സാജുവും അഞ്ജുവും, കൃഷ്ണമ്മ
കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ ഭര്‍ത്താവ് സാജു നേരത്തെയും ഉപദ്രവിച്ചിരുന്നതായി അമ്മയുടെ വെളിപ്പെടുത്തല്‍. സൗദിയില്‍ ജോലിചെയ്യുന്ന സമയത്താണ് മകളെ സാജു ഉപദ്രവിച്ചിരുന്നതെന്നും സാജു ഒരു ക്രൂരനാണെന്നും അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
നഴ്‌സായ അഞ്ജുവും ഭര്‍ത്താവ് സാജുവും നേരത്തെ സൗദിയിലാണ് ജോലിചെയ്തിരുന്നത്. ഈ സമയത്ത് അഞ്ജുവിന്റെ അമ്മയും കുറച്ചുകാലം ഇവരോടൊപ്പമുണ്ടായിരുന്നു. ഇതിനിടെയാണ് അഞ്ജുവിനെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതിനും ഇവര്‍ സാക്ഷിയായത്.
'മുറി അടച്ചിട്ടാണ് മകളെ ഉപദ്രവിച്ചിരുന്നത്. ഒരിക്കല്‍ ഞാന്‍ കതക് തുറക്കാന്‍ പറഞ്ഞിട്ടും തുറന്നില്ല. ഞാന്‍ കതകില്‍ ചവിട്ടി നോക്കി. പിന്നീട് മുറി തുറന്ന് അവന്‍ ഇറങ്ങിപ്പോയി. എന്താണ് കാര്യമെന്ന് മകളോട് ചോദിച്ചപ്പോള്‍ ഒന്നും മിണ്ടേണ്ട, പൊയ്‌ക്കോട്ടെ എന്നായിരുന്നു മകളുടെ മറുപടി'- കൃഷ്ണമ്മ പറഞ്ഞു.
തല്ലിക്കൊല്ലുകയാണെന്ന് പറഞ്ഞാണ് മകള്‍ അന്ന് ഒച്ചവെച്ചത്. അയാള്‍ ഒരു ക്രൂരനാണ്. സൗദിയില്‍ രണ്ടുപേര്‍ക്കും ജോലിയുണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടണില്‍ എത്തിയപ്പോള്‍ സാജുവിന് ജോലി ശരിയായില്ലെന്നും ഇവര്‍ പറഞ്ഞു.
അഞ്ജുവിന്റെയും കുഞ്ഞുങ്ങളുടെയും മൃതദേഹങ്ങള്‍ അവസാനമായി ഒരുനോക്ക് കാണണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഏകദേശം 30 ലക്ഷത്തോളം രൂപ ചെലവ് വരും. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
അതിനിടെ, അഞ്ജുവിന്റെ മരണം കൊലപാതകമാണെന്ന് ബ്രിട്ടീഷ് പോലീസ് കോട്ടയത്തെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ ബ്രിട്ടീഷ് പോലീസ് കുടുംബത്തെ അറിയിച്ചത്. ഷാളോ കയറോ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് അഞ്ജുവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ബ്രിട്ടണില്‍ നഴ്‌സായ വൈക്കം കുലശേഖരമംഗലം സ്വദേശി അഞ്ജു(39) മക്കളായ ജീവ(ആറ്) ജാന്‍വി(നാല്) എന്നിവരെ കഴിഞ്ഞദിവസമാണ് കെറ്ററിങ്ങിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് കണ്ണൂര്‍ പടിയൂര്‍ സ്വദേശി സാജു(52)വിനെ കഴിഞ്ഞദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും 2012-ല്‍ ബെംഗളൂരുവില്‍വെച്ചാണ് വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ഒരുവര്‍ഷംമുമ്പാണ് കെറ്ററിങ്ങില്‍ താമസത്തിനെത്തിയത്.
Content Highlights: malyali nurse anju and children murder case in britain, anju's mother reveals about saju's cruelty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..