മൈസൂരുവിൽ ബന്ദിയാക്കപ്പെട്ടശേഷം കാളികാവ് പോലീസ് സ്റ്റേഷനിലെത്തിയ വിനോദയാത്രാസംഘം
കാളികാവ്: പള്ളിശ്ശേരിയില്‍നിന്ന് മൈസൂരുവിലേക്ക് വിനോദയാത്രപോയ അഞ്ചംഗ മലയാളിസംഘത്തെ തടഞ്ഞുവെച്ച് രണ്ടരലക്ഷം രൂപയിലേറെ തട്ടിയെടുത്തതായി പരാതി. ഒരുദിവസം ബന്ദികളായി കഴിഞ്ഞ സംഘത്തെ പോലീസ് ഇടപെട്ട് മോചിപ്പിച്ചു.
പി.കെ. ഷറഫുദ്ദീന്‍, പുലിവെട്ടി സക്കീര്‍, ചെറിയ ആലിച്ചെത്ത് ഷറഫുദ്ദീന്‍, ടി. ലബീബ്, പി.കെ. ഫാസില്‍ എന്നിവരാണു നാട്ടില്‍ തിരിച്ചെത്തിയത്. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസും മറ്റു പോലീസുദ്യോഗസ്ഥരും കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ശനിയാഴ്ചയാണ് സംഘം മൈസൂരുവിലേക്ക് വിനോദയാത്ര പോയത്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മൈസൂരുവില്‍ തിരക്കു കൂടുതലായിരുന്നു. ഭക്ഷണത്തിനുപോലും പ്രയാസപ്പെട്ട സംഘത്തെ സഹായിക്കാന്‍ ഒരു ഓട്ടോഡ്രൈവര്‍ എത്തി. ഭക്ഷണം തരപ്പെടുത്തിക്കൊടുത്തശേഷം താമസിക്കാന്‍ ഇടം ഒരുക്കിക്കൊടുക്കാമെന്നു പറഞ്ഞ് ഓട്ടോഡ്രൈവര്‍ ഇവരെ കൂട്ടിക്കൊണ്ടുപോയി ഒരു മുറിയിലാക്കി വാതില്‍ പൂട്ടി കടന്നുകളയുകയായിരുന്നു.
പിന്നീടെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള പതിനൊന്നംഗ സംഘം മലയാളികളെ ക്രൂരമായി മര്‍ദിച്ച് മയക്കുമരുന്ന് ഉപയോഗിക്കുന്ന രൂപത്തില്‍ വീഡിയോ ചിത്രീകരിച്ചു. ഈ ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം കവര്‍ന്നത്. പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചു.
നാട്ടില്‍നിന്ന് ബാങ്ക് മുഖേന വരുത്തിച്ചതടക്കം രണ്ടരലക്ഷം രൂപയും മെബൈല്‍ഫോണുകളും ഈ സംഘം കൈക്കലാക്കി. പിന്നീട് ഇവരെ രഹസ്യതാവളത്തിലേക്കു മാറ്റി.
വിനോദയാത്ര പോയവര്‍ നിരന്തരം പണം ആവശ്യപ്പെട്ടതോടെയാണ് അവര്‍ കുടുങ്ങിയതായി നാട്ടുകാര്‍ മനസ്സിലാക്കിയത്. നാട്ടുകാരായ കൊമ്പന്‍ നാണി, തോളൂരാന്‍ മിദ്ലാജ്, കെ. സാദിഖ് എന്നിവര്‍ കാളികാവ് പോലീസില്‍ വിവരമറിയിച്ച് കര്‍ണാടകയിലേക്കു പുറപ്പെട്ടു. മൈസൂരുവിലെ കെ.എം.സി.സി., കര്‍ണാടക കര്‍ഷകസംഘത്തിലെ കെ.കെ. നഈം തുടങ്ങിയവരും ഇടപെട്ടു. പോലീസ് നടപടിയുള്‍പ്പെടെ പൂര്‍ത്തിയാക്കി വ്യാഴാഴ്ച നാട്ടില്‍ തിരിച്ചെത്തിച്ചു.
മൈസൂരു പാലസിനു സമീപത്തെ എന്‍.ആര്‍. പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടിയതായി നാട്ടില്‍ തിരിച്ചെത്തിയ വിനോദയാത്രാസംഘാംഗങ്ങളും രക്ഷാസംഘത്തിലുള്ളവരും പറഞ്ഞു.
രക്ഷപ്പെട്ടത് സാഹസികമായി...
കാളികാവ്: മൈസൂരുവിലേക്ക് വിനോദയാത്രപോയി കെണിയില്‍ കുടുങ്ങിയ മലയാളിസംഘം രക്ഷപ്പെട്ടത് സാഹസികമായി. അക്രമികള്‍ ഇവരെ രഹസ്യതാവളത്തിലേക്കു മാറ്റുന്നതിനിടെയാണ് സാഹസികരംഗങ്ങള്‍ അരങ്ങേറിയത്.
ഞായറാഴ്ച മൈസൂരുവില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു. മലയാളികള്‍ സഞ്ചരിച്ച കാറിലും കര്‍ണാടക സംഘത്തിന്റെ വാഹനത്തിലുമായാണ് അഞ്ചുപേരെ കത്തിചൂണ്ടി കൊണ്ടുപോയത്. പ്രധാനമന്ത്രി വരുന്നതുമായി ബന്ധപ്പെട്ട് റോഡില്‍ ഗതാഗതതടസ്സം അനുഭവപ്പെട്ട സമയം. വാഹനം പതുക്കെ നീങ്ങുന്നതിനിടയില്‍ സക്കീറും ഷറഫുദ്ദീനും കാറിന്റെ വാതില്‍ തുറന്ന് പുറത്തേക്കുചാടി. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സായുധസേനയുടെ മുന്‍പിലേക്കാണ് ഇവര്‍ ചാടിയത്. സേന രണ്ടുപേരേയും അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കു മാറ്റി. രണ്ടുപേര്‍ രക്ഷപ്പെട്ടതോടെ പിറകിലുണ്ടായിരുന്ന വാഹനം വഴിതിരിച്ചുവിട്ടു. മൂന്നുപേരേയും ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ട് കര്‍ണാടകസംഘം കടന്നുകളഞ്ഞു. മൂന്നുപേര്‍ പിന്നീട് ബസില്‍ കോഴിക്കോട്ടെത്തി. കാളികാവില്‍നിന്ന് പോലീസ്, കര്‍ണാടക പോലീസിന് അയച്ചുകൊടുത്ത മലയാളികളുടെ ചിത്രവും ഇടപെടലും സഹായകമായി. മലയാളി സംഘത്തിന്റെ കാര്‍ പിന്തുടര്‍ന്നാണ് പ്രതികളിലേക്കെത്തിയത്. കാര്‍ ഓടിച്ച കര്‍ണാടക സംഘാംഗം പോലീസ് കെണിയിലായതോടെ മറ്റു പ്രതികളിലേക്ക് എത്താനുള്ള മാര്‍ഗവുമൊരുങ്ങി. കോഴിക്കോട്ടെത്തിയ മൂന്നംഗസംഘത്തെ നിയമനടപടിയുടെ ഭാഗമായി വീണ്ടും മൈസൂരുവിലെത്തിച്ചു.
വായില്‍ തുണിതിരുകി കത്തിചൂണ്ടിയാണ് സംഘം ആക്രമിച്ചതെന്നും മര്‍ദനത്തില്‍ ഒരാള്‍ക്ക് ബോധക്ഷയമുള്‍പ്പെടെ സംഭവിച്ചുവെന്നും നാട്ടില്‍ തിരിച്ചെത്തിയവര്‍ ഞെട്ടലോടെയാണു പറയുന്നത്.
Content Highlights: malayali tourists kidnapped in mysuru rescued


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..