അഞ്ജുവും സാജുവും
വൈക്കം: ഇംഗ്ലണ്ടിലെ കെറ്ററിങ്ങില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി, കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറ ചേലേവാലേല്‍ സാജു(52)വിനെതിരേ കൊലക്കുറ്റം ചുമത്തി.
കുലശേഖരമംഗലം ആറായ്ക്കല്‍ അശോകന്റെ മകള്‍ അഞ്ജു (39), മക്കളായ ജീവ(ആറ്), ജാന്‍വി(നാല്) എന്നിവരെ സാജു കൊലപ്പെടുത്തിയെന്നാണ് കേസ്. നോര്‍ത്താംപ്റ്റണ്‍ പോലീസാണ് സാജുവിനെ അറസ്റ്റുചെയ്തത്. ഇയാളെ ബുധനാഴ്ച വീണ്ടും മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കും.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ കെറ്ററിങ്ങിലെ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം വിട്ടുകിട്ടാന്‍ കാത്തിരിക്കുകയാണ് അഞ്ജുവിന്റെ കുടുംബം. നോര്‍ക്ക വഴി ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്
വൈക്കം: അഞ്ജു അശോകന്റെ കുടുംബത്തിന് ആശ്രമം സ്‌കൂളിന്റെ കൈത്താങ്ങ്. അഞ്ജു അശോകന്‍ ആശ്രമം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥിനിയായിരുന്നു. സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ്. യൂണിറ്റ്, മാതൃഭൂമി സീഡ്, സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, ലിറ്റില്‍ കെയ്റ്റ്സ് എന്നിവരാണ് തുക സമാഹരിച്ചത്. സ്‌കൂള്‍ അധികൃതര്‍ അഞ്ജുവിന്റെ വസതിയിലെത്തി അച്ഛന്‍ അശോകന് തുക കൈമാറി.
പ്രിന്‍സിപ്പല്‍മാരായ ഷാജി ടി.കുരുവിള, കെ.എസ്. സിന്ധു ,പ്രഥമാധ്യപിക പി.ആര്‍. ബിജി, എല്‍.പി. സ്‌കൂള്‍ എച്ച്.എം. പി.ടി. ജിനീഷ്, പ്രോഗ്രാം ഓഫീസര്‍ എം.എസ്. സുരേഷ് ബാബു ,അധ്യാപകരായ ഇ.പി. ബീന, സി.എസ്. ജിജി, യൂണിയന്‍ കമ്മിറ്റിയംഗം രാജേഷ് തടത്തില്‍, കുലശേഖരമംഗലം എസ്.എന്‍.ഡി.പി. ശാഖ സെക്രട്ടറി സന്തോഷ്, വൈസ് പ്രസിഡന്റ് ഷൈലജ, വനിതാസംഘം പ്രസിഡന്റ് ഗിരിജ, സെക്രട്ടറി ബിന്നി രമേശന്‍, ധന്യ, മിനി എന്നിവര്‍ പങ്കെടുത്തു.
കുടുംബത്തിന് സഹായവുമായി മലയാളി കൂട്ടായ്മ
കൊല്ലം: ഇംഗ്ലണ്ടിലെ കെറ്ററിങ്ങില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് വൈക്കം സ്വദേശിനി അഞ്ജുവിന്റെയും രണ്ടു മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ മലയാളികളുടെ കൂട്ടായ പരിശ്രമം. രണ്ടുദിവസംകൊണ്ട് പിരിച്ചെടുത്തത് 28,000 പൗണ്ട്. ഇന്ത്യന്‍ തുക 28 ലക്ഷം രൂപ. കെറ്ററിങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷനാണ് ചുരുങ്ങിയ സമയംകൊണ്ട് ഇത്രയധികം തുക സമാഹരിക്കുന്നതില്‍ വിജയംകണ്ടത്. ഇംഗ്ലണ്ടുകാരും മലയാളികളും ഓരോരുത്തര്‍ക്കും ആകുമ്പോലെ സംഭാവനകള്‍ നല്‍കിയപ്പോള്‍ പലതുള്ളി പെരുവെള്ളംപോലെ നല്ലൊരു തുകയായി. മൃതദേഹമെത്തിക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന് അറിഞ്ഞതോടെ ഈ തുക അഞ്ജുവിന്റെ കുടുംബത്തിനു നല്‍കാനും തീരുമാനിച്ചു.
''വലിയ നഗരമല്ല കെറ്ററിങ്. ഗ്രാമംപോലെയുള്ള പ്രദേശമാണ്. എല്ലാവരും നല്ല സഹകരണമാണ്. 300-ഓളം മലയാളി കുടുംബങ്ങള്‍ ഉണ്ടിവിടെ. കേസില്‍ പ്രതിയായ ഭര്‍ത്താവ് സാജുവും ഞങ്ങളുമെല്ലാം ഒന്നിച്ച് ബാഡ്മിന്റണ്‍ കളിക്കുന്നതായിരുന്നു. സംഭവം പെട്ടെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അഞ്ജുവും ഞാനും ബെംഗളൂരുവില്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുമുണ്ട്.''-പണം കണ്ടെത്താന്‍ നേതൃത്വമെടുത്ത മലയാളിയായ സാമൂഹികപ്രവര്‍ത്തകന്‍ സിബു ജോസഫ് പറഞ്ഞു.
കണ്ണൂര്‍ പടിയൂര്‍ കൊമ്പന്‍പാറയിലെ ചെലേവാലന്‍ സാജു(52)വിന്റെ ഭാര്യയും കെറ്ററിങ്ങിലെ ആശുപത്രിയില്‍ നഴ്‌സുമായ അഞ്ജു (39), മക്കളായ ജീവ (ആറ്), ജാന്‍വി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.15-നായിരുന്നു സംഭവം.
Content Highlights: malayali nurse anju murder case britain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..