File Photo | Mathrubhumi
നെടുമ്പാശ്ശേരി: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഏജന്റ് 22 ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് മുങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയത്. ഇതോടെ ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയും പണം നല്‍കിയവര്‍ പെരുവഴിയിലായി.
ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി തങ്കപ്പന്‍ എന്നയാളാണ് പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 22-ഓളം പേരെ കബളിപ്പിച്ചത്. മലേഷ്യയിലെ ഇലക്ട്രോണിക് കമ്പനിയില്‍ സെയില്‍സ്മാന്‍, സര്‍വീസ് എന്നീ വിഭാഗങ്ങളിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് 1.5 ലക്ഷം രൂപ വീതമാണ് അഞ്ചുമാസം മുന്‍പ് വാങ്ങിയത്. ചെന്നൈയില്‍ മെഡിക്കല്‍ പരിശോധനയും പൂര്‍ത്തിയാക്കി.
മലേഷ്യക്ക് പോകുന്നതിനായി ഞായറാഴ്ച രാത്രി ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലിന് മുന്‍പില്‍ എത്താനാണ് നിര്‍ദേശിച്ചിരുന്നത്. ഉദ്യോഗാര്‍ഥികളില്‍ നിന്നും പാസ്‌പോര്‍ട്ട് ഇയാള്‍ നേരത്തേ കൈപ്പറ്റിയിരുന്നു. വിമാനടിക്കറ്റ്, കമ്പനിയിലെ ജോലി സംബന്ധമായ എഗ്രിമെന്റ് എന്നിവ സഹിതം വൈകീട്ട് ഏഴിന് വിമാനത്താവളത്തില്‍ താന്‍ എത്തുമെന്നും രാത്രി 12.20-നുള്ള മലിന്‍ഡോ എയര്‍ലൈന്‍സില്‍ ക്വലാലംപുരിലേക്കാണ് പോകേണ്ടതെന്നും ഏജന്റ് അറിയിച്ചിരുന്നു.
ഉദ്യോഗാര്‍ഥികള്‍ വൈകീട്ട് അഞ്ചുമണി മുതല്‍ വിമാനത്താവളത്തില്‍ ഏജന്റിനായി കാത്തുനിന്നെങ്കിലും എത്തിയില്ല. രാവിലെ മുതല്‍ ഏജന്റിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാളുടെ ഭാര്യയുടെ പേരിലുള്ള നമ്പറും സ്വിച്ച് ഓഫ് ആണ്. പകല്‍ സമയങ്ങളില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും കബളിപ്പിക്കുമെന്ന് പ്രതീക്ഷിക്കാതിരുന്നതിനാലാണ് വിമാനത്താവളത്തിലേക്ക് തിരിച്ചതെന്ന് പരാതിക്കാരില്‍ ഒരാളായ കോഴിക്കോട് ചേലന്നൂര്‍ വീണപ്രഭയില്‍ ധനീഷ് പറഞ്ഞു.
നേരത്തേയും രണ്ടുവട്ടം നിശ്ചയിച്ച തീയതിയില്‍ യാത്ര മുടങ്ങിയതും ബോധപൂര്‍വമാണെന്ന് ഇപ്പോഴാണ് ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിഞ്ഞത്. കോഴിക്കോട് രാമനാട്ടുകര സ്വദേശി അജിത്ത്, തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശി വിമല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: malaysia job fraud case nedumbassery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..