ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-2 | ഫയൽചിത്രം | ഫോട്ടോ: എ.എൻ.ഐ
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കുകയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്‌തെന്ന കേസില്‍ മലയാളി യുവതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനുവിനെ(31)യാണ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ പരാതിയില്‍ ബെംഗളൂരു വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 8.15-നും 8.40-നും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനായാണ് യുവതി എത്തിയത്. എന്നാല്‍ സമയം വൈകിയതിനാല്‍ വിമാനത്തില്‍ യാത്ര ചെയ്യാനായില്ലെന്നും ഇതോടെയാണ് ബോംബ് ഭീഷണി മുഴക്കുകയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തതെന്നും പോലീസ് പറഞ്ഞു.
ബോര്‍ഡിങ് ഗേറ്റിലെത്തിയ യുവതി ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിങ്ങിനെയാണ് ആക്രമിച്ചത്. അടിയന്തരമായി കൊല്‍ക്കത്തയിലേക്ക് പോകണമെന്നും തനിക്ക് കൊല്‍ക്കത്തയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിമാനത്താവളത്തില്‍ ബോംബ് സ്‌ഫോടനമുണ്ടാകുമെന്നുമാണ് യുവതി ആദ്യം പറഞ്ഞത്. ഇതോടെ സന്ദീപ് സിങ് യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഇത് വകവെയ്ക്കാതെ യുവതി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ യൂണിഫോമില്‍ കുത്തിപിടിക്കുകയും മുഖത്തടിക്കുകയും മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി. പിന്നാലെ വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് മറ്റുയാത്രക്കാരെ പരിഭ്രാന്തിയിലാക്കുകയും ചെയ്തു.
ജീവന്‍ വേണമെങ്കില്‍ എല്ലാവരും വേഗം പുറത്തുപോകണമെന്നും വിമാനത്താവളത്തില്‍ ബോംബുണ്ടെന്നുമായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ കൂടുതല്‍ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി യുവതിയെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.
Content Highlights: malayali woman arrested for creating bomb scare in bengaluru airport
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..