സൂരജ്
തൃശ്ശൂര്‍: പോളണ്ടില്‍ വീണ്ടും മലയാളി കൊല്ലപ്പെട്ടു. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്(24)ആണ് പോളണ്ടില്‍ കുത്തേറ്റ് മരിച്ചത്. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള തര്‍ക്കത്തിനിടെയാണ് സൂരജിന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന നാല് മലയാളികള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടില്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പോളണ്ടില്‍ സ്വകാര്യ കമ്പനിയിലെ സൂപ്പര്‍വൈസറായിരുന്നു സൂരജ്. ഇതേ കമ്പനിയിലെ ജോര്‍ജിയന്‍ പൗരന്മാര്‍ അടുക്കളഭാഗത്തുവെച്ച് സിഗരറ്റ് വലിക്കുന്നത് ചിലര്‍ വിലക്കിയിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ജോര്‍ജിയന്‍ പൗരന്മാര്‍ സൂരജിനെയും മറ്റുള്ളവരെയും കത്തികൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.
അതിനിടെ, ജോര്‍ജിയന്‍ പൗരന്മാരുമായുള്ള തര്‍ക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാന്‍ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടെന്നും പോളണ്ട് മലയാളി അസോസിയേഷന്‍ പ്രതിനിധി ചന്തു മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാള്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിന് ശേഷം ജോര്‍ജിയന്‍ പൗരന്മാര്‍ കെട്ടിടത്തില്‍നിന്ന് ഇറങ്ങിയോടിയെന്നാണ് വിവരം. കെട്ടിടം ഇപ്പോള്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം മറ്റൊരു മലയാളിയും പോളണ്ടില്‍ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് സ്വദേശിയും പോളണ്ടിലെ ഐ.എന്‍.ജി. ബാങ്കില്‍ ഐ.ടി. എന്‍ജിനീയറുമായ എസ്. ഇബ്രാഹിമാണ് കഴിഞ്ഞദിവസം താമസസ്ഥലത്ത് കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍ പോളണ്ട് സ്വദേശിയായ എമില്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
Content Highlights: malayali thrissur native killed in poland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..