത്ത മുറിയില്‍. മുഖ്യപ്രതി ഷഹദ് നടത്തുന്ന തുണിക്കടയുടെ ഗോഡൗണായാണ് ഇത് ഉപയോഗിച്ചുവന്നത്. നേരത്തെ വിജനസ്ഥലത്ത് വെച്ച് മര്ദിച്ചതിനുപുറമെ ഇവിടെയിട്ടും ക്രൂരമായി മര്‍ദിക്കുകയും ഒടുവില്‍ മുജീബ് ജീവനൊടുക്കുകയുമായിരുന്നു. മുജീബിന്റെ തല മുതല്‍ കാല്‍പ്പാദം വരെ മുറിവേറ്റ പാടുണ്ട്. ദേഹമാസകലം വടികൊണ്ട് അടിയേറ്റ പാടുകളുമുണ്ട്.
ഷഹദിന്റെ കൂട്ടുപ്രതി അബ്ദുള്‍ അലിക്കും മുജീബ് പണം കൊടുക്കാനുണ്ടായിരുന്നു. ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലം മനസ്സിലാക്കിയ അബ്ദുള്‍ അലി, ജാഫറിനേയും കൂട്ടി മുജീബിന്റെ ജോലിസ്ഥലത്തെത്തി പണം തിരികെ ചോദിച്ചു. തുടര്‍ന്ന് വാക്ക്തര്‍ക്കവും ഉന്തും തള്ളലുമായി. ഇവിടുന്ന് മടങ്ങിപ്പോയ അബ്ദുള്‍ അലിയും ജാഫറും പിന്നീട് മഞ്ചേരിയില്‍ എത്തി ഷഹദിനെയും മഞ്ചേരിയില്‍ വാടകസ്റ്റോര്‍ നടത്തുന്ന കുഞ്ഞഹമ്മദിനെയും മകന് മുഹമ്മദ് അനസിനെയും തുറക്കല്‍ എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി.
കടയില്‍ നിന്ന് വാടകക്കെടുത്ത സാധനങ്ങള്‍ തിരിച്ചു കൊടുക്കാത്തതിനാല്‍ ഇവരും മുജീബിനെ അന്വേഷിച്ച് നടക്കുകയായിരുന്നു. ഷഹദും സുഹൃത്ത് മഞ്ചേരി മാലാംകുളം സ്വദേശി ഷാഹുലും കാറില്‍ തുറക്കലെത്തി. അവിടെവെച്ച് എല്ലാവരും ചേര്‍ന്ന് മുജീബിനെ ബലമായി പിടിച്ചുകൊണ്ടു വന്ന് പണം തിരിച്ചുവാങ്ങാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഷഹദിന്റെ കാറിലും ജാഫറിന്റെ ഓട്ടോറിക്ഷയിലുമായി ഓമാനൂരിലെ മുജീബിന്റെ താമസ സ്ഥലത്തെത്തിയ പ്രതികള്‍ മുജീബിനെ ബലമായി കാറില്‍ കയറ്റി തട്ടിക്കൊണ്ടു വരികയും കാരക്കുന്ന് ഹാജ്യാര് പള്ളി എന്ന സ്ഥലത്തെ വിജനമായ മൈതാനത്തിലെത്തിച്ച് കൈകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
പണം അടുത്ത ദിവസം രാവിലെ എത്തിച്ചു തരാമെന്ന് അറിയിച്ചിട്ടും പ്രതികള്‍ മര്‍ദനം തുടര്‍ന്നു. നിലവിളിക്കാന്‍ ശ്രമിച്ച മുജീബിന്റെ വായില്‍ തുണിതിരുകി. മര്‍ദനത്തിന്റെ ഫോട്ടോ പ്രതികള്‍ ഭാര്യക്ക് അയച്ചു കൊടുക്കുകയും ചെയ്തു. പണം കിട്ടാതെവന്നപ്പോള്‍ പണം കിട്ടിയിട്ടേ നീ പുറംലോകം കാണൂ എന്നു ഭീഷണിപ്പെടുത്തി പ്രതികള്‍ ഷഹദിന്റെ ഉടമസ്ഥതയിലുള്ള മമ്പാട് സുലു തുണിക്കടയോട് ചേര്‍ന്നുള്ള ഗോഡൗണില്‍ മുജീബിനെ എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 18-ന് പുലര്‍ച്ചെ കാറില്‍ക്കയറ്റി ഗോഡൗണില്‍ എത്തിച്ചു. കസേരയില്‍ ഇരുത്തി കൈകാലുകള്‍ ബന്ധിച്ച് മര്‍ദനം തുടര്‍ന്നു. രാവിലെ ടൗണില്‍ ആളുകള്‍ എത്താന്‍ തുടങ്ങിയപ്പോള്‍ പ്രതികള്‍ മര്‍ദനം അവസാനിപ്പിച്ച് മുറിയില്‍ പൂട്ടിയിട്ട് പുറത്തേക്കു പോയി. പത്തു മണിയോടെ തിരിച്ചെത്തി ഗോഡൗണ്‍ തുറന്നുനോക്കിയപ്പോള്‍ മുജീബ് തൂങ്ങിനില്‍ക്കുന്നതാണ് കണ്ടത്.
ഉടനെ മൃതദേഹം കെട്ടഴിച്ച് നിലത്തുകിടത്തി തുണിയിട്ടു മൂടുകയായിരുന്നു. കസേരയിലെ കെട്ടഴിച്ച മുജീബ് രക്ഷപ്പെടാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലും പറഞ്ഞ സമയത്ത് പണം തിരിച്ചുകൊടുക്കാന്‍ നിവൃത്തിയില്ലാതെ ഗോഡൗണിലുണ്ടായിരുന്ന തുണി ഉപയോഗിച്ച് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഒന്നാംപ്രതി ഷഹദിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റു വാഹനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..